26
Jul 2024
Fri
26 Jul 2024 Fri

കൊടുവള്ളി: എളേറ്റിൽ വട്ടോളിയിൽ വ്യാപാരിയായ ചോലയിൽ മുഹമ്മദ് ജസീമിനെ കാറിൽ കയറ്റിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് വഴിയിൽ തള്ളിയ സംഭവത്തിൽ ഒളിവിൽ കഴിഞ്ഞ മുഖ്യപ്രതി പിടിയിലായി. കിഴക്കോത്ത് ആവിലോറ പാറക്കൽ മുഹമ്മദ് എന്ന ആപ്പുവാണ് ബംഗളൂരുവിൽനിന്ന് പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പോലീസ് കേസെടുത്തതോടെ ഒളിവിൽ പോയ പ്രതി ബംഗളൂരുവിൽ ഉണ്ടെന്ന രഹസ്യ വിവരം പോലീസിനു ലഭിച്ചു. തുടർന്ന് താമരശ്ശേരി ഡിവൈഎസ്പി പ്രമോദിന്റെ നിർദേശ പ്രകാരം കൊടുവള്ളി ഇൻസ്പെക്ടർ സി ഷാജുവിന്റെ മേൽനോട്ടത്തിൽ സബ് ഇൻസ്പെക്ടർ ജിയോ സദാനന്ദൻ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ കെ.വി. ശ്രീജിത്ത്, സിവിൽ പോലീസ് ഓഫിസർമാരായ ഷഫീഖ് നീലിയാനിക്കൽ, വിപിൻ സാഗർ,ഡ്രൈവർ സത്യരാജ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘം രണ്ട് ദിവസം നടത്തിയ അന്വേഷണത്തിലാണ്പ്രതിയെ പിടികൂടിയത്.

ബംഗളൂരുവിലെ കെങ്കേരിയിൽ ഒരു ഫ്ലാറ്റിൽ ഒളിവിൽ കഴിയുകയായിരുന്നു മുഹമ്മദ്. ബുധനാഴ്ച രാത്രിയോടെ കസ്റ്റഡിയിലെടുത്ത് കൊടുവള്ളി സ്റ്റേഷനിൽ എത്തിച്ചു. വ്യാഴാഴ്ച വൈകീട്ട് താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ പ്രതികളായ കിഴക്കോത്ത് ആവിലോറ പാറക്കൽ അബ്ദുറസാഖ് (51), സക്കരിയ (36),റിയാസ് (29), മതുകൂട്ടികയിൽ നാസി എന്ന അബ്ദുൽ നാസർ (48)എന്നിവരെ നേരത്തേ പൊലീസ് പിടികൂടിയിരുന്നു. തട്ടിക്കൊണ്ടു പോകുന്നതിന് ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തിരുന്നു.

2023 ഡിസംബർ 12നായിരുന്നു കേസിനാസ്പദമായ സംഭവം. ജസീമിന്റെ കടയിൽ എത്തിയ സംഘം സംസാരിക്കാൻ ഉണ്ടെന്നു പറഞ്ഞ് യുവാവിനെ കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. തുടർന്ന് കത്തറമ്മൽ ഭാഗത്തെ ആളില്ലാത്ത വീട്ടിലെത്തിച്ച് കത്തി, വാൾ തുടങ്ങിയവ ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ശരീരമാസകലം രക്തം പുരണ്ടതിനാൽ ജസീമിനെ കുളിപ്പിച്ച ശേഷം മറ്റൊരു വസ്ത്രം നൽകി താമരശ്ശേരിയിലെത്തിക്കുകയും കത്തറമ്മൽ ഭാഗത്ത് ഇറക്കിവിടുകയുമായിരുന്നു.
ജസീം വിളിച്ചറിയിച്ചതിനെ തുടർന്ന് സുഹൃത്തുക്കൾ എത്തിയാണ് കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചത്. ഇവിടെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയമാക്കിയ ശേഷമാണ് ജസീം ആരോ​ഗ്യംവീണ്ടെടുത്തത്.