23
Jul 2024
Wed
23 Jul 2024 Wed
Waynad Landslide Live Updates

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കല്‍പ്പറ്റ: ഉരുള്‍പൊട്ടലില്‍ ദുരന്തം വിതച്ച വയനാട്ടിലെ മുണ്ടക്കൈയില്‍നിന്ന് ഹൃദയം തകരുന്ന കാഴ്ചകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. തകര്‍ന്നടിഞ്ഞ വീടുകള്‍ക്കുള്ളില്‍ കസേരയില്‍ ഇരിക്കുന്ന നിലയിലും കട്ടിലില്‍ കിടക്കുന്ന നിലയിലുമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പ്രദേശം പൂര്‍ണമായും ഒറ്റപ്പെട്ടതോടെ ഇന്ന് രാവിലെ മാത്രമാണ് ഇവിടേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാനായത്.

രക്ഷാപ്രവര്‍ത്തകര്‍ മരിച്ചവരെ പുറത്തെത്തിക്കുന്ന ദൃശ്യങ്ങള്‍ ആരുടെയും ഹൃദയം തകര്‍ക്കുന്നതാണ്. ചെളിയില്‍ മുങ്ങിയ വീടിന്റെ മേല്‍ക്കൂര തകര്‍ത്ത് കയറുകെട്ടി അകത്തുകയറിയാണ് മൃതദേഹങ്ങള്‍ പുറത്തെത്തിച്ചത്. ചെളിയില്‍ മൂടിയ മൃതദേഹങ്ങള്‍ കസേരയില്‍ ഇരിക്കുന്നതും കട്ടിലില്‍ കിടക്കുന്നനിലയിലുമായിരുന്നു.

അതേസമയം, ഉരുള്‍ പൊട്ടലുണ്ടായ വയനാട്ടില്‍ മരണം 153 ആയി. മരണസംഖ്യ നിയും ഉയരുമെന്നാണ് സൂചന. 191 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. പരിക്കേറ്റ ഏതാനും പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടാം ദിനം നടത്തിയ തിരച്ചിലിലാണ് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മരണസംഖ്യ ഇനിയും ഉയരും.

പനങ്കയത്ത് ഇന്ന് രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു. ചാലിയാര്‍ പുഴയില്‍ നിന്നും രണ്ട് മൃതദേഹങ്ങള്‍ കൂടി കിട്ടി. ദുരന്തത്തില്‍ പോത്തുകല്ലില്‍ നിന്ന് ഇതുവരെ കണ്ടെത്തിയത് 59 മൃതദേഹങ്ങളാണ്. ഉരുള്‍ പൊട്ടലില്‍ മരിച്ച 143 മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. നിലമ്പൂരില്‍ 31 മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടവും പൂര്‍ത്തിയായിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം
വയനാട് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി വിലയിരുത്തി. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലെ ഏജന്‍സികളുമായുള്ള ഏകോപനം, ദുരന്ത മുഖത്തെ സേനാ വിഭാഗങ്ങളുടെ വിന്യാസം, ആരോഗ്യസുരക്ഷാ മുന്‍കരുതലുകള്‍, ദുരിതാശ്വാസ ക്യാമ്പുകളിലെ സൗകര്യങ്ങള്‍ എന്നിവ മുഖ്യമന്ത്രി വിലയിരുത്തി.

സംസ്ഥാനതലത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ദുരന്തനിവാരണ അതോറിറ്റി ഓഫീസിലെത്തിയാണ് മുഖ്യമന്ത്രി യോഗത്തില്‍ പങ്കെടുത്തത്. ചീഫ് സെക്രട്ടറി ഡോ. വി വേണു, ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ ഖോബ്രഗഡേ, റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി രബീന്ദ്രകുമാര്‍ അഗര്‍വാള്‍, സംസ്ഥാന പോലീസ് മേധാവി ഷെയ്ക്ക് ദര്‍വേഷ് സാഹിബ്, എ ഡി ജി പി ഇന്റലിജന്‍സ് മനോജ് എബ്രഹാം, പൊതുമരാമത്ത് സെക്രട്ടറി കെ. ബിജു, ചീഫ് ഫോറസ്റ്റ് പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍ പുകഴേന്തി, മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ഡോ. എസ് കാര്‍ത്തികേയന്‍, സിവില്‍ സപ്ലൈസ് എം.ഡി സജിത്ത് ബാബു, തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ടി.വി അനുപമ, ജി.എസ്.ടി കമ്മീഷണര്‍ അജിത്ത് പാട്ടീല്‍, വാട്ടര്‍ അതോറിറ്റി എം ഡി ബിനു ഫ്രാന്‍സിസ്, ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക