08
Mar 2023
Fri
08 Mar 2023 Fri

മുംബൈ: തന്റെ ഇസ്‌ലാം മത പ്രവേശനം പ്രഖ്യാപിച്ച് ഹിന്ദി സീരിയല്‍ നടന്‍ വിവിയന്‍ ദസേന. 2019ലെ റമദാനില്‍ താന്‍ ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ടെന്നാണ് താരം മുസ്ലിംകളുടെ വിശുദ്ധമാസമായ റമദാനില്‍ പ്രഖ്യാപിച്ചത്.

‘എന്റെ ജീവിതത്തില്‍ ഏറെയൊന്നും മാറിയിട്ടില്ല. ഞാന്‍ ക്രിസ്ത്യനി ആയിട്ടാണ് ജനിച്ചത്. ഇപ്പോള്‍ ഇസ്‌ലാമിനെ പിന്തുടരുന്നു. 2019ലെ റമദാനിലാണ് ഇസ്‌ലാം സ്വീകരിച്ചത്. അഞ്ചു നേരത്തെ നിസ്‌ക്കാരത്തില്‍ എനിക്ക് ധാരാളം സമാധാനവും ആശ്വാസവും ലഭിക്കുന്നു. അതിനാല്‍ എന്നെ കുറിച്ചുള്ള എല്ലാ ഊഹാപോഹങ്ങള്‍ക്കും ഞാന്‍ ഇവിടെ വിരാമമിടുകയാണ്- താരം പറഞ്ഞു.

ഒരുവര്‍ഷം മുമ്പ് മുന്‍ ഈജിപ്ഷ്യന്‍ മാധ്യമപ്രവര്‍ത്തകയായ നൂറാന്‍ അലിയെയാണ് വിവിയന്‍ വിവാഹം കഴിച്ചത്. താരത്തിന് നാലുമാസം പ്രായമുള്ള മകളുണ്ട്. ലയാന്‍ വിവിയന്‍ ദസേന എന്നാണ് മകള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്.

2008ലാണ് വിവിയന്‍ അഭിനയ രംഗത്തെത്തുന്നത്. 2013ല്‍ നടിയായ വഹ്ബിസ് ദോറബ്ജിയെ വിവാഹം കഴിച്ചെങ്കിലും 2016ല്‍ ഇവര്‍ വിവാഹമോചിതരായി.

പതിനഞ്ചോളം സീരിയലുകളില്‍ താരം വേഷമിട്ടിട്ടുണ്ട്. കൂടാതെ ബിഗ് ബോസ് 12ലും ഉണ്ടായിരുന്നു. നിരവധി അവാര്‍ഡുകളും ദസേനയെ തേടിയെത്തിയിട്ടുണ്ട്.