വയനാട്: സ്‌കൂള്‍ മാഗസിനില്‍ മഹാദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയ ഒമ്പതാം ക്ലാസുകാരിയുടെ അച്ചനും ഉരുള്‍പൊട്ടലില്‍ പോയി.(Wayanad Landslide: Laya Mol’s father, who told the story with the bird, also died) ചൂരല്‍മലയിലെ വീട്ടില്‍ അച്ഛനും അമ്മക്കുമൊപ്പം കിടന്നുറങ്ങുകയായിരുന്ന ലയ എന്ന വിദ്യാര്‍ഥിനിയുടെ കണ്‍മുന്നില്‍വെച്ചാണ് അച്ഛന്‍ ലെനിന്‍ ഒലിച്ചുപോയത്.
|
മലവെള്ളപ്പാച്ചിലില്‍ ഭാര്യയെയും മകളെയും രക്ഷിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു പിതാവ് ദുരന്തത്തിനിരയായത്. മലവെള്ളപ്പാച്ചിലില്‍ പാതി തകര്‍ന്ന വെള്ളാര്‍മല ജി.വി.എച്ച്.എസ്.എസിലെ എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ലിറ്റില്‍ കൈറ്റ്‌സ് പ്രസിദ്ധപ്പെടുത്തിയ ‘വെള്ളാരം കല്ലുകള്‍’ മാസികയിലാണ് പ്രകൃതി ദുരന്തത്തെക്കുറിച്ച് ലയ കഥയെഴുതിയത്. ഒരു കിളി വന്ന് ഇവിടെയൊരു മഹാദുരന്തം വരാനിരിക്കുന്നു, ഇവിടെനിന്ന് രക്ഷപ്പെട്ടോളൂ എന്ന് പറയുന്നതാണ് കഥയിലെ മര്‍മം.
അനശ്വരയും അലംകൃതയുമാണ് ലയ മോളുടെ കഥയിലെ കൂട്ടുകാര്‍. എവിടെനിന്നോ പറന്നുവന്നൊരു കിളിയാണ് ഇവരോട് ദുരന്തത്തെക്കുറിച്ച് പറയുന്നത്. മഹാദുരന്തം വരാനിരിക്കുന്നു, നിങ്ങള്‍ ഇവിടെ നിന്ന് വേഗം രക്ഷപ്പെട്ടോളൂ കുട്ടികളേ എന്ന് കിളി ഇരുവരോടും പറയുകയാണ്. കിളി പറഞ്ഞതിന്റെ പൊരുള്‍ ഇരുവര്‍ക്കും മനസ്സിലായില്ലെങ്കിലും ആ വാക്കുകളനുസരിച്ച് അവര്‍ അവിടെനിന്നും ഓടിപ്പോകുന്നതിനിടെ മാതാപിതാക്കളെ കണ്ടുമുട്ടുന്നതാണ് കഥ.
ലയ മോള്‍ ഇപ്പോള്‍ ബന്ധുവീട്ടില്‍ കഴിയുകയാണ്. വെള്ളാര്‍മല ജി.വി.എച്ച്.എസ്.എസ് സ്‌കൂളില്‍ സംസ്‌കൃത ഭാഷാപഠനം ഇല്ലാത്തതിനാല്‍ ഈ വര്‍ഷം മേപ്പാടി ഹയര്‍ സെക്കന്‍ഡറിയിലേക്ക് ട്രാന്‍സ്ഫര്‍ വാങ്ങിയിരുന്നു ലയ.
കുട്ടികള്‍ തയ്യാറാക്കിയ ‘വെള്ളാരങ്കല്ലുകള്‍’ എന്ന ഡിജിറ്റല്‍ മാഗസിനിലായിരുന്നു ഭാവിയിലെ വന്‍ദുരന്തത്തെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നത്. കൈറ്റ് സി.ഇ.ഒ കെ.അന്‍വര്‍ സാദത്താണ് ഈ കഥയെക്കുറിച്ചുള്ള കുറിപ്പ് ഫേസ്ബുക്കില്‍ പങ്കുവച്ചത്.





