അഹമ്മദാബാദ്: ഗുജറാത്തില്‍ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ഭാഗമായി നിര്‍മിച്ചുകൊണ്ടിരുന്ന പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണം മൂന്നായി. തകര്‍ന്നുവീണ താല്‍ക്കാലിക നിര്‍മിതിയുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന തൊഴിലാളികളാണ് മരിച്ചത്.
|
മൂന്ന് തൊഴിലാളികള്‍ മരിച്ചതായി ആനന്ദ് ജില്ലാ എസ് പി ഗൗരവ് ജസാനി പറഞ്ഞു. ചൊവ്വാഴ്ച്ച വൈകീട്ട് അഞ്ച് മണിയോടെ ആനന്ദ് ജില്ലയിലാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ അഗ്‌നിശമന സേനാംഗങ്ങള്‍ ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തകര്‍ സംഭവ സ്ഥലത്തെത്തി. നാല് തൊഴിലാളികളാണ് കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ക്കടിയില്‍ കുടുങ്ങിയത്. ഇതില്‍ രണ്ടുപേര്‍ സംഭവ സ്ഥലത്തും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്.
ALSO READ: ഗസാ യുദ്ധത്തെച്ചൊല്ലി അടി; പ്രതിരോധമന്ത്രിയെ പുറത്താക്കി നെതന്യാഹു
നിര്‍മാണത്തിനായി ഉപയോഗിച്ചിരുന്ന ഗര്‍ഡറുകള്‍ തെന്നിമാറിയതാണ് പാലത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. മുംബൈ- അഹമ്മദാബാദ് നഗരങ്ങളെ ബന്ധിപ്പിക്കുന്ന അതിവേഗ റെയില്‍ ഇടനാഴിയാണ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി.
എന്നാല്‍, പാലം അല്ല തകര്‍ന്നതെന്നും ഫൗണ്ടേഷന്‍ വര്‍ക്കിന് വേണ്ടി താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ സ്റ്റീല്‍ സ്ട്രക്ചറും കോണ്‍ക്രീറ്റ് ബ്ലോക്കുകളുമാണ് തകര്‍ന്നു വീണതെന്ന് നാഷനല്‍ ഹൈസ്പീഡ് റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് അറിയിച്ചു.


