തൃശൂര്‍: അതിരപ്പിള്ളിയില്‍ ആദിവാസി യുവതി മാസം തികയാതെ വനത്തിനുള്ളില്‍ പ്രസവിച്ചു. പിന്നാലെ നവജാതശിശു കുഞ്ഞ് മരിച്ചു. അതിരപ്പിള്ളി മുക്കന്‍പുഴ ഊരിലെ സുബീഷിന്റെ ഭാര്യ മിനിക്കുട്ടിയാണ് വനത്തില്‍ പ്രസവിച്ചത്. മുക്കുംപുഴ മേഖലയില്‍ നിന്നും വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പെരടി എന്ന സ്ഥലത്തേക്ക് സുബീഷും ഭാര്യ മിനിയും കൂടി കഴിഞ്ഞ ദിവസം പോയതായിരുന്നു. ഈ സമയത്താണ് പ്രശവവേദന അനുഭവപ്പെട്ടത്.
|
പെരിങ്ങല്‍ക്കുത്ത് ഡാമിനു സമീപത്തെ വനത്തിനുള്ളില്‍ വെച്ച് മിനിക്കുട്ടിക്ക് വേദന ഉണ്ടാവുകയും സുബീഷ് ഏറെ ദൂരം കാട്ടിലൂടെ നടന്ന് മൊബൈല്‍ നെറ്റ്‌വര്‍ക്കുള്ള സ്ഥലത്ത് വച്ച് ആരോഗ്യവകുപ്പ് അധികൃതരെ വിവരമറിയിക്കുകയും ചെയ്തു.തിരികെ ഭാര്യയുടെ അടുത്തേക്ക് ചെന്നപ്പോഴേക്കും പ്രസവം നടന്നിരുന്നു.
വനംവകുപ്പും ആരോഗ്യപ്രവര്‍ത്തകരും മണിക്കൂറുകള്‍ തിരച്ചില്‍ നടത്തിയ ശേഷമാണ് ദമ്പതികളെ കണ്ടെത്തിയത്. തുടര്‍ന്ന് യുവതിയെ റോഡ് മാര്‍ഗം നാട്ടിലെത്തിക്കാന്‍ കഴിയാതിരുന്നതോടെ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ റിസര്‍വോയറിലൂടെ ചങ്ങാടത്തിലാണ് തിരിച്ച് ഊരില്‍ എത്തിച്ചത്. ഇതിനിടെ കനത്ത മഴയും കാറ്റും ഉണ്ടായത് രക്ഷാപ്രവര്‍ത്തനത്തിന് തടസമുണ്ടാക്കി. മുക്കമ്പുഴയിലെത്തിച്ച യുവതിയെ ആംബുലന്‍സില്‍ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. ഇവര്‍ക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് അധികൃതര്‍ അറിയിച്ചു.
Tribal woman gives birth to baby in forest in athirappilly





