26
Oct 2024
Wed
26 Oct 2024 Wed
total land record information can now be obtained with a single click

രാജ്യത്തിനാകെ മാതൃകയായ ഡിജിറ്റല്‍ ലാന്‍ഡ് സര്‍വേ പദ്ധതിയിലൂടെ സംസ്ഥാനത്തെ ഭൂരേഖാ വിവരങ്ങള്‍ ഇനി ഒറ്റ ക്ലിക്കിലൂടെ ലഭിക്കും. ഭൂമിയുടെ കൈമാറ്റം, ഭൂമി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ടെംപ്ലേറ്റ് സംവിധാനം, പ്രീ മ്യൂട്ടേഷന്‍ സ്‌കെച്ച്, സര്‍ട്ടിഫിക്കറ്റ്, ഭൂനികുതി അടവ്, ന്യായവില നിര്‍ണയം, ഓട്ടോമ്യൂട്ടേഷന്‍, ലൊക്കേഷന്‍ സ്‌കെച്ച്, ഭൂമിയുടെ തരംമാറ്റം തുടങ്ങിയ ഒട്ടേറെ സേവനങ്ങള്‍ ഇനി ഈ പോര്‍ട്ടല്‍ വഴി ലഭിക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഓഫീസുകള്‍ കയറിയിറങ്ങാതെ തന്നെ ഇനി പൊതുജനങ്ങള്‍ക്ക് ഭൂമിസംബന്ധമായ ഇടപാടുകള്‍ കാര്യക്ഷമമായും സുതാര്യമായും ലഭ്യമാകും. എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന ലക്ഷ്യം മുന്‍നിര്‍ത്തി കേരളം ആരംഭിച്ച എന്റെ ഭൂമി ഡിജിറ്റല്‍ ലാന്‍ഡ് സര്‍വേ പദ്ധതിയിലൂടെ 212 വില്ലേജുകളിലെ 35.2 ലക്ഷം പാര്‍സലുകളിലായി 4.8 ലക്ഷം ഹെക്ടര്‍ ഭൂമിയുടെ സര്‍വേയാണ് ഇതിനോടകം പൂര്‍ത്തിയാക്കിയത്. കാസര്‍കോട് ജില്ലയിലെ ഉജ്ജാര്‍ ഉള്‍വാര്‍ വില്ലേജില്‍ തുടക്കം കുറിക്കുന്ന എന്റെ ഭൂമി പോര്‍ട്ടല്‍ മൂന്ന് മാസത്തിനകം ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയായ 212 വില്ലേജുകളിലേക്കും വ്യാപിപ്പിക്കും. ഡിജിറ്റല്‍ ലാന്‍ഡ് സര്‍വേ മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് എന്റെ ഭൂമി ഡിജിറ്റല്‍ ഭൂരേഖാ സംവിധാനം യാഥാര്‍ത്ഥ്യമായത്.

ഇന്ത്യയില്‍ ഡിജിറ്റല്‍ ലാന്‍ഡ് സര്‍വേയില്‍ കാര്യമായ പുരോഗതി കൈവരിച്ച ഏക സംസ്ഥാനമാണ് കേരളമെന്നും റവന്യൂ, രജിസ്‌ട്രേഷന്‍, സര്‍വേ വകുപ്പുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന എന്റെ ഭൂമി സമഗ്ര ഭൂവിവര ഡിജിറ്റല്‍ സംവിധാനം ഇന്ത്യയിലെ തന്നെ ആദ്യത്തെ സമഗ്ര ഭൂവിവര ഡിജിറ്റല്‍ സംവിധാനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എന്റെ ഭൂമി സമഗ്ര ഭൂവിവര ഡിജിറ്റല്‍ സംവിധാനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിശാഗന്ധിയില്‍ നിര്‍വ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

സര്‍ക്കാരും ജനങ്ങളും തമ്മിലുള്ള ഇഴയടുപ്പം കൂടുതല്‍ വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി പന്ത്രണ്ട് പുതിയ റവന്യൂ ഇസേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. വസ്തുവിന്മേലുള്ള ബാധ്യത രേഖപ്പെടുത്തുന്നതിനും ഭൂമിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കുന്നതിനും കെട്ടിട നികുതി അപ്പീല്‍ നല്‍കുന്നതിനുമുള്ള ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ സംസ്ഥാനത്ത് നിലവില്‍ ലഭ്യമാണ്. റവന്യൂ റിക്കവറി ഡിജിറ്റല്‍ പേമെന്റ് സംവിധാനവും ഇസര്‍വ്വീസ് മൊബൈല്‍ ആപ്ലിക്കേഷന്‍ പരാതി പരിഹാര സംവിധാനങ്ങളും ഭൂമി സംബന്ധമായ കേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതികളുടെ വിവരം ലഭ്യമാക്കാനുള്ള സംവിധാനവും എല്ലാം ഇസര്‍വീസ് മുഖേനയാക്കിവരികയാണ്.

റവന്യൂ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ നൂതന സാങ്കേതികവിദ്യകളെ പ്രയോജനപ്പെടുത്തുന്നതിനുള്ള ഇടപെടലുകള്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ഡിജിറ്റല്‍ റീസര്‍വ്വേ നടപ്പാക്കിയും സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ ഒരുക്കിയും യുണീക്ക് തണ്ടപ്പേര്‍ ഏര്‍പ്പെടുത്തിയും ഇഗവേര്‍ണന്‍സ് സംവിധാനങ്ങളെ ശക്തിപ്പെടുത്തിയും കേരളത്തിലുള്ളവര്‍ക്കു മാത്രമല്ല, ലോകമെങ്ങുമുള്ള കേരളീയ പ്രവാസി സഹോദരങ്ങള്‍ക്കാകെ ഉപകാരപ്രദമാകുംവിധം റവന്യൂ വകുപ്പിന്റെ സേവനങ്ങള്‍ വ്യാപിപ്പിച്ചിട്ടുണ്ട്. റവന്യൂ വെബ് പോര്‍ട്ടല്‍ വഴി നല്‍കുന്ന സേവനങ്ങള്‍ നിലവില്‍ 10 വിദേശ രാജ്യങ്ങളില്‍ കൂടി ലഭ്യമാണ്. യു കെ, യു എസ് എ, കാനഡ, സിങ്കപ്പൂര്‍, സൗദി അറേബ്യ, യു എ ഇ, ഒമാന്‍, ഖത്തര്‍, കുവൈറ്റ്, ബഹറിന്‍ എന്നീ രാജ്യങ്ങളിലാണ് ആദ്യഘട്ടമായി സേവനങ്ങള്‍ ലഭ്യമാക്കുന്നത്. പടിപടിയായി ഇത് മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും.

സംസ്ഥാനത്ത് ഇപട്ടയങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതും പ്രത്യേക പട്ടയമിഷനു രൂപം നല്‍കിയതും എല്ലാം ഭൂമിയുടെ കൈവശാവകാശം ലഭ്യമാക്കുന്നതിനുള്ള പ്രത്യേക ഇടപെടലുകളാണ്. ഇതിനൊക്കെ പുറമെയാണ് ഐ എല്‍ ഐ എം എസ് പോര്‍ട്ടല്‍ യാഥാര്‍ത്ഥ്യമാക്കിയിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്റെ ഭൂമി സംയോജിത പോര്‍ട്ടലിന്റെ ലോഞ്ചിംഗ് വീഡിയോ മുഖ്യമന്ത്രി സ്വിച്ച് ഓണ്‍ ചെയ്തു.

total land record information can now be obtained with a single click