03
May 2023
Sat
03 May 2023 Sat

224ല്‍ 137 സീറ്റുകള്‍ നേടി കര്‍ണാടകയില്‍ അധികാരമേറുന്ന കോണ്‍ഗ്രസിന് ഇനി പരിഹരിക്കാനുള്ള കടുപ്പമേറിയ പദപ്രശ്‌നമാണ് ആരാവും മുഖ്യമന്ത്രിയെന്നുള്ളത്. പ്രതിപക്ഷനേതാവ് സിദ്ധരാമയ്യയും കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറുമാണ് മുഖ്യമന്ത്രിക്കസേരയ്ക്ക് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്ന രണ്ട് നേതാക്കള്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇവരില്‍ ആരെയാണ് തിരഞ്ഞെടുക്കുകയെന്നതാണ് കോണ്‍ഗ്രസ് നേതൃത്വത്തെ കുഴപ്പിക്കുന്ന ചോദ്യം. ഇരുവരെയും രണ്ട് കാലാവധികളിലായി മുഖ്യമന്ത്രിമാരാക്കാം എന്ന ഫോര്‍മുല കോണ്‍ഗ്രസില്‍ ഉരുത്തിരുഞ്ഞുവരുന്നതായാണ് പാര്‍ട്ടിയുടെ ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ആദ്യ രണ്ടരവര്‍ഷം സിദ്ധരാമയ്യയും രണ്ടാമത്തെ രണ്ടര വര്‍ഷം ഡികെ ശിവകുമാറും മുഖ്യമന്ത്രിയാവുന്നതോടെ സങ്കീര്‍ണമായ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം.

വോട്ടര്‍മാരില്‍ പ്രബലരായ പ്രമുഖരായ വൊക്കലിംഗ സമുദായത്തില്‍പ്പെട്ടയാളാണ് ശിവകുമാര്‍ എന്നിരുന്നാലും സിദ്ധരാമയ്യയുടെ അവസാന തിരഞ്ഞെടുപ്പാണ് കഴിഞ്ഞുപോയത് എന്നതിനാല്‍ മുഖ്യമന്ത്രിപദത്തിലേക്ക് അദ്ദേഹത്തിന് ആദ്യ ചാന്‍സ് കൊടുക്കാമെന്നാണ് തീരുമാനം.

കോണ്‍ഗ്രസിന്റെ കരുത്തുറ്റ നേതാവായ ഡികെ ശിവകുമാര്‍ ആവട്ടെ ഇഡി വേട്ടയെ അടക്കം അതിജീവിച്ച് പാര്‍ട്ടിയുടെ തിരിച്ചുവരവിന് കര്‍ണാടകയില്‍ നിര്‍ണായക ഇടപെടലുകള്‍ നടത്തിയ നേതാവാണ്. ബിജെപിയുടെ കുതിരക്കച്ചവടത്തെ ഒരുപരിധിവരെ കഴിഞ്ഞതവണ തടഞ്ഞുനിര്‍ത്താന്‍ ഡികെ ശിവകുമാറിന്റെ ഇടപെടലുകള്‍ കോണ്‍ഗ്രസിനെ സഹായിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും കര്‍ണാടകയില്‍ തമ്പടിച്ചു നടത്തിയ പ്രചാരണകോലാഹലമൊന്നും ജനവിധിയില്‍ നിഴലിച്ചില്ലെന്നതിനു തെളിവായി ഇത്തവണ പാര്‍ട്ടിക്ക് ലഭിച്ച 65 സീറ്റുകള്‍. 2018ല്‍ ലഭിച്ചതിനേക്കാള്‍ 39 സീറ്റുകള്‍ കുറവാണ് ഇത്തവണ ബിജെപിക്ക് ലഭിച്ചത്. ജെഡിഎസിന് 19 സീറ്റുകള്‍ ലഭിച്ചു. കോണ്‍ഗ്രസിന് 57 സീറ്റുകള്‍ അധികം ലഭിച്ചു. ജെഡിഎസിന് 18സീറ്റുകളുടെ കുറവാണ് ഇത്തവണ ഉണ്ടായത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക