19
Feb 2026
Wed
19 Feb 2026 Wed
USS Abraham Lincoln

US military shoots down Iranian drone അറബിക്കടലിലെ യുഎസ് വിമാനവാഹിനിക്കപ്പലിന് സമീപമെത്തിയ ഇറാനിയന്‍ ഡ്രോണ്‍ വെടിവെച്ചിട്ടതായി യുഎസ് സൈന്യം അറിയിച്ചു. എന്നാല്‍ ഗള്‍ഫ് മേഖലയിലെ സംഘര്‍ഷം കുറയ്ക്കുന്നതിനായി ഇറാനുമായുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വാഷിംഗ്ടണ്‍ ഇപ്പോള്‍ ഇറാനുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് ചൊവ്വാഴ്ച വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. എന്നാല്‍ ചര്‍ച്ചകള്‍ എവിടെയാണ് നടക്കുന്നതെന്ന് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.

‘ചര്‍ച്ചകള്‍ എല്ലായിടത്തും നടക്കുന്നുണ്ട്. അവര്‍ എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്നു, അത് വിജയിക്കുമോ എന്ന് നമുക്ക് നോക്കാം. മുന്‍പ് അവര്‍ക്ക് ഒരവസരം ലഭിച്ചിരുന്നു, പക്ഷേ അത് നടന്നില്ല,’ ട്രംപ് പറഞ്ഞു. കഴിഞ്ഞ ജൂണില്‍ യുഎസ് വ്യോമസേനയും നാവികസേനയും ചേര്‍ന്ന് മൂന്ന് ഇറാനിയന്‍ ആണവ നിലയങ്ങള്‍ തകര്‍ത്ത ‘മിഡ്നൈറ്റ് ഹാമര്‍’ (Midnight Hammer) ഓപ്പറേഷനെ പരാമര്‍ശിച്ചുകൊണ്ട്, അത്തരമൊരു സാഹചര്യം വീണ്ടും ഉണ്ടാകാന്‍ ഇറാന്‍ ആഗ്രഹിക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ: യുഎസ് സൈനികരോട് യാത്ര പറഞ്ഞോളാന്‍ ഇറാന്‍; 24 മണിക്കൂര്‍ നിര്‍ണ്ണായകം

സമാധാനത്തിനായുള്ള പ്രാദേശിക നീക്കങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചുദിവസങ്ങളായി സംഘര്‍ഷത്തിന് നേരിയ അയവ് വന്നിട്ടുണ്ട്. ‘അന്തസ്സ്, വിവേകം, യുക്തി’ എന്നീ തത്വങ്ങളില്‍ അധിഷ്ഠിതമായി ‘നീതിയുക്തമായ ചര്‍ച്ചകള്‍’ നടത്താന്‍ വിദേശകാര്യ മന്ത്രിക്കു നിര്‍ദേശം നല്‍കിയതായി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ വ്യക്തമാക്കി.

ഇറാന്‍ ഡ്രോണ്‍ വെടിവെച്ചിട്ടു

യുഎസ് വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണിലെ (USS Abraham Lincoln) ഉദ്യോഗസ്ഥരുടെയും കപ്പലിന്റെയും സുരക്ഷയ്ക്കായി സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് ഇറാനിയന്‍ ഡ്രോണ്‍ വെടിവെച്ചിട്ടതെന്ന് സെന്‍ട്രല്‍ കമാന്‍ഡ് (CENTCOM) വക്താവ് ടിം ഹോക്കിന്‍സ് പറഞ്ഞു. ഇറാന്റെ തെക്കന്‍ തീരത്തുനിന്ന് ഏകദേശം 800 കിലോമീറ്റര്‍ അകലെ വെച്ചാണ് ഷാഹെദ്-139 (Shahed-139) എന്ന ഡ്രോണ്‍ യുഎസ് പോര്‍വിമാനം തകര്‍ത്തത്.

അതേസമയം, അന്താരാഷ്ട്ര സമുദ്രപരിധിയിലുണ്ടായിരുന്ന ഡ്രോണുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി ഇറാന്റെ തസ്‌നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇതിനുപിന്നാലെ, ഹോര്‍മുസ് കടലിടുക്കിലൂടെ പോവുകയായിരുന്ന അമേരിക്കന്‍ ചരക്കുകപ്പലിനെ ഇറാന്റെ വിപ്ലവ ഗാര്‍ഡ് (IRGC) ബോട്ടുകള്‍ തടയാന്‍ ശ്രമിച്ചതായും യുഎസ് ആരോപിച്ചു. എന്നാല്‍ നിയമപരമായ അനുമതിയില്ലാതെ ഇറാന്‍ ജലാതിര്‍ത്തിയില്‍ പ്രവേശിച്ച കപ്പലിന് മുന്നറിയിപ്പ് നല്‍കുക മാത്രമാണ് ചെയ്തതെന്നാണ് ഇറാന്‍ പറയുന്നത്.

വെള്ളിയാഴ്ച ചര്‍ച്ച നടന്നേക്കും

ഡ്രോണ്‍ വെടിവെച്ചിട്ട സംഭവം ചര്‍ച്ചകളെ ബാധിച്ചിട്ടില്ലെന്നാണ് സൂചന. വെള്ളിയാഴ്ച ചര്‍ച്ചകള്‍ നടന്നേക്കും. തുര്‍ക്കിയോ ഒമാനോ ചര്‍ച്ചകള്‍ക്ക് വേദിയായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രംപിന്റെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്കോഫ് ഇറാനിയന്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റും സ്ഥിരീകരിച്ചു.

ചര്‍ച്ചാ വിഷയങ്ങള്‍

ചര്‍ച്ച തങ്ങളുടെ ആണവ പദ്ധതിയില്‍ മാത്രം ഒതുക്കണമെന്നാണ് ഇറാന്റെ നിലപാട്. എന്നാല്‍, ആണവ പദ്ധതിക്ക് പുറമെ ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയെക്കുറിച്ചും പ്രാദേശിക സായുധ ഗ്രൂപ്പുകളുമായുള്ള ഇറാന്റെ ബന്ധത്തെക്കുറിച്ചും ചര്‍ച്ച ചെയ്യണമെന്ന് അമേരിക്ക ആവശ്യപ്പെടുന്നു.

വാഷിംഗ്ടണുമായി നേരിട്ടുള്ള ചര്‍ച്ചകളാണ് ഇറാന്‍ താല്‍പ്പര്യപ്പെടുന്നത്. എന്നാല്‍ മറ്റ് പ്രാദേശിക ശക്തികളെക്കൂടി ഉള്‍പ്പെടുത്താനാണ് അമേരിക്കയുടെ നീക്കം.