|
കൊച്ചി: വാഹനപരിശോധനയ്ക്കിടെ തൃപ്പൂണിത്തുറ പൊലീസ്റ്റേഷനിൽ കസ്റ്റഡിയിലെടുത്തയാൾ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പൊലീസിനെതിരെ ആരോപണവുമായി നാട്ടുകാർ. തൃപ്പൂണിത്തുറ ഇരുമ്പനം കർഷക കോളനിയിൽ ചാത്തൻവേലിൽ രഘുവരന്റെ മകൻ മനോഹരൻ (52) ആണ് കസ്റ്റഡിയിലിരിക്കെ മരിച്ചത്. മനോഹരനെ പൊലീസ് മർദ്ദിച്ചിരുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം.
ശനിയാഴ്ച രാത്രി 8.45 ഓടെ ഇരുമ്പനം കർഷക കോളനി ഭാഗത്തുവെച്ചാണ് മനോഹരനെ കസ്റ്റഡിയിലെടുത്തത്. ഇരുചക്ര വാഹനത്തിൽ വന്ന മനോഹരൻ പൊലീസ് കൈകാണിച്ചപ്പോൾ വണ്ടി അൽപ്പം മുന്നോട്ട് നീക്കിയാണ് നിർത്തിയത്. ഇതാണ് പൊലീസിനെ പ്രകോപിപ്പിച്ചതെന്ന് നാട്ടുകാർ പറയുന്നു.
എസ്‌ഐ ജിമ്മി ജോസിന്റെ നേതൃത്വത്തിലായിരുന്നു വാഹനപരിശോധന നടത്തിയിരുന്നത്. വാഹനം നിർത്തിയപ്പോൾ പൊലീസ് ഉദ്യോഗസ്ഥൻ മനോഹരനെ മർദ്ദിച്ചതായി ദൃക്‌സാക്ഷിയായ വീട്ടമ്മ രമാദേവി പറഞ്ഞു. മനോഹരനെ പിടിച്ചയുടൻ മുഖത്തടിച്ചു. പൊലീസ് കൈകാണിച്ചിട്ടും നിർത്താത്തത് എന്താണെന്ന് ചോദിച്ചായിരുന്നു മർദനം. മർദ്ദനമേറ്റു തളർന്ന മനോഹരനെ പൊലീസ് ഉന്തിത്തള്ളിയാണ് ജീപ്പിൽ കയറ്റിയതെന്നും രമാദേവി വെളിപ്പെടുത്തി.
സംഭവത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയ്ക്ക് അന്വേഷണ ചുമതല നൽകി. വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ജില്ലാ ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെട്ടു.
മനോഹരനെ മർദ്ദിച്ചു കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് നാട്ടുകാർ ഹിൽപാലസ് പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.





