13
Apr 2026
Mon
13 Apr 2026 Mon
US-Iran ceasefire remains on knife edge

 US seized Iranian ship ഹോര്‍മുസ് കടലിടുക്കിന് സമീപം അമേരിക്ക ഏര്‍പ്പെടുത്തിയ നാവിക ഉപരോധം ലംഘിക്കാന്‍ ശ്രമിച്ച ഇറാനിയന്‍ ചരക്കുകപ്പല്‍ യുഎസ് സൈന്യം പിടിച്ചെടുത്തു. ഞായറാഴ്ച സോഷ്യല്‍ മീഡിയയിലൂടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഇക്കാര്യം അറിയിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യുഎസ് നടപടി

‘തൂസ്‌ക’ (Touska) എന്ന് പേരുള്ള കപ്പലിനോട് ഒമാന്‍ കടലിടുക്കില്‍ വെച്ച് യുഎസ് നാവികസേനയുടെ മിസൈല്‍ ഡിസ്‌ട്രോയര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ തയ്യാറായില്ലെന്ന് ട്രംപ് പറഞ്ഞു. തുടന്ന് കപ്പലിന്റെ എന്‍ജിന്‍ റൂമിലേക്ക് വെടിവെച്ചതായും യുഎസ് മറീനുകള്‍ കപ്പല്‍ ഏറ്റെടുത്തതായും അദ്ദേഹം വ്യക്തമാക്കി. കപ്പലില്‍ എന്താണുള്ളതെന്ന് പരിശോധിച്ചു വരികയാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ചൈനയില്‍ നിന്ന് ഇറാനിലെ ബന്ദര്‍ അബ്ബാസ് തുറമുഖത്തേക്ക് വരികയായിരുന്ന കപ്പല്‍ ആറ് മണിക്കൂറോളം നീണ്ട മുന്നറിയിപ്പുകള്‍ അവഗണിച്ചുവെന്നാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പറയുന്നത്.

ഇറാന്റെ മുന്നറിയിപ്പ്

അമേരിക്കയുടേത് സായുധ കടല്‍ക്കൊള്ളയാണെന്നും ഇതിന് ഉടന്‍ തിരിച്ചടി നല്‍കുമെന്നും ഇറാന്റെ ജോയിന്റ് മിലിട്ടറി കമാന്‍ഡ് (ഖാത്തം അല്‍-അന്‍ബിയ) വക്താവ് മുന്നറിയിപ്പ് നല്‍കി. ചൈനയില്‍ നിന്നുള്ള വാണിജ്യ കപ്പലിനെ ആക്രമിച്ചതിലൂടെ ഈ മാസം ആദ്യം നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ അമേരിക്ക ലംഘിച്ചതായും ഇറാന്‍ ആരോപിച്ചു.

ഹോര്‍മുസ് കടലിടുക്കിലെ അനിശ്ചിതത്വം

ലോകത്തിലെ എണ്ണ വ്യാപാരത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കില്‍ ഏപ്രില്‍ 13 മുതലാണ് അമേരിക്ക നാവിക ഉപരോധം ഏര്‍പ്പെടുത്തിയത്. ഇസ്രായേല്‍-ഹിസ്ബുള്ള വെടിനിര്‍ത്തലിന് പിന്നാലെ വെള്ളിയാഴ്ച കടലിടുക്ക് ഇറാന്‍ തുറന്നുകൊടുത്തിരുന്നെങ്കിലും ട്രംപ് ഉപരോധം പിന്‍വലിക്കാന്‍ തയ്യാറായില്ല. തങ്ങളെ കടന്നുപോകാന്‍ അനുവദിക്കാത്ത പക്ഷം മറ്റാരെയും ഹോര്‍മുസ് കടലിടുക്കിലൂടെ കടത്തിവിടില്ലെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖര്‍ ഖാലിബാഫ് പറഞ്ഞു.

ചര്‍ച്ചകള്‍ വഴിമുട്ടുന്നു

ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ പാകിസ്ഥാനിലെ ഇസ്ലാമാബാദില്‍ ചര്‍ച്ചകള്‍ക്ക് യുഎസ് തയ്യാറാണെന്ന് ട്രംപ് അറിയിച്ചിരുന്നെങ്കിലും, രണ്ടാമതൊരു ചര്‍ച്ചയ്ക്ക് തങ്ങള്‍ സമ്മതിച്ചിട്ടില്ലെന്നാണ് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബുധനാഴ്ച അവസാനിക്കുന്ന താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ നീട്ടിക്കൊണ്ടുപോകാനുള്ള സാധ്യതകള്‍ക്ക് ഈ പുതിയ നീക്കം തിരിച്ചടിയായിരിക്കുകയാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക