കോട്ടയം: കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കുത്തേറ്റു മരിച്ച ഡോക്ടർ വന്ദനാ ദാസ് ഇനി ദീപ്തഓർമ. കോട്ടയം മുട്ടുചിറയിലെ വീട്ടിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഡോ.വന്ദനയുടെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി. ഓമനിച്ചു വളർത്തിയ ഏക മകൾക്ക് അച്ഛൻ മോഹൻദാസും അമ്മ വസന്തകുമാരിയും അന്ത്യ ചുംബനം നൽകുന്നത് ഹൃദയഭേദക കാഴ്ചയായി. വന്ദനയുടെ അമ്മയുടെ സഹോദരന്റെ മകൻ നിവേദ് ആണ് ചിതയ്ക്ക് തീ കൊളുത്തിയത്. വീടിന് സമീപം, അപ്പൂപ്പന്റെയും അമ്മൂമ്മയുടേയും ചിതയൊരുക്കിയതിന് തൊട്ടടുത്തായിട്ടാണ് വന്ദനയ്ക്ക് ചിതയൊരുക്കിയത്. ചടങ്ങുകൾക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അമ്മയ്ക്ക് അവിടെയുണ്ടായിരുന്ന ഡോക്ടർമാർ ചികിത്സ നൽകി.
|
വൻ ജനാവലിയാണ് വന്ദനയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ മുട്ടുചിറയിലെ വീട്ടിലേക്ക് എത്തിയത്. മന്ത്രി വി എൻ വാസവൻ, കേന്ദ്രമന്ത്രി വി മുരളീധരൻ, സ്പീക്കർ എഎൻ ഷംസീർ, തോമസ് ചാഴിക്കാടൻ എംപി, എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ് തുടങ്ങിയവർ സംസ്‌കാരചടങ്ങിൽ പങ്കെടുത്തു. രാവിലെ ആരോഗ്യമന്ത്രി വീണാ ജോർജ് മുട്ടുചിറയിലെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചിരുന്നു.
മുട്ടുചിറ പട്ടാളമുക്കിലെ വീട്ടിലേക്ക് എത്തിച്ച മൃതദേഹത്തിൽ ഇന്നലെ മുതൽ ആയിരക്കണക്കിന് ആളുകളാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. തിരക്ക് കണക്കിലെടുത്ത് കുറുപ്പന്തറ മുതൽ കടുത്തുരുത്തി വരെയുള്ള പ്രദേശങ്ങളിൽ പൊലീസ് ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിരുന്നു. ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സ്ഥലത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.





