18
Mar 2025
Sun
18 Mar 2025 Sun
US airstrikes on Houthi targets in Yemen; 15 killed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സന്‍ആ: യമനിലെ ഹൂതി കേന്ദ്രങ്ങളില്‍ യു.എസ് നടത്തിയ വ്യോമാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. യമന്‍ തലസ്ഥാനമായ സന്‍ആ ഉള്‍പ്പെടെയുള്ള ഹൂതികളുടെ ശക്തികേന്ദ്രങ്ങളിലാണ് അമേരിക്ക വ്യാപക വ്യോമാക്രമണം നടത്തിയത്. പ്രധാനമായും സൈനിക കേന്ദ്രങ്ങള്‍ ആണ് ലക്ഷ്യമിട്ടത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശപ്രകാരമാണ് ഹൂതികള്‍ക്കെതിരായ ആക്രമണം. ഗസ്സ ഉപരോധം തുടരുന്ന ഇസ്രായേലിനെതിരെ ഹൂതികള്‍ രംഗത്തുവന്നതിന് പിന്നാലെയാണ് യു.എസ് നടപടി. 2023 ഒക്ടോബര്‍ മുതല്‍ 2024 മാര്‍ച്ച് വരെ 60 കപ്പലുകളെയാണ് ഹൂതികള്‍ ആക്രമിച്ചത്.

അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ ട്രംപ് ചുമതലയേറ്റതിന് ശേഷം ജനുവരിമുതല്‍ ഹൂതികള്‍ക്കെതിരേയുള്ള നടപടി ആരംഭിച്ചിരുന്നു. ചെങ്കടലില്‍ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം നാലു മാസം മുമ്പ് യുഎസ് യുദ്ധകപ്പലിനു നേരെ ഹൂതികള്‍ നടത്തിയ ആക്രമണത്തിനുള്ള തിരിച്ചടി കൂടിയാണിതെന്ന് പെന്റഗണ്‍ പറഞ്ഞു. ആക്രമണത്തിന് പിന്നാലെ, ഹൂതികളെ തുടച്ചുനീക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കി. ചെങ്കടലിലെ കപ്പലാക്രമണം ഹൂതികള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ വലിയ ദുരന്തമാണ് കാത്തിരിക്കുന്നതെന്ന് പറഞ്ഞ ട്രംപ്, ഹൂതികള്‍ക്ക് പിന്തുണ നല്‍കുന്ന ഇറാന് നേരെയും ഭീഷണി മുഴക്കി. ചെങ്കടല്‍ വഴിയുള്ള കപ്പല്‍ഗതാഗതത്തിന് ഹൂതികള്‍ ഭീഷണി സൃഷ്ടിക്കുകയാണെന്നും അവരെ ഇല്ലാതാക്കുക എന്നതാണ് ലക്ഷ്യമെന്നും ട്രംപ് പറഞ്ഞു.

അതേസമയം, യു.എസ് നടത്തിയ വ്യോമാക്രമണത്തിന് തീര്‍ച്ചയായും മറുപടി നല്‍കുമെന്ന് അല്‍ മസിറ ചാനലിലൂടെ ഹൂതികള്‍ പ്രഖ്യാപിച്ചു. അമേരിക്കയുടെയും ഇസ്രയേലിന്റെയും പതാകയേന്തിയ കപ്പലുകളെ ലക്ഷ്യമിടുമെന്നും ഹൂതികളുടെ നേതാവായ അബ്ദുല്‍ മാലിക് അല്‍ ഹൂതി മുന്നറിയിപ്പ് നല്‍കി.

US airstrikes on Houthi targets in Yemen; 15 killed