22
Aug 2025
Thu
22 Aug 2025 Thu
Welfare party Nilambur

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫുമായി പരസ്യ സഖ്യമുണ്ടാവില്ലെന്ന് സൂചന നല്‍കി ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ മുഖമായ വെല്‍ഫെയര്‍ പാര്‍ട്ടി. പകരം സീറ്റ് ധാരണ തുടരും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജമാഅത്തെ ഇസ്ലാമിക്ക് നിര്‍ണായക സ്വാധീനമുള്ള കോഴിക്കോട്, മുക്കം നഗരസഭകളിലും കാരശേരി, കൊടിയത്തൂര്‍, വേളം, ചങ്ങരോത്ത് പഞ്ചായത്തുകളിലുമാണ് സീറ്റ് ധാരണ. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ വാര്‍ഡുകളില്‍ മത്സരിക്കാനാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ തീരുമാനം. ഇതില്‍ പല ഇടത്തും കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും യുഡിഎഫുമായി ധാരണയിലാണ് വെല്‍ഫെയര്‍ പാര്‍ട്ടി മല്‍സരിച്ചത്.

ജമാഅത്തെ ഇസ്ലാമിയുടെ തെരഞ്ഞെടുപ്പ് നയവുമായി വെല്‍ഫെയര്‍ പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ക്ക് ബന്ധമില്ലെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി നേതാവും മുക്കം മുനിസിപ്പാലിറ്റി കൗണ്‍സിലറുമായ ഗഫൂര്‍ മാസ്റ്റര്‍ പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടിക്ക് അതിന്റേതായ തീരുമാനങ്ങളുണ്ട്. കമ്മിറ്റികളുണ്ട്. ഞങ്ങളൊരു സഖ്യം എന്ന നിലയ്ക്ക് ഇതുവരെ പോയിട്ടില്ല. നീക്കുപോക്കുകളാണ് നടത്തിയിട്ടുളളത്. ഞങ്ങള്‍ക്ക് അനുകൂലമായ സാഹചര്യങ്ങളുളള പ്രദേശങ്ങളില്‍ മത്സരിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ: 12 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ പി വി അന്‍വറിനെതിരേ കേസ്; കെഎഫ്‌സി ഓഫിസില്‍ വിജിലന്‍സ് റെയ്ഡ്

2020ല്‍ വെല്‍ഫയര്‍പാര്‍ട്ടി യുഡിഎഫ് സഖ്യത്തില്‍ ഏറ്റവും അധികം സീറ്റുകളിലേക്ക് മത്സരിച്ചത് മുക്കം നഗരസഭയിലും തൊട്ടടുത്ത കൊടിയത്തൂര്‍ പഞ്ചായത്തിലുമായിരുന്നു. സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച സീറ്റുകളിലെല്ലാം വിജയിച്ചിരുന്നു.

കൊടിയത്തൂര്‍ പഞ്ചായത്തില്‍ വെല്‍ഫയര്‍പാര്‍ട്ടി പിന്തുണയോടെ 13 സീറ്റുകള്‍ യുഡിഎഫ് നേടി വലിയ അട്ടിമറിയാണ് നടത്തിയത്. 2015ല്‍ 14 സീറ്റുകളില്‍ വിജയിച്ചിരുന്ന എല്‍ഡിഎഫിന് കഴിഞ്ഞ തവണ ലഭിച്ചത് രണ്ട് സീറ്റുകള്‍ മാത്രമാണ്. 2015ല്‍ കൊടിയത്തൂരില്‍ വെല്‍ഫയര്‍പാര്‍ട്ടി എല്‍ഡിഎഫിനൊപ്പമായിരുന്നു.

അഞ്ചിടങ്ങളിലാണ് മുക്കം മുനിസിപ്പാലിറ്റിയില്‍ യുഡിഎഫിന്റെ ഭാഗമായി വെല്‍ഫയര്‍പാര്‍ട്ടി മത്സരിച്ചത്. ഈ അഞ്ചിടങ്ങളിലും വെല്‍ഫയര്‍പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.
മുസ്ലിം ലീഗിനെയും കോണ്‍ഗ്രസിലെ ഒരു വിഭാഗത്തെയും പിണക്കിക്കൊണ്ടാണ് ഇവിടെ കോണ്‍ഗ്രസും വെല്‍ഫെയറും സഖ്യം ചേര്‍ന്ന് മല്‍സരിച്ചത്. സഖ്യത്തെ എതിര്‍ത്തതിന്റെ പേരില്‍ ചില കോണ്‍ഗ്രസ് നേതാക്കളെ പുറത്താക്കുക പോലും ചെയ്തിരുന്നു.