|
ഇസ്താംബൂള്‍: തുര്‍ക്കിയില്‍ ഇന്ന് പുലര്‍ച്ചെ ഉണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 90 കടന്നു. 447 ഓളം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. നിരവധി കെട്ടിടങ്ങളാണ് തകര്‍ന്നത്. കെട്ടിടങ്ങള്‍ക്കുള്ളില്‍ നിരവധി പേര്‍ കുടുങ്ങികിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. പ്രാദേശിക സമയം പുലര്‍ച്ചെ 4.17ന് 17.9 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. തെക്കുകിഴക്കന്‍ തുര്‍ക്കിയിലെ ഗാസിയാന്‍ടേപിന് സമീപത്തായാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ ആദ്യം 7.8 രേഖപ്പെടുത്തിയ പിന്നീട് 6.7 തീവ്രതയില്‍ വീണ്ടും രൂപപ്പെട്ടു. തുര്‍ക്കിയ്ക്ക് പുറമെ സിറിയയിലും കനത്ത നാശ നഷ്ടം ഉണ്ടായിട്ടുണ്ട്.
ആദ്യ ഭൂകമ്പം ഉണ്ടായി 15 മിനിറ്റിന് ശേഷം 6.7 തീവ്രത രേഖപ്പെടുത്തിയ തുടര്‍ ഭൂചലനം ഉണ്ടായതായി യുഎസ്ജിഎസ് അറിയിച്ചു. സിറിയന്‍ അതിര്‍ത്തിയിലുള്ള തുര്‍ക്കിയുടെ പ്രധാന വ്യവസായ കേന്ദ്രമാണ് ഗാസിയാന്‍ടേപ്. ഇവിടെ നിരവധി കെട്ടിടങ്ങള്‍ക്കടക്കം വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്. അയല്‍രാജ്യമായ സിറിയക്ക് പുറമെ ലെബനോന്‍, സൈപ്രസ് എന്നിവിടങ്ങളിലും ഭൂകമ്പത്തിന്റെ പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടു. സിറിയില്‍ ഇതുവരെ 23 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെ 337 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.



