തിരുവനന്തപുരത്ത് ശിശുക്ഷേമ സമിതിയിലെ അന്തേവാസിയായ രണ്ടര വയസ്സുകാരിയെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ച മൂന്ന് ആയമാര്‍ അറസ്റ്റില്‍. അജിത, മഹേശ്വരി, സിന്ധു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കിടക്കയില്‍ മൂത്രമൊഴിച്ചതിനായിരുന്നു ക്രൂരത. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജി എല്‍ അരുണ്‍ ഗോപിയാണ് സംഭവത്തില്‍ പോലീസിന് പരാതി നല്‍കിയത്. പരാതിയില്‍ പോക്‌സോ നിയമപ്രകാരം കേസെടുത്താണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. കുഞ്ഞിന്റെ മൂത്ത സഹോദരിയായ അഞ്ചുവയസ്സുകാരിയും ഇവിടുത്തെ അന്തേവാസിയാണ്.
മൂന്ന് ആയമാരും കുട്ടിയെ ഉപദ്രവിച്ചുവെന്നാണ് വിവരം. പ്രതികള്‍ക്കെതിരെ മറ്റെന്തെങ്കിലും നടപടി മുന്‍പ് എടുത്തിട്ടുണ്ടോയെന്ന് വ്യക്തമല്ല.
|
ശിശുക്ഷേമ സമിതിയില്‍ 103 ആയമാരാണ് ഉള്ളത്. ഈ ആയമാരെല്ലാം കരാര്‍ ജീവനക്കാരാണ്. പ്രതികളായ മൂന്ന് പേരും വര്‍ഷങ്ങളായി ഇവിടെ ജോലി ചെയ്യുന്നവരാണ്. സ്ഥിരമായി കുട്ടിയെ പരിചരിച്ചിരുന്നവരാണ് ഇവര്‍. മറ്റൊരു ആയ കുട്ടിയെ പരിചരിക്കാനെടുത്തപ്പോഴാണ് ശരീരത്തിലെ മുറിവുകള്‍ ശ്രദ്ധയില്‍പെട്ടത്. പിന്നാലെ വിവരം മേലുദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ശിശുക്ഷേമ സമിതി സെക്രട്ടറി പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഉടന്‍ വിവരം ശിശുക്ഷേമ സമിതി പോലീസിന് കൈമാറി. കുട്ടിയെ വൈദ്യചികിത്സയ്ക്ക് വിധേയമാക്കി. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മ്യൂസിയം പൊലീസ് കുട്ടിയെ സ്ഥിരമായി പരിചരിക്കുന്ന ആയമാരെ ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ കുറ്റസമ്മതം നടത്തുകയായിരുന്നു.
അമ്മ മരിച്ചതിന് പിന്നാലെ അച്ഛനും ജീവനൊടുക്കിയതോടെയാണ് അഞ്ചു വയസുകാരിയെയും രണ്ടര വയസുകാരിയെയും ശിശുക്ഷേമ സമിതിയില്‍ എത്തിച്ചത്. രണ്ടര വയസുകാരി സ്ഥിരമായി കിടക്കയില്‍ മൂത്രമൊഴിക്കാറുണ്ട്. ഇതിന്റെ പേരിലായിരുന്നു ആയ കുട്ടിയുടെ ജനനേന്ദ്രിയത്തിലടക്കം നുള്ളിയത്. മുറിവുകള്‍ സാരമുള്ളതല്ലെന്നും പരിഭ്രാന്തി പരത്തരുതെന്നും ജി എല്‍ അരുണ്‍ ഗോപി പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





