തിരുവനന്തപുരം: സാധാരണ മനുഷ്യര്‍ കൂടുതല്‍ അവലംബിക്കുന്ന പൊതുജനാരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ഉയരുന്ന പരാതികളില്‍ ഒന്നാം പ്രതി സര്‍ക്കാരും ആരോഗ്യ വകുപ്പുമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. (welfare-party-says-that-the-government-is-the-first-defendant-in-the-failure-of-the-health-sector- )
|
സംസ്ഥാനത്തെ ആരോഗ്യ മേഖല കുത്തഴിഞ്ഞിരിക്കുന്നു. നാഥനില്ലാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്. ഇത് ആശങ്ക ഉളവാക്കുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സംഭവിച്ചത് ഗുരുതര വീഴ്ചയാണ്. നാല് വയസ്സുള്ള കുട്ടിക്ക് കൈ വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ നടത്തിയത് ഒരാഴ്ച മുമ്പാണ്. കഴിഞ്ഞ ആഴ്ചയിലാകട്ടെ അതേ മെഡിക്കല്‍ കോളേജില്‍ കാലില്‍ ഇടേണ്ട കമ്പി കയ്യില്‍ ഇട്ടതായി രോഗിയും ബന്ധുക്കളും പരാതിപ്പെട്ടു. ഒരു സംഭവം ഉണ്ടായിട്ടും അതാവര്‍ത്തിക്കാതിരിക്കാനാവശ്യമായ കാര്യങ്ങള്‍ ചെയ്യാത്ത സര്‍ക്കാരും ആരോഗ്യ വകുപ്പുമാണ് ഇതിലെ മുഖ്യപ്രതി .
ശസ്ത്രക്രിയക്ക് ശേഷം വയറ്റില്‍ കത്രിക കുടുങ്ങി ജീവിതം ദുരിത പൂര്‍ണ്ണമായ ഹര്‍ഷിനയ്ക്ക് ഇന്നും നീതി ലഭിച്ചിട്ടില്ല. ശസ്ത്രക്രിയ കഴിഞ്ഞ സ്ത്രീയെ പീഡിപ്പിച്ച ജീവനക്കാരന് സംരക്ഷണം കൊടുക്കുകയും അയാള്‍ക്കെതിരെ മൊഴി നല്കിയ സീനിയര്‍ നഴ്‌സിങ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റുകയുമാണ് ആരോഗ്യ വകുപ്പ് ചെയ്തത്. ഹൈകോടതിയില്‍ പോയാണ് സ്ഥല മാറ്റം റദ്ദാക്കിയത്.
ഇത്തരം സംഭവങ്ങള്‍ എല്ലാം വിരല്‍ ചൂണ്ടുന്നത് സര്‍ക്കാറിന്റെ നിരുത്തരവാദ സമീപനത്തെയും ധിക്കാരപൂര്‍വമായ മനോഗതിയെയുമാണ്. മെഡിക്കല്‍ നെഗ്ലിജെന്‍സുമായി ബന്ധപ്പെട്ട കേസുകളില്‍ സ്വീകരിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങളുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ അവസാനമായി അപ്‌ഡേറ്റ് ചെയ്തത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. രോഗികളെ സംരക്ഷിക്കേണ്ടവര്‍ തന്നെ വേട്ടക്കാരാകുന്ന അവസ്ഥ ഒരു ജനാധിപത്യ സര്‍ക്കാരിന്റെ പരാജയമാണ്. കാലാനുസൃതമായ മാറ്റങ്ങള്‍ ആരോഗ്യ മേഖലയില്‍ ഉണ്ടാകേണ്ടത് അനിവാര്യമാണ്.
ഏറെ ജനങ്ങള്‍ ആശ്രയിക്കുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആവശ്യത്തിന് ആരോഗ്യ പ്രവര്‍ത്തകര്‍ ലഭ്യമല്ല . മഞ്ചേരി മെഡിക്കല്‍ കോളേജിലും ആവശ്യമായ സൗകര്യങ്ങള്‍ ഇല്ല. മലബാര്‍ മേഖലയില്‍ കൂടുതല്‍ മികച്ച ആരോഗ്യ സ്ഥാപനങ്ങള്‍ ജനങ്ങള്‍ കാലങ്ങളായി ഉന്നയിക്കുന്ന ന്യായമായ ആവശ്യമാണ് ഈ ആവശ്യത്തെ ഇടത് സര്‍ക്കാര്‍ അവഗണിക്കുകയാണ്. ഇത്തരം ഗുരുതര സംഭവങ്ങളുടെ പശ്ചാത്തലത്തിലെങ്കിലും വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാനും ജനങ്ങള്‍ക്ക് ഏറ്റവും മികച്ച ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പുവരുത്താനും സര്‍ക്കാര്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.





