കാൽലക്ഷത്തോളം പേരുടെ ജീവനെടുത്ത, വൻ നാശനഷ്ടം വിതച്ച തുർക്കി-സിറിയ ഭൂകമ്പത്തിൽ ദിനംപ്രതി നിരവധി പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തുന്നത്. ഇതിനിടെ പലരും കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ നിന്നും ജീവിതത്തിലേക്ക് തിരികെയെത്തുകയും ചെയ്യുന്നുണ്ട്. എന്നാൽ അഞ്ച് ദിവസത്തോളം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ മരണത്തെ മുന്നിൽക്കണ്ട് കിടന്ന രണ്ട് പിഞ്ഞുകുഞ്ഞുങ്ങളുടെ ജീവിതത്തിലേക്കുള്ള അത്ഭുതകരമായ തിരിച്ചുവരവിന്റെ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
|
ദുരന്തമുണ്ടായി 140 മണിക്കൂറുകൾക്കു ശേഷമാണ് ഏഴ് മാസം പ്രായമുള്ള കുഞ്ഞിന്റെ അത്ഭുത രക്ഷപെടൽ. സിറിയയിലുണ്ടായ ഭൂകമ്പത്തിൽ തകർന്ന കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങിയ ഹംസ എന്ന കുഞ്ഞിനെയാണ് രക്ഷാപ്രവർത്തകർ കണ്ടെത്തിയിതത്. സിറിയയിലെ സതേൺ ഹതായിൽ നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. ഇതോടെോപ്പം 13കാരി എസ്മ സുൽത്താനെയും 27കാരനേയും ഇതേ സമയത്തിനു ശേഷം ജീവനോടെ രക്ഷപെടുത്തി.
തുർക്കിയിലെ ഹതായി പ്രവിശ്യയുടെ തലസ്ഥാനമായ അന്താക്യയിലെ അവശിഷ്ടങ്ങൾക്കടിയിൽ നിന്നാണ് രണ്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. ഭൂകമ്പത്തിന് 128 മണിക്കൂറിന് ശേഷമാണ് കുട്ടിയെ ഇന്നലെ ജീവനോടെ കണ്ടെത്തിയത്. സംഭവത്തെ അത്ഭുതമെന്ന് വിളിച്ച ജനക്കൂട്ടം കൈയടിച്ച് ആഹ്ലാദപ്രകടനം നടത്തുകയും ചെയ്തു. ഇതോടൊപ്പം രണ്ട് വയസുകാരിയേയും ആറ് മാസം ഗർഭിണിയായ യുവതിയേയും ജീവിതത്തിലേക്ക് തിരികെയെത്തിച്ചു.
ഭൂകമ്പം ഉണ്ടായി 133 മണിക്കൂറിന് ശേഷം സെൻട്രൽ കഹ്‌റാമൻമാരസിൽ നിന്നും ആദ്യം 12 വയസുള്ള നെഹിർ നാസ് നർലിയേയും പിന്നീട് അവളുടെ മാതാപിതാക്കളേയും രക്ഷപെടുത്തി. ഭൂകമ്പത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കവെ കോൺക്രീറ്റ് കഷ്ണങ്ങൾ പതിക്കാതിരിക്കാൻ കുഞ്ഞനുജന്റെ തലയ്ക്ക് മുകളിൽ കൈവച്ച് പ്രതിരോധം തീർത്തുകിടന്ന കുരുന്ന് പെൺകുട്ടിയുടെ ചിത്രങ്ങൾ കഴിഞ്ഞദിവസങ്ങളിൽ ഏവരുടേയും കണ്ണുനനയിച്ചിരുന്നു.
ഭൂകമ്പമുണ്ടായി ഒരാഴ്ച്ച പിന്നിടുമ്പോൾ തകർന്നടിഞ്ഞ കോൺക്രീറ്റ് കൂമ്പാരങ്ങൾക്കിടയിൽ നിന്ന് ഇനിയൊരു ജീവൻ കൂടി കണ്ടെത്താനാകില്ലെന്ന നിരാശകൾക്കിടയിലാണ് അതിജീവനത്തിന്റെ പ്രതീകമായി കുരുന്നുകൾ നമ്മെ നോക്കി നിഷ്കളങ്കമായി പുഞ്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് 7.8 തീവ്രതയിൽ തുർക്കിയിലും സിറിയയിലും ഭൂകമ്പമുണ്ടായത്. തുടർന്ന് നിരവധി തുടർ ചലനങ്ങളുമുണ്ടായി.
ഇതിനോടകം 28000 ഓളം പേർക്ക് ജീവൻ നഷ്ടമായ ഭൂകമ്പത്തിൽ പതിനായിരങ്ങൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും 6000ഓളം കെട്ടിടങ്ങൾ നിലംപൊത്തുകയും ചെയ്തു. കൊടും ശൈത്യത്തിലും ഇരു രാജ്യങ്ങളിലും രക്ഷാപ്രവർത്തനം തുടരുകയാണ്. ദുരന്തത്തിന് ഇരയായവരെ പുനരധിവസിപ്പിക്കുകയാണ് ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രധാന വെല്ലുവിളി. ഇരു രാജ്യങ്ങൾക്കും വിവിധ രാജ്യങ്ങൾ സഹായം പ്രഖ്യാപിക്കുകയും രക്ഷാപ്രവർത്തനത്തിനായി സൈന്യമടക്കം എത്തുകയും ചെയ്തിട്ടുണ്ട്.



