01
Jul 2023
Tue
01 Jul 2023 Tue

തിരുവനന്തപുരം: ഓണ്‍ലൈന്‍ മാധ്യമമായ മറുനാടന്‍ മലയാളിയെ സംരക്ഷിക്കുമെന്ന കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്റെ പ്രസ്താവന തള്ളി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മറുനാടന്‍ മലയാളിയെ സംരക്ഷിക്കേണ്ടത് തങ്ങളുടെ ബാധ്യതയല്ലെന്ന് സതീശന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ വീടുകള്‍ റെയ്ഡ് ചെയ്ത് അവരുടെ ഫോണുകള്‍ പിടിച്ചെടുക്കുന്നതിന് എതിരായാണ് ഞാന്‍ സംസാരിച്ചതെന്നും അല്ലാതെ മറുനാടന്റെ സംരക്ഷകരായി മാറിയിട്ടില്ലെന്നും സതീശന്‍ വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പി.വി. അന്‍വര്‍ മുഖ്യധാരാ മാധ്യമങ്ങളിലെ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ആക്രോശിക്കുകയാണ്. അദ്ദേഹം സിപിഎമ്മിന്റെ എംഎല്‍എയാണ്. സിപിഎമ്മിന്റെ അറിവോടെയാണോ അദ്ദേഹം ഇതു ചെയ്യുന്നത്. ഓരോ ദിവസവും ചെസ്റ്റ് നമ്പറിട്ട് ഓരോ മാധ്യമ സ്ഥാപനങ്ങളെ പൂട്ടിക്കും എന്നൊക്കെയാണ് വെല്ലുവിളി. പിന്നെ മുഖ്യധാരാ മാധ്യമങ്ങളിലെ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ഗുണ്ടകളെ പറഞ്ഞുവിടും. ഒരു എംഎല്‍എ നടത്തുന്ന വെല്ലുവിളികളെ കുറിച്ച് ചോദിക്കേണ്ടേ? ആ അര്‍ത്ഥത്തിലാണ് ആരാണ് അന്‍വര്‍ എന്ന് ചോദിച്ചത്.

ഞങ്ങള്‍ മറുനാടനെ സംരക്ഷിക്കാന്‍ ഇറങ്ങിയതല്ല. മറുനാടനെ കുറിച്ച് ഞങ്ങള്‍ക്കാണ് ഏറ്റവും കൂടുതല്‍ പരാതിയുള്ളത്. രാഹുല്‍ ഗാന്ധിക്കും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്കുമെതിരായി, എനിക്കെതിരായി, ടി.എന്‍ പ്രതാപനെതിരായി മറ്റ് കുറേ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായി അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ അവര്‍ നടത്തിയിട്ടുണ്ട്. ഞാന്‍ നടത്തിയ ഇഫ്താര്‍ പാര്‍ട്ടിയെ കുറിച്ച് വളരെ മോശമായാണ് അവര്‍ വാര്‍ത്ത കൊടുത്തത്. ഞങ്ങളത് സഹിഷ്ണുതയോടു കൂടെ നേരിടും. ദുബായിലെ ഹോട്ടല്‍ ശൃംഖലയില്‍ നിക്ഷേപമുണ്ടെന്ന് ദേശാഭിമാനിയില്‍ വാര്‍ത്ത വന്നു. രാഷ്ട്രീയത്തില്‍ ഇത്തരം അധിക്ഷേപങ്ങളൊക്കെ കേള്‍ക്കേണ്ടി വരും. പക്ഷേ അതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകരുടെ വീടുകള്‍ റെയ്ഡ് ചെയ്ത് അവരുടെ ഫോണുകള്‍ പിടിച്ചെടുക്കുന്നത് അംഗീകരിക്കാനാകില്ല- സതീശന്‍ പറഞ്ഞു.