കല്പറ്റ: നടനും കേന്ദ്രസഹമന്ത്രിയുമായ സുരേഷ് ഗോപി ഉരുള്‍പൊട്ടല്‍ ദുരന്തം നടന്ന വയനാട്ടിലെത്തി. ചൂരല്‍മലയും മുണ്ടക്കൈയും അദ്ദേഹം സന്ദര്‍ശിക്കുക ആണ്. മന്ത്രി പി എ മുഹമ്മദ് റിയാസുമായി സംസാരിച്ച് അദ്ദേഹം സ്ഥിതിഗതികള്‍ വിലയിരുത്തി. വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്റെ നിയമവശങ്ങള്‍ പരിശോധിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ എല്ലാ കാര്യങ്ങളും കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. ദുരന്തം തകര്‍ത്ത പുഞ്ചിരിമട്ടം പ്രദേശവും സുരേഷ് ഗോപി സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. (gopi visits mundakkai chooralmala)
|
ദുരന്ത സ്ഥലത്ത്
നേരില്‍ കണ്ട് മനസിലാക്കുന്ന എല്ലാ കാര്യങ്ങളും കേന്ദ്രസര്‍ക്കാരിനെ അറിയിക്കുമെന്ന് സുരേഷ് ഗോപി അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് നിര്‍ദേശിച്ചതിന് പിന്നാലെയാണ് സുരേഷ് ഗോപി ദുരന്തമുഖത്തെത്തുന്നത്. ദുരന്തത്തെ അതിജീവിച്ചുവന്ന മനുഷ്യരുടെ മാനസികാരോഗ്യത്തിനും അവരുടെ പുനരധിവാസത്തിനുമാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കേണ്ടതെന്ന് സുരേഷ് ഗോപി പറഞ്ഞു.
ദുരന്തം നാശം വിതച്ച മുണ്ടക്കൈയും ചൂരല്‍മലയും സന്ദര്‍ശിച്ച ശേഷം 11 മണിയോടെ അദ്ദേഹം മേപ്പാടിയിലെ മിലിറ്ററി ക്യാമ്പിലെത്തി സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ശേഷം അദ്ദേഹം വിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ കാണും. സംസ്‌കാരം നടക്കുന്ന പൊതുശ്മശാനത്തില്‍ക്കൂടി എത്തിയ ശേഷം അദ്ദേഹം മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കും. ഉച്ചയ്ക്ക് ശേഷം അദ്ദേഹം ഡല്‍ഹിയിലേക്ക് മടങ്ങുമെന്നാണ് അറിയിച്ചത്.
ബെയിലി പാലത്തിലൂടെ വാഹനത്തില്‍ പോയ സുരേഷ് ഗോപി മുണ്ടക്കൈ, പുഞ്ചിരിമട്ടം പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയാണിപ്പോള്‍. ദുരന്തഭൂമി സന്ദര്‍ശിച്ച സുരേഷ് ഗോപി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന സൈനിക ഉദ്യോഗസ്ഥരുമായി സംസാരിച്ചു.
ദുരന്തം സംഭവിച്ച് ആറാം ദിവസമാണ് സുരേഷ് ഗോപി വയനാട് സന്ദര്‍ശിക്കുന്നത്. സുരേഷ് ഗോപിയുടെ സന്ദർശനം വൈകുന്നത് വിവാദമായിരുന്നു. നേരത്തേ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും വയനാട് സന്ദർശിച്ചിരുന്നു.
ആശ്വാസധനം അനുവദിക്കുന്നതിന് നാലു കോടി രൂപ
മുണ്ടക്കൈ – ചൂരൽമല – അട്ടമല ഉരുൾപൊട്ടലിൽ മരിച്ചവരുടെ ആശ്രിതർക്ക് ആശ്വാസ ധനസഹായം നൽകുന്നതിന് സംസ്ഥാന ദുരന്ത നിവാരണ പ്രതികരണ നിധിയിൽ നിന്നു കളക്ടർക്ക് നാല് കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവായി. സംസ്ഥാന ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡ പ്രകാരമാണ് തുക വിനിയോഗിക്കേണ്ടത്.
എല്ലാവർക്കും റേഷൻ സൗജന്യമായി നൽകും
ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലെ ARD 44, 46 എന്നീ റേഷൻകടകളിലെ മുഴുവൻ ഗുണഭോക്താക്കൾക്കും ഈ മാസത്തെ റേഷൻ വിഹിതം പൂർണ്ണമായും സൗജന്യമായി നൽകുമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു. മുൻഗണനാ വിഭാഗക്കാർക്ക് നിലവിൽ സൗജന്യമായും മുൻഗണനേതര വിഭാഗക്കാർക്ക് ന്യായവിലയ്ക്കുമാണ് റേഷൻ നൽകി വരുന്നത്. ദുരന്തബാധിത പ്രദേശങ്ങളായ മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലെ മുൻഗണനേതര വിഭാഗക്കാരായ നീല, വെള്ള കാർഡുകളിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ ഗുണഭോക്താക്കൾക്കും കൂടി പൂർണമായും സൗജന്യമായി റേഷൻ വിഹിതം നൽകാൻ മന്ത്രി നിർദേശം പുറപ്പെടുവിച്ചു.





