25
Sep 2025
Wed
25 Sep 2025 Wed
women killed in up

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 52കാരിയായ കാമുകിയെ 26 കാരന്‍ കഴുത്തു ഞെരിച്ചു കൊന്നു. വിവാഹം കഴിക്കാനും കടം വാങ്ങിയ പണം തിരികെ നല്‍കാനും മധ്യവയസ്‌ക സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്നാണ് ചുരിദാറിന്റെ ഷാല്‍ ഉപയോഗിച്ച് കൊലപ്പെടുത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയിലാണ് സംഭവം. നാല് കുട്ടികളുടെ അമ്മയായ സ്ത്രീ ഇന്‍സ്റ്റാഗ്രാം ഫില്‍ട്ടറുകള്‍ ഉപയോഗിച്ച് പ്രായം കുറച്ചു കാണിച്ച് തന്നെ വഞ്ചിച്ചുവെന്ന് യുവാവ് പോലീസിനോട് പറഞ്ഞു. പ്രായം കൂടുതലാണെന്ന് മനസ്സിലായതിനെ തുടര്‍ന്നാണ് താന്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതെന്നാണ് യുവാവിന്റെ ന്യായം.

ഓഗസ്റ്റ് 11-ന് കര്‍പ്പാരി ഗ്രാമത്തിന് സമീപമാണ് ഒരു അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതെന്ന് മെയിന്‍പുരി പോലീസ് സൂപ്രണ്ട് അരുണ്‍ കുമാര്‍ സിംഗ് അറിയിച്ചു. കഴുത്തിലെ പാടുകള്‍ കൊലപാതകമാണെന്ന് സൂചിപ്പിച്ചു, ഇത് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സ്ഥിരീകരിക്കുകയും ചെയ്തു.

ALSO READ: മസ്ജിദുല്‍ അഖ്‌സ കൈയേറി ജൂതന്മാര്‍; ഹെബ്രോണ്‍ മേയറെ തടവിലാക്കി

സംസ്ഥാനത്തെ നിരവധി പോലീസ് സ്റ്റേഷനുകളില്‍ നടത്തിയ അന്വേഷണത്തില്‍, കാണാതായ പരാതിയുടെ അടിസ്ഥാനത്തില്‍ ഫറൂഖാബാദിലെ താമസക്കാരിയാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് തിരിച്ചറിഞ്ഞു. പ്രതിയായ അരുണ്‍ രജ്പുതിനെ കസ്റ്റിഡിയിലെടുത്ത് ചോദ്യം ചെയ്തതിലൂടെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെയാണ് സ്ത്രീയുമായി പരിചയപ്പെട്ടതെന്നും ഒന്നര വര്‍ഷമായി സൗഹൃദത്തിലാണെന്നും വ്യക്തമായത്.

‘രണ്ട് മാസം മുന്‍പ് അവര്‍ ഫോണ്‍ നമ്പറുകള്‍ കൈമാറുകയും ഫോണില്‍ സംസാരിക്കാന്‍ തുടങ്ങുകയും ചെയ്തു. അവര്‍ പലതവണ നേരിട്ട് കാണുകയും ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് 11-ന് ഇയാളെ കാണാന്‍ സ്ത്രീ ഫറൂഖാബാദില്‍ നിന്ന് മെയിന്‍പുരിയിലേക്ക് വന്നിരുന്നു. കുറച്ചുകാലമായി സ്ത്രീ തന്നെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചിരുന്നതായും അന്ന് വീണ്ടും അതേക്കുറിച്ച് സംസാരിച്ചതായും പ്രതി പറഞ്ഞു. കൂടാതെ സ്ത്രീ ഇയാള്‍ക്ക് ഏകദേശം 1.5 ലക്ഷം രൂപ കടം നല്‍കിയിരുന്നതായും പണം തിരികെ ചോദിച്ചതായും പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സ്ത്രീയുടെ കടുത്ത സമ്മര്‍ദ്ദം സഹിക്കാനാവാതെയാണ് ഷാള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. ശേഷം സ്ത്രീയുടെ ഫോണ്‍ കൈക്കലാക്കുകയും സിം കാര്‍ഡ് ഊരിയെറിയുകയും ചെയ്തു. ഈ ഫോണ്‍ വീണ്ടെടുത്ത പോലീസ് അവര്‍ തമ്മിലുള്ള സന്ദേശങ്ങള്‍ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

‘പ്രായം കുറഞ്ഞ ആളായി തോന്നിക്കുന്ന ഒരു ഫില്‍ട്ടര്‍ സ്ത്രീ ഇന്‍സ്റ്റാഗ്രാമില്‍ ഉപയോഗിച്ചിരുന്നതായി പ്രതി പറഞ്ഞു. ആദ്യമായി നേരിട്ട് കണ്ടപ്പോഴാണ് യഥാര്‍ത്ഥ പ്രായം മനസ്സിലാക്കിയത്. സ്ത്രീ വിവാഹിതയും കുട്ടികളുള്ള ആളുമായിരുന്നു. ഈ കാരണങ്ങള്‍ അവരെ വിവാഹം കഴിക്കുന്നതില്‍ നിന്ന് പ്രതിയെ പിന്തിരിപ്പിച്ചു,’ പോലീസ് സൂപ്രണ്ട് അരുണ്‍ കുമാര്‍ സിംഗ് പറഞ്ഞു.