മൂന്നാർ: അരിയോടുള്ള താൽപ്പര്യംമൂലം അരിക്കൊമ്പൻ എന്ന പേര് വീണ കൊമ്പനാനയുടെ ശല്യം കാരണം കേരളത്തിൽനിന്ന് അതിർത്തി കടത്തിയെങ്കിലും അവിടെയും ജനങ്ങൾക്ക് നേരെ ആക്രമണം തുടരുന്നു. തമിഴ്നാട്ടിലെ മണലാർ എസ്റ്റേറ്റിലെ റേഷൻ കട അരിക്കൊമ്പൻ ആക്രമിച്ചു. കടയുടെ ജനൽ ഭാഗികമായി തകർത്തു. എന്നാൽ അരി എടുക്കാനായില്ല.
|
ഇന്നലെ രാത്രി രണ്ടുമണിയോടെയായിരുന്നു സംഭവം. അരിക്കൊമ്പനുണ്ടെന്ന് സ്ഥിരീകരിച്ചിരുന്ന മേഘമലയിൽ നിന്നും ഒമ്പതു കിലോമീറ്റർ അകലെയാണ് മണലാർ എസ്റ്റേറ്റ്.
തകരഷീറ്റു കൊണ്ടു മറച്ച ഭിത്തി കൊമ്പുകൊണ്ട് കുത്തിയെങ്കിലും പൂർണമായി നശിപ്പിച്ചിരുന്നില്ല. ഏറെ നേരം റേഷൻകടയ്ക്ക് സമീപം നിന്നശേഷം ആന തിരികെ കാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ തമിഴ്നാട് വനംവകുപ്പിന്റെ കൈവശമുണ്ട്.
കുറച്ചു ദിവസങ്ങളായി തമിഴ്നാട് ചെക്ക്പോസ്റ്റിനും മേഘമലയ്ക്കും ഇടയിലുള്ള കടനാട് ആനന്ദ എസ്റ്റേറ്റ് മേഖലയിലാണ് അരിക്കൊമ്പൻ നിലയുറപ്പിച്ചിരിക്കുന്നത്. എന്നാൽ അവിടെനിന്ന് മാറി പെരിയാർ കടുവാ സങ്കേതത്തിനു സമീപമുള്ള മണലാർ എസ്റ്റേറ്റിലേക്ക് അരിക്കൊമ്പൻ എത്തിയിട്ടുണ്ട്. ഇവിടെനിന്ന് പെരിയാർ സങ്കേതത്തിലേക്ക് അരിക്കൊമ്പൻ മടങ്ങിയാൽ അത് കേരളത്തിനും തമിഴ്നാടിനും ആശ്വാസമാകും.





