തൊടുപുഴ: ജലനിരപ്പ് 137.5 അടി പിന്നിട്ട സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഷട്ടറുകള്‍ ഇന്ന് രാവിലെ 10ന് തുറക്കും. സെക്കന്‍ഡില്‍ പതിനായിരം ഘനയടി വെള്ളം പുറത്തേയ്ക്ക് ഒഴുക്കും. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിലാണ് ഷട്ടറുകള്‍ ഘട്ടംഘട്ടമായി തുറന്ന് 10000 ഘന അടി വെള്ളം വരെ പുറത്തേക്കൊഴുക്കാന്‍ തീരുമാനിച്ചത്.
|
പെരിയാര്‍ നദിയില്‍ ജലനിരപ്പ് താഴ്ന്നുനില്‍ക്കുന്നതിനാല്‍ പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. എങ്കിലും ജാഗ്രത പാലിക്കണമെന്ന് ജില്ലാദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ഇടുക്കി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് അറിയിച്ചു. ജനങ്ങള്‍ പരിഭ്രാന്തരാവേണ്ടതില്ലെന്നും ആവശ്യമായ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ട് എന്നും കളക്ടര്‍ അറിയിച്ചു.
അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതോടെ സെക്കന്‍ഡില്‍ 15,000 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. തമിഴ്‌നാട് സെക്കന്‍ഡില്‍ 1560 ഘനയടി വെള്ളമാണ് സെക്കന്‍ഡില്‍ കൊണ്ടുപോകുന്നത്.





