തൊടുപുഴ: മൂന്നാറിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സാഹചര്യത്തിൽ പ്രദേശത്ത് ഹർത്താലിന് അഹ്വനവുമായി എൽഡിഎഫും റോഡ് ഉപരോധിക്കുമെന്ന് അറിയിച്ചു യുഡിഎഫും. കെ ഡി എച്ച് വില്ലേജ് പരിധിയിൽ എൽ ഡി എഫ് ആണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. യുഡിഎഫ് പ്രവർത്തകർ റോഡ് ഉപരോധിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഇടുക്കിയിൽ മറ്റ് പ്രതിഷേധങ്ങൾക്കും സാധ്യതയുണ്ട്.
|
കന്നിമല സ്വദേശി സുരേഷ് കുമാർ എന്ന മണിയാണ് ഇന്നലെ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. രണ്ടുപേർക്ക് പരിക്കേറ്റു. ജോലി കഴിഞ്ഞ് ഒട്ടോയിൽ മടങ്ങുമ്പോഴായിരുന്നു കാട്ടാന അക്രമിച്ചത്. ഓട്ടോ മറിച്ചിട്ട ആന മണിയെ തുമ്പികൈയിൽ ചുഴുറ്റി എറിയുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആനയെ തുരത്തിയ ശേഷം മണിയുൾപ്പടെയുള്ളവരെ ആശുപത്രിയിലെത്തിച്ചത്.
ഇതോടെ ഒരു മാസത്തിനുള്ളിൽ ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം നാലായി.
കൊല്ലപ്പെട്ട കന്നിമല എസ്റ്റേറ്റ് സ്വദേശിയും ഓട്ടോറിക്ഷ തൊഴിലാളിയുമായ മണിയുടെ പോസ്റ്റ്‍മോർട്ടം ഇന്ന് നടക്കും. കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റവർ ടാറ്റ ടീ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞ ജനുവരി 23 ന് ഗുണ്ടുമല എസ്റ്റേറ്റില്‍ തമിഴ്‌നാട് സ്വദേശിയെ ചവിട്ടി കൊന്ന ആന തന്നെയാണ് ആക്രമണം നടത്തിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.





