13
Jun 2026
Thu
13 Jun 2026 Thu
Trivandrum haseena murder

തിരുവനന്തപുരം: തമിഴ്നാട്ടിലെ ചിദംബരത്ത് കണ്ടെത്തിയ മൃതദേഹം നാലാഞ്ചിറയില്‍ ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തി രക്ഷപ്പെട്ട സുരേഷിന്റേതെന്ന് സംശയം. വ്യാഴാഴ്ച രാവിലെയാണ് ചിദംബരത്തെ റെയില്‍വേട്രാക്കില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. തമിഴ്നാട് പോലീസില്‍നിന്ന് ലഭിച്ച വിവരങ്ങള്‍ പ്രകാരം ഇത് സുരേഷിന്റേതാണെന്നാണ് പോലീസ് സംശയിക്കുന്നത്. എന്നാല്‍, ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബുധനാഴ്ച പുലര്‍ച്ചെ 5.45-ഓടെയാണ് നാലാഞ്ചിറ മഠത്തുനട തിരുപ്പതി ഭവനില്‍ വാടകയ്ക്കു താമസിക്കുന്ന ഹസീന(36)യെ കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് സുരേഷ്(46) കാറില്‍ രക്ഷപ്പെട്ടത്. പ്രതിയെ കണ്ടെത്താനായി പോലീസ് വ്യാപകമായ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും പിടികൂടാനായിരുന്നില്ല.

മൊബൈല്‍ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ മൊബൈല്‍ഫോണ്‍ ബുധനാഴ്ച വൈകിട്ട് കിള്ളിപ്പാലത്ത് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ സുരേഷിന്റെ കാര്‍ കരമന കടന്നുപോയതായി സ്ഥിരീകരിച്ചിരുന്നു. പിന്നീട് ബാലരാമപുരത്ത് കാര്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയതായും പറയുന്നുണ്ട്. എന്നാല്‍, ഇക്കാര്യത്തിലും സ്ഥിരീകരണമില്ല.

നിരന്തര വഴക്കിനൊടുവില്‍ കൊലപാതകം

വഴക്കിന് പിന്നാലെയാണ് സുരേഷ് ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. ഹസീനയും സുരേഷും തമ്മില്‍ നിരന്തരം വഴക്കുണ്ടാകുമായിരുന്നു. ചൊവ്വാഴ്ച രാത്രിയും വഴക്കുണ്ടായി. ഒരാഴ്ചയായി ഹസീനയെ കാണാനില്ലായിരുന്നു. ഇതുസംബന്ധിച്ച് സുരേഷ് മണ്ണന്തല പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, ചൊവ്വാഴ്ച തിരികെയെത്തിയ ഹസീന സുഹൃത്തിന്റെ വീട്ടിലായിരുന്നെന്നാണ് പറഞ്ഞത്. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. മണ്ണന്തല പോലീസ് ഇരുവരെയും സ്റ്റേഷനില്‍ വിളിച്ചുവരുത്തി അനുനയിപ്പിച്ച് വിട്ടു. എന്നാല്‍, വീട്ടില്‍ തിരിച്ചെത്തിയ ഇരുവരും വഴക്ക് തുടര്‍ന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്.

കൊലപാതകം നേരില്‍ക്കണ്ട ഇവരുടെ മൂത്തമകള്‍ അമൃതാ സുരേഷാണ് ഫോണില്‍ വിളിച്ച് മണ്ണന്തല പോലീസിനെ വിവരം അറിയിച്ചത്. കൊലപാതകത്തിനുശേഷം കത്തി കുളിമുറിയില്‍ കൊണ്ടുപോയി കഴുകിയശേഷം സുരേഷ് കാറില്‍ കടന്നുകളയുകയായിരുന്നു.

ഹസീനയും സുരേഷും ഇവരുടെ നാലു മക്കളും ബന്ധുവായ സ്ത്രീയ്ക്കൊപ്പം അഞ്ചുമാസം മുന്‍പാണ് ഈ വീട്ടില്‍ താമസിക്കാന്‍ എത്തിയത്. വട്ടിയൂര്‍ക്കാവ് മേലത്തുമേലെ സ്വദേശിയായ സുരേഷും മണക്കാട് സ്വദേശിനിയായ ഹസീനയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. മണ്ണന്തല, വട്ടിയൂര്‍ക്കാവ് മേഖലകളില്‍ വാടകവീടുകളിലാണ് ഇവര്‍ നേരത്തേ താമസിച്ചിരുന്നത്.

രക്ഷപ്പെട്ടശേഷം മകളോട് ഫോണില്‍ ബന്ധപ്പെട്ട് താനും ആത്മഹത്യചെയ്യുമെന്ന് സുരേഷ് പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു. രണ്ടാഴ്ച മുന്‍പ് ആത്മഹത്യാശ്രമത്തെ തുടര്‍ന്ന് സുരേഷ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വിദ്യാര്‍ഥികളായ ആനന്ദ്, അനയ, റോഷന്‍ എന്നിവരാണ് മറ്റു മക്കള്‍.

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക