23
Feb 2023
Tue
23 Feb 2023 Tue

അങ്കാറ: തുർക്കിയിൽ വ്യാപക നാശത്തിനും ആയിരങ്ങളുടെ മരണത്തിനും കാരണമായ ഭൂചലനത്തിൽ വിമാനത്താവള റൺവേ രണ്ടായി പിളർന്നു. തുര്‍ക്കിയിലെ ഹതായ് പ്രവിശ്യയിലുള്ള റണ്‍വെയാണ് തകര്‍ന്നത്. റണ്‍വെയിലെ ടാര്‍മാക്ക് രണ്ടായി പിളര്‍ന്നു. ഇതോടെ മുഴുവന്‍ വിമാന സര്‍വീസുകളും നിര്‍ത്തിവച്ചു. റൺവേ തകർന്നുകിടക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിങ്കളാഴ്ചയുണ്ടായ ശക്തമായ മൂന്ന് ഭൂകമ്പങ്ങളെ തുടര്‍ന്ന് തുര്‍ക്കിയും സിറിയയും തകര്‍ന്നടിഞ്ഞിരിക്കുകയാണ്. 4300ഓളം ആളുകൾക്കാണ് ഇതിനോടകം ജീവൻ നഷ്ടമായത്. അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വന്‍ നാശനഷ്ടമുണ്ടാവുകയും ചെയ്തു. റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടർന്ന് ഡസൻ കണക്കിന് തുടർചലനങ്ങളും ഉണ്ടായി.

തിങ്കളാഴ്ചയിലെ ഭൂകമ്പം പതിറ്റാണ്ടുകൾക്ക് ശേഷമുള്ള തുർക്കിയിലെ ഏറ്റവും വലിയ ദുരന്തമാണെന്ന് പ്രസിഡന്‍റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു. ഭൂകമ്പ ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, തുര്‍ക്കിയില്‍ ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും വലിയ ഭൂചലനമാണ് ആദ്യത്തെ ഭൂകമ്പം.

12 മണിക്കൂറിന് ശേഷം, റിക്ടർ സ്‌കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂകമ്പവും ഉണ്ടായി. കഹ്‌റമൻമാരാസ് പ്രവിശ്യയിലെ എൽബിസ്ഥാൻ ജില്ലയിലാണ് അതിന്‍റെ പ്രഭവ കേന്ദ്രമെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാൽ രണ്ടാമത്തെ ഭൂകമ്പം തുടര്‍ചലനമായിരുന്നില്ലെന്ന് തുർക്കിയിലെ ഡിസാസ്റ്റർ ആൻഡ് എമർജൻസി മാനേജ്‌മെന്‍റ് അതോറിറ്റിയിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

ഭൂകമ്പത്തില്‍ ചെറുതും വലുതുമായ ആയിരക്കണക്കിന് കെട്ടിടങ്ങളാണ് തകര്‍ന്നത്. ഇവയിൽ വീടുകളും കടകളും രണ്ടും മൂന്നും നാലും അതിലേറെയും നിലകളുള്ള കെട്ടിടങ്ങളും ഫ്ലാറ്റുകളുമൊക്കെ ഉൾപ്പെടുന്നു. കണ്ണുചിമ്മുന്ന നേരം കൊണ്ട് വീടുകളും കെട്ടിടങ്ങളും തകര്‍ന്നുവീഴുന്ന ദുരന്ത കാഴ്ചയ്ക്കാണ് തുര്‍ക്കി സാക്ഷ്യം വഹിച്ചത്.

2,000 വർഷത്തിലേറെ പഴക്കമുള്ള തുര്‍ക്കിയിലെ ഗാസിയാൻടെപ് കാസിലും തകർന്ന കെട്ടിടങ്ങളിൽ ഉൾപ്പെടുന്നു. തുര്‍ക്കിയുടെ ഊര്‍ജ സംവിധാനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പ്രാരംഭ ചലനത്തിന്‍റെ ആദ്യ 10 മണിക്കൂറിനുള്ളിൽ 50ലധികം തുടർചലനങ്ങൾ ഉദ്യോഗസ്ഥർ കണക്കാക്കിയിട്ടുണ്ട്. തുടര്‍ചലനങ്ങള്‍ ഇനിയും ഉണ്ടായേക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്.

അതേസമയം, പ്രതിസന്ധിയിൽ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അന്താരാഷ്ട്ര പ്രതികരണം തേടി. ഇതിനിടെ, യൂറോപ്യൻ യൂണിയൻ തുർക്കിയിലേക്ക് രക്ഷാദൗത്യ സംഘങ്ങളെ അയച്ചിട്ടുണ്ടെന്ന് ബിബിസി വ്യക്തമാക്കുന്നു. നെതർലാൻഡ്‌സിൽ നിന്നും റൊമാനിയയിൽ നിന്നുമുള്ള രക്ഷാപ്രവർത്തകർ ഉടന്‍ തന്നെ ദുരന്തസ്ഥലത്ത് എത്തുമെന്നാണ് റിപ്പോർട്ട്.

76 സ്പെഷ്യലിസ്റ്റുകളും ഉപകരണങ്ങളും റെസ്ക്യൂ ഡോഗുകളെയും അയക്കുമെന്ന് യുകെ അറിയിച്ചു. ഫ്രാൻസ്, ജർമനി, ഇസ്രായേൽ, യുഎസ് എന്നീ രാജ്യങ്ങളും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതോടൊപ്പം, റഷ്യയും ഇറാനും സഹായ വാ​ഗ്ദാനവുമായി രം​ഗത്തുവന്നിട്ടുണ്ട്.