16
Aug 2025
Mon
16 Aug 2025 Mon
Rapper Vedan

ബലാത്സംഗ കേസില്‍ റാപ്പര്‍ വേടനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്. വേടന്‍ വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്നത് കണക്കിലെടുത്താണ് പൊലീസിന്റെ നീക്കം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നേരത്തെ മുന്‍കൂര്‍ ജാമ്യത്തിനായി റാപ്പര്‍ വേടന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടിയ ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 18 ലേക്ക് മാറ്റിയിട്ടുണ്ട്.

വേടന്‍ ഒളിവില്‍ പോയതോടെ കഴിഞ്ഞ ദിവസം കൊച്ചി ബോള്‍ഗാട്ടി പാലസിലെ ഓളം ലൈവ് എന്ന സംഗീത പരിപാടി മാറ്റിവെച്ചിരുന്നു. വേടന്‍ പരിപാടിക്കെത്തിയാല്‍ അറസ്റ്റ് ചെയ്യാനായിരുന്നു പൊലീസ് നീക്കം. എന്നാല്‍ മറ്റൊരു ദിവസം പരിപാടി നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.

ALSO READ: മദ്യലഹരിയില്‍ നിരന്തരം ലൈംഗിക പീഡനം; അമ്മ മകനെ വെട്ടിക്കൊന്നു

കേസില്‍ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി വേടന്റെ മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചു. യുവ ഡോക്ടറുടെ പരാതിയിലാണ് ബലാത്സംഗകുറ്റം ചുമത്തി പൊലീസ് കേസെടുത്തിരിക്കുന്നത്. സാക്ഷി മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

വേടന്‍ യുവതിയുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നതായി പൊലീസിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. പലപ്പോഴായി 31000 രൂപ വേടന് കൈമാറിയിട്ടുണ്ടെന്നും യുവതി വ്യക്തമാക്കി. ഇവയുടെ അക്കൗണ്ട് ജി പേ വിവരങ്ങളും യുവതി ഹാജരാക്കിയിട്ടുണ്ട്.

അഞ്ച് തവണ പീഡനം നടന്നെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വെച്ച് പീഡിപ്പിച്ചെന്നുമാണ് യുവതിയുടെ മൊഴി. ലഹരിമരുന്ന് ഉപയോഗിച്ച ശേഷം പീഡിപ്പിച്ചെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്. ഇക്കാര്യങ്ങളൊക്കെ അറിയുന്ന സുഹൃത്തുക്കളുടെ പേരും യുവതിയുടെ മൊഴിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

വിവാഹ വാഗ്ദാനം നല്‍കിയായിരുന്നു പീഡനം. എന്നാല്‍, 2023 ജൂലൈ മുതല്‍ വേടന്‍ തന്നെ ഒഴിവാക്കിയെന്നും വിളിച്ചാല്‍ ഫോണ്‍ എടുക്കാറില്ലെന്നും യുവതി വെളിപ്പെടുത്തുന്നു. ഇത് മാനസികമായി തകര്‍ത്തു. പിന്നാലെ ഡിപ്രഷനിലേക്ക് എത്തിയെന്നും പരാതിക്കാരി പറയുന്നു.

ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് വേടനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. തൃക്കാക്കര എസിപിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്.