27
Oct 2024
Sun
27 Oct 2024 Sun
Union Minister sends letter in Hindi to DMK MP, MM Abdullah responded in Tamil

ചെന്നൈ: ഹിന്ദി ഭാഷയിലുള്ള കേന്ദ്രമന്ത്രിയുടെ ഓഫിസ് അയച്ച ഔദ്യോഗിക കത്തിന്, എനിക്ക് ഒന്നും മനസ്സിലായില്ലെന്ന് തമിഴില്‍ മാസ്സ് മറുപടി കൊടുത്ത് ഡി.എം.കെ നേതാവും എം.പിയുമായ എം.എം അബ്ദുല്ല. ട്രെയിനിലെ ഭക്ഷണത്തിന്റെ ശുചിത്വം, ഗുണനിലവാരം എന്നിവ സംബന്ധിച്ച് രാജ്യസഭാംഗമായ പുതുക്കോട്ടൈയ എം.എം അബ്ദുല്ല ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് കേന്ദ്ര റെയില്‍വേ, ഭക്ഷ്യസഹമന്ത്രി രവ്‌നീത് സിങ് ഹിന്ദിയില്‍ മറുപടി കൊടുത്തത്. ഈ കത്തിനാണ് തനിക്ക് ഒന്നും മനസ്സിലായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി തമിഴില്‍ അബ്ദുല്ല മറുപടി കൊടുത്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തനിക്ക് ഹിന്ദി അറിയില്ലെന്ന് കേന്ദ്രമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥരെ പലതവണ അറിയിച്ചുവെങ്കിലും ഹിന്ദിയില്‍ തന്നെ ആശയവിനിമയം തുടര്‍ന്നത് അവഹേളനമാണെന്ന് പറഞ്ഞ് അബ്ദുല്ല രണ്ട് കത്തകളുടെയും പകര്‍പ്പ് സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തു. പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രത്യേക ശ്രദ്ധക്ഷണിക്കല്‍ പ്രമേയം അവതരിപ്പിച്ചെന്നും ട്രെയിനുകളില്‍ വിളമ്പുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം മോശമാണന്ന കാര്യമാണ് പ്രമേയത്തില്‍ ഉന്നയിച്ചതെന്നും അബ്ദുല്ല പറഞ്ഞു. 1976ലെ ഔദ്യോഗിക ഭാഷാ ചട്ടപ്രകാരം മിഴ്‌നാട് ഇ കാറ്റഗറിക്ക് കീഴിലായതിനാല്‍ കേന്ദ്രസര്‍ക്കാര്‍ ഇംഗ്ലീഷിലൂടെ മാത്രമേ ആശയവിനിമയം നടത്താവൂവെന്നും എം.പി പറഞ്ഞു.

ഹിന്ദി അടിച്ചേല്‍പ്പില്‍പ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാരിനെതിരേ ഡി.എം.കെ സര്‍ക്കാരും തമിഴ്‌നാട്ടിലെ സംഘടനകളും രംഗത്തുവന്നുകൊണ്ടിരിക്കെയാണ് കേന്ദ്രമന്ത്രിയുടെയും എം.പിയുടെയും പോര്.

ഹിന്ദി ഭാഷ സംസാരിക്കാത്ത തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങളില്‍ ഹിന്ദി സംബന്ധമായ പരിപാടികള്‍ക്ക് പകരം പ്രാദേശിക ഭാഷകളെ പ്രോത്സാഹിപ്പിക്കുന്ന പരിപാടികള്‍ നടത്തണമെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ആവശ്യപ്പെട്ടിരുന്നു.

Union Minister sends letter in Hindi to DMK MP, MM Abdullah responded in Tamil