21
Aug 2022
Fri
21 Aug 2022 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തൃശൂർ: സാമ്പത്തിക ബാധ്യത തീർക്കാനായി സ്വത്ത് തട്ടിയെടുക്കാൻ കുന്നംകുളം കീഴൂർ ഇന്ദുലേഖ അമ്മ രുഗ്മിണിയെ കൊന്നത് കൃത്യമായ ആസൂത്രണത്തോടെ. ഓഗസ്റ്റ് 18നാണ് രുഗ്മണിയെ ഛർദി കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ തന്നെ വിഷാംശം ഉള്ളില്‍ ചെന്നതായി ഡോക്ടര്‍ പറ‍ഞ്ഞു. വിദഗ്ധ ചികിത്സയ്ക്കായി തൃശൂര്‍ ജൂബിലി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വിഷാംശം ഉള്ളിൽ ചെന്നതായി ഡോക്ടർമാർ ആവർത്തിച്ചു.

 

‘മോളേ നീ വല്ല വിഷവും എനിക്ക് കലക്കിത്തന്നോ’എന്നായിരുന്നു മരണക്കിടക്കയില്‍ അവശയായ രുഗ്മിണി മകൾ ഇന്ദുലേഖയോട് ചോദിച്ചത്. ‘മരണക്കിടക്കയിലാണ്. അതോര്‍ത്ത് സംസാരിച്ചോ’ എന്നായിരുന്നു ഇതിന് ഇന്ദുലേഖ നൽകിയ മറുപടി. ഇതെല്ലാം കേട്ട് രുഗ്മിണിയുടെ ഭര്‍ത്താവ് ചന്ദ്രന്‍ അടുത്തുണ്ടായിരുന്നു. മകളുടെ ഈ വാക്കുകള്‍ ചന്ദ്രന്‍ പൊലീസിനോട് പറയുകയും ചെയ്തു.

 

തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് രുഗ്മണി മരിച്ചത്. കിഴൂരിൽ 13.5 സെന്റ് സ്ഥലവും വീടുമാണ് ഇവർക്കുണ്ടായിരുന്നത്. മാതാപിതാക്കളുടെ കാലശേഷം ഇത് ഇന്ദുലേഖയ്ക്ക് എഴുതിവച്ചിരുന്നു. എന്നാൽ ഇന്ദുലേഖയ്ക്ക് ഭർത്താവറിയാത്ത എട്ട് ലക്ഷം രൂപയുടെ കടമുണ്ടായിരുന്നു. ഈ കടം വീട്ടാനായി സ്ഥലം പണയം വച്ച് തുക കണ്ടെത്താൻ രുഗ്മിണി സമ്മതിച്ചിരുന്നില്ല. ഇതാണ് കൊലയ്ക്ക് പ്രേരിപ്പിച്ചത്.

 

ഇന്ദുലേഖയുടെ മകന്റെ കീശയിൽ എലിവിഷം കണ്ടിരുന്നതായും അച്ഛൻ മൊഴി നൽകി. വിഷ പായ്ക്കറ്റ് കളയാൻ അമ്മ മകനെ ഏൽപിച്ചിരുന്നു. മകനാകട്ടെ ഇത് മുത്തച്ഛനോട് പറയുകയും ചെയ്തു. ബാക്കി എലിവിഷം വീട്ടില്‍ നിന്ന് പിന്നീട് പൊലീസിന്‍റെ തെളിവെടുപ്പില്‍ കണ്ടെത്തി.

 

ഒരു മാസം മുമ്പ് അച്ഛനെയും ഇതേ രീതിയിൽ കൊല്ലാൻ മകൾ ശ്രമിച്ചിരുന്നു. പാറ്റയെയും ഉറുമ്പിനെയും തുരത്താന്‍ ഉപയോഗിക്കുന്ന വെള്ള നിറത്തിലുള്ള ‘ചോക്ക്’ നഖം കൊണ്ട് ചുരണ്ടി ചായയിൽ കലർത്തി അച്ഛന് നൽകി. ചായയുടെ രുചി മോശമായതിനാൽ അച്ഛൻ കുടിച്ചില്ല. ഭർത്താവിനും അച്ഛനും ചായയിൽ സോപ്പുലായനി കലർത്തി നൽകിയതായും മൊഴി നൽകിയിട്ടുണ്ട്. കൃത്രിമമായി ഭക്ഷ്യവിഷബാധയുണ്ടാക്കാനായിരുന്നു ശ്രമം.

 

ഒരു മാസമായി പനിയുടെ ഗുളികകൾ ഭക്ഷണത്തിൽ കലർത്തി അമ്മയ്ക്കും അച്ഛനും ഇന്ദുലേഖ നൽകിയിരുന്നു. കറിയിൽ ചേർത്താണ് ഇവ നൽകിയിരുന്നത്. കരൾരോഗ ബാധിതരാക്കി ആർക്കും സംശയമില്ലാത്ത രീതിയിൽ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ഇന്ദുലേഖയുടെ മൊബൈൽ ഫോൺ പരിശോധിച്ചതോടെയാണ് വിഷത്തെക്കുറിച്ച് ​ഗൂ​ഗിളിൽ സെർച്ച് ചെയ്തതിന്റെ തെളിവുകൾ ലഭിച്ചത്.

 

മാരകമായ വിഷം ഏത്? ഇത് ഉള്ളിൽ ചെന്നാൽ ലക്ഷണം എന്തൊക്കെ? എന്നിങ്ങനെയുള്ള സെർച്ചുകൾ എന്തിനാണെന്ന ആവർത്തിച്ചുള്ള ചോദ്യത്തിന് മുന്നിൽ ഇന്ദുലേഖ പതറി. പിന്നാലെ നടന്ന ചോദ്യം ചെയ്യലിൽ ഇന്ദുലേഖ കുറ്റം സമ്മതിച്ചു. അമ്മയ്ക്ക് ശേഷം അച്ഛനെ കൊലപ്പെടുത്തിയോ ശാരീരികമായി അവശനിലയിലാക്കിയോ സ്വത്ത് കൈവശപ്പെടുത്താനാണ് ലക്ഷ്യമിട്ടിരുന്നതെന്നും പൊലീസ് പറഞ്ഞു. പത്താം ക്ലാസ് വിദ്യാഭ്യാസമാണ് ഇന്ദുലേഖയ്ക്കുള്ളത്.