വാഷിംഗ്ടണ്‍: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന കരാര്‍ അന്തിമ ഘട്ടത്തിലാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യൂറേനിയം ശേഖരം കൈമാറാന്‍ അവര്‍ സമ്മതിച്ചതായും ട്രംപ് അവകാശപ്പെട്ടു. വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
|
‘യൂറേനിയം ശേഖരം (Nuclear Dust) ഞങ്ങള്‍ക്ക് തിരികെ നല്‍കാന്‍ അവര്‍ സമ്മതിച്ചിട്ടുണ്ട്. ചര്‍ച്ചകള്‍ വിജയകരമായി പുരോഗമിക്കുകയാണ്. ഒരു കരാറിലെത്താന്‍ വലിയ സാധ്യതയുണ്ട്,’ ട്രംപ് പറഞ്ഞു.
ഇറാനുമായി കരാറില്‍ ഏര്‍പ്പെടുകയാണെങ്കില്‍ ഹോര്‍മുസ് കടലിടുക്ക് തുറന്നുനല്‍കുമെന്നും എണ്ണ വ്യാപാരം സുഗമമാകുമെന്നും ട്രംപ് അവകാശപ്പെട്ടു. ‘എല്ലാം ശുഭകരമായി നടന്നാല്‍ എണ്ണ ലഭ്യത വര്‍ദ്ധിക്കും, ഹോര്‍മുസ് കടലിടുക്ക് തുറക്കും, എല്ലാം മനോഹരമാകും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കരാര്‍ ഒപ്പിടുന്നത് പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദിലാണെങ്കില്‍ താന്‍ അങ്ങോട്ട് യാത്ര ചെയ്‌തേക്കുമെന്നും ട്രംപ് സൂചിപ്പിച്ചു.
തര്‍ക്കമായിരുന്ന യൂറേനിയം സമ്പുഷ്ടീകരണം
കഴിഞ്ഞ ആഴ്ച ഇസ്ലാമാബാദില്‍ നടന്ന 21 മണിക്കൂര്‍ നീണ്ട ചര്‍ച്ചകളില്‍ യൂറേനിയം സമ്പുഷ്ടീകരണത്തെച്ചൊല്ലിയുള്ള തര്‍ക്കം മൂലം തീരുമാനമാകാതെ പിരിഞ്ഞിരുന്നു. യൂറേനിയം സമ്പുഷ്ടീകരണം 20 വര്‍ഷത്തേക്ക് നിര്‍ത്തിവെക്കണമെന്നായിരുന്നു അമേരിക്കയുടെ ആവശ്യം. എന്നാല്‍ 5 വര്‍ഷത്തേക്ക് മാത്രമേ ഇത് അംഗീകരിക്കാനാവൂ എന്ന നിലപാടിലായിരുന്നു ഇറാന്‍.
അമേരിക്കയുടെ ‘റെഡ് ലൈനുകള്‍’ (നിബന്ധനകള്‍) ഇറാന്‍ അംഗീകരിക്കുകയാണെങ്കില്‍ ഇരുരാജ്യങ്ങള്‍ക്കും ഗുണകരമായ കരാര്‍ ഉണ്ടാകുമെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും നേരത്തെ വ്യക്തമാക്കിയിരുന്നു. ഇറാന്റെ ആണവ പദ്ധതികള്‍ ആയുധ നിര്‍മ്മാണത്തിന് വേണ്ടിയാണെന്ന് അമേരിക്ക ഭയപ്പെടുമ്പോള്‍, അത് സമാധാനപരമായ ആവശ്യങ്ങള്‍ക്കാണെന്നാണ് ഇറാന്‍ ആവര്‍ത്തിക്കുന്നത്.
ട്രംപ് ഇടയ്ക്കിടെ നടത്തുന്ന ഇത്തരം വലിയ അവകാശവാദങ്ങള്‍ക്ക് ഇറാന്‍ അത് നിഷേധിക്കുന്നതു വരെ മാത്രമേ ആയുസ്സുണ്ടാകാറുള്ളു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





