ലോൺ ആപ്പുകൾ ഉപയോഗിച്ച് 500 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ 22 യുപി സ്വദേശികള് പിടിയിൽ. നൂറിലേറെ ആപ്പുകൾ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. ഈ ആപ്പുകളുപയോഗിച്ച് നിർണായകവിവരങ്ങൾ ശേഖരിക്കുകയും ഇവ ചൈനീസ് കമ്പനിക്ക് കൈമാറുകയും ചെയ്തുവെന്ന് പൊലീസ് അറിയിച്ചു.
|
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. രണ്ടുമാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയതെന്നും ഡൽഹി, കർണാടക, ഉത്തർപ്രദേശ്, മറ്റു നിരവധി സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ് അരങ്ങേറിയിരുന്നതെന്നും പൊലീസ് വ്യക്തമാക്കി.
ലഖ്നൗ ആസ്ഥാനമായി പ്രവർത്തിക്കുന്ന കോൾ സെന്റർ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ് സംഘത്തിന്റെ പ്രവർത്തനം. ചെറിയ വായ്പകൾ നൽകാമെന്ന വാഗ്ദാനത്തിലൂടെ ആപ്പുകൾ അപേക്ഷകരുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യിപ്പിക്കുകയാണ് ചെയ്തിരുന്നത്. ഇതിനു പിന്നാലെ വായ്പ ഇവരുടെ അക്കൗണ്ടുകളിലെത്തും. ഇതിനു പിന്നാലെ നിരവധി നമ്പരുകളിൽ നിന്ന് ആപ്പ് ഇൻസ്റ്റാൾ ചെയ്ത് വായ്പയെടുത്തവരെ വിളിക്കുകയും മോർഫ് ചെയ്ത നഗ്നഫോട്ടോസ് കൈയിലുണ്ടെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയുമാണ് ചെയ്തിരുന്നതെന്ന് ഡപ്യൂട്ടി പൊലീസ് കമ്മീഷണർ കെപിഎസ് മൽഹോത്ര പറയുന്നു.
ഇങ്ങനെ തട്ടിയെടുക്കുന്ന പണം സംഘം ചൈനയിലേക്ക് ഹവാല ആയോ ക്രിപ്റ്റോകറൻസി വാങ്ങിയോ അയയ്ക്കുകയാണ് ചെയ്തിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികൾ നിരവധി ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ചിരുന്നുവെന്നും ഓരോ അക്കൗണ്ടിലും ദിവസവും ഒരു കോടിയിലേറെ രൂപ നിക്ഷേപിക്കപ്പെട്ടിരുന്നുവെന്നും പൊലീസ് കണ്ടെത്തി.
ക്യാഷ് പോർട്ട്, റുപി വേ, ലോൺ ക്യൂബ് വൗ റുപീ, സ്മാർട്ട് വാലറ്റ്, ജയന്റ് വാലന്റ് , ഹൈ റുപീ, സ്വിഫ്റ്റ് റുപീ, വാലറ്റ് വിൻ, ഫിഷ് ക്ലബ്, യാഹ്ക്യാഷ്, ഐആംലോൺ, ഗ്രോട്രീ, മാജിക് ബാലൻസ്, യോക്യാഷ്, ഫോർച്യൂൺ ട്രീ, സൂപർ കോയിൻ, റെഡ് മാജിക് തുടങ്ങിയ ആപ്പുകളിലൂടെയായിരുന്നു തട്ടിപ്പ്.
പിടിയിലായ സംഘത്തിൽ നിന്ന് 51 മൊബൈൽ ഫോണുകൾ, 25 ഹാർഡ് ഡിസ്ക്, 9 ലാപ് ടോപ്, 19 ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ, മൂന്ന് കാറുകൾ, 4 ലക്ഷം രൂപ എന്നിവ കണ്ടെടുത്തു. ദീപക് കുമാർ എന്നയാളാണ് ഇന്ത്യയിലെ തട്ടിപ്പിന് നേതൃത്വം നൽകിയിരുന്നതെന്നും തട്ടിപ്പ് സംഘത്തിലെ ചൈനീസ് പൗരന്മാരെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.



