അക്ബർ പൊന്നാനി
|
ജിദ്ദ: ഔദ്യോഗിക സന്ദർശനാർത്ഥം ചൊവാഴ്ച കാലത്ത് സൗദി തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ വിമാനത്താവളത്തിൽ നേരിട്ടെത്തി എതിരേറ്റു. പിന്നീട് റിയാദിലെ ഭരണ സിരാകേന്ദ്രവും രാജകൊട്ടാരവുമായ അൽയമാമഃയിൽ എത്തിയ അമേരിക്കൻ പ്രസിഡന്റ്, സംഘാംഗങ്ങൾ എന്നിവരും സൗദി കിരീടാവകാശി, രാജ്യത്തെ ഉന്നതർ എന്നിവരും തമ്മിൽ വിവിധ തലങ്ങളിലുള്ള ചർച്ചകളും സംഭാഷണങ്ങളും അരങ്ങേറി. അത്യുന്നത സംഘവുമായാണ് അമേരിക്കൻ പ്രസിഡന്റിന്റെ സൗദി സന്ദർശനം.
നിരവധി മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ ഉൾപ്പെടുന്ന ഉന്നത സംഘത്തോടൊപ്പം റിയാദിലെ കിംഗ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ ട്രംപിന്റെ പ്രസിഡൻഷ്യൽ വിമാനത്തിന് സൗദിയുടെ എഫ്-15 യുദ്ധവിമാനങ്ങൾ അകമ്പടി സേവിച്ചിരുന്നു. ഉപചാര കാഹളം മുഴക്കിയും പീരങ്കികൾ 21 തവണ വെടിയുതിർത്തും പ്രൗഢ ഗംഭീരമായിരുന്നു ഉന്നതനായ അതിഥിയ്ക്ക് സൗദി അറേബ്യ നൽകിയ വരവേൽപ്പ്.
സൗദിയേക്കുള്ള തന്റെ സന്ദർശനത്തെ ചരിത്രപ്രധാനം എന്ന് അമേരിക്കൻ പ്രസിഡന്റ് വിശേഷിപ്പിച്ചു. രണ്ടാം വട്ടം പ്രസിഡണ്ട് പദവി ഏറ്റെടുത്ത ശേഷം ട്രംപ് നടത്തുന്ന ആദ്യ ഔദ്യോഗിക വിദേശ യാത്ര സൗദിയിൽ നിന്നാണ് തുടങ്ങുന്നതെന്നത് തന്നെ ഏറെ രാജ്യാന്തര ശ്രദ്ധ നേടിയിരുന്നു.
റിയാദിൽ അരങ്ങേറുന്ന സൗദി – യു എസ് ഇൻവെസ്റ്റ്മെന്റ് ഫോറത്തെ ട്രംപ് അഭിസംബോധനം ചെയ്യും. തുടർന്ന് ചരിത്രപ്രസിദ്ധമായ ദിരിയ പ്രദേശത്തും യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായ അൽതുറൈഫിലും പര്യടനം നടത്തുന്ന അമേരിക്കൻ പ്രസിഡണ്ട് ബുധനാഴ്ചയാണ് മറ്റു ഗൾഫ് രാജ്യങ്ങളിലെ ഭരണകർത്താക്കൾ ഒന്നടങ്കം സംബന്ധിക്കുന്ന അമേരിക്കൻ – ഗൾഫ് ഉച്ചകോടിയുടെ ഭാഗമാകുക.
മേഖലയിൽ നിലനിൽക്കുന്ന സംഘർഷങ്ങളുടെയും സുസ്ഥിരതക്ക് നേരെയുള്ള വെല്ലുവിളികളുടെയും വെളിച്ചത്തിൽ യു എസ് – ജി സി സി റിയാദ് ഉച്ചകോടി ഒരു പ്രധാന സംഭവമായി കണക്കാക്കപ്പെടുന്നു. പ്രാദേശിക സുരക്ഷ, സാമ്പത്തിക, സുസ്ഥിര വികസന വിഷയങ്ങൾക്ക് പുറമേ, പലസ്തീൻ, സിറിയ, ലബനാൻ, ഇറാൻ മുതലായ ഫയലുകൾ ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ ഉച്ചകോടി സുപ്രധാന ചർച്ചകൾക്കും ധാരണകൾക്കും സാക്ഷ്യം വഹിക്കുമെന്നാണ് പ്രതീക്ഷ.
ട്രംപിനൊപ്പം യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ട്രഷറി സെക്രട്ടറി സ്കോട്ട് ബസന്റ്, അമേരിക്കയിലെ ശക്തരായ ബിസിനസ് നേതാക്കൾ എന്നിവരുടെ ഒരു സംഘവുമുണ്ട്.
ഖത്തറും യു എ ഇയും ഉൾപ്പെടെ നാല് ദിവസം നീണ്ടുനിൽക്കുന്ന പര്യടനത്തിനിടെ രാഷ്ട്രീയവും സാമ്പത്തികവും വികസനപരവുമായ സുപ്രധാന കരാറുകളും പ്രഖ്യാപനങ്ങളും ഉണ്ടാവുമെന്നുമാണ് പരക്കെയുള്ള പ്രതീക്ഷ. അതാകട്ടെ, മേഖലയിൽ നിലനിൽക്കുന്ന പ്രാദേശിക സംഘർഷങ്ങൾക്കും ആഗോള സാമ്പത്തിക പിരിമുറുക്കങ്ങൾക്കും വലിയ ആശ്വാസം പകരുമെന്നും വിവിധ കോണുകൾ പ്രത്യാശ പ്രകടിപ്പിച്ചു കൊണ്ടിരിക്കയാണ്..
അതോടൊപ്പം, പ്രസിഡന്റ് പദവിയിലെ രണ്ടാം ഊഴത്തിൽ വിദേശ പര്യടനത്തിന്റെ ആദ്യ ലക്ഷ്യമായി സൗദി അറേബ്യയെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തെ യു എസ് – അറബ് ബന്ധങ്ങൾക്കായുള്ള നാഷണല്‍ കൗണ്‍സിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പാട്രിക് മാന്‍സിനോ അഭിനന്ദിച്ചു. മേഖലാ – രാജ്യാന്തര തലങ്ങളിൽ സൗദി അറേബ്യക്കുള്ള തന്ത്രപരമായ സ്ഥാനം സംബന്ധിച്ച ആഴത്തിലുള്ള ധാരണയാണ് അമേരിക്കൻ പ്രസിഡന്റിന്റെ നീക്കത്തിലൂടെ പ്രതിഫലിക്കുന്നതെന്ന് അദ്ദേഹം അടിവരയിട്ടു.
സൗദി അറേബ്യ ഇസ്ലാമിക ലോകത്തിന്റെ ഹൃദയവും രണ്ട് വിശുദ്ധ പള്ളികളുടെ ആസ്ഥാനവുമാണെന്നതിന് പുറമേ മിഡിൽ ഈസ്റ്റിലും ഇസ്ലാമിക ലോകത്തും അതിനുള്ള രാഷ്ട്രീയവും സാമ്പത്തികവുമായ സ്വാധീനം സമാനതയില്ലാത്തതാണെന്നും പാട്രിക് മാന്‍സിനോ വിശേഷിപ്പിച്ചു.


