30
Jul 2023
Sun
30 Jul 2023 Sun

‘ജോലി കിട്ടാത്തതില്‍ വലിയ സമ്മര്‍ദം; വീട്ടുകാരെ ബോധിപ്പിക്കാനാണ് വ്യാജ PSC രേഖയുണ്ടാക്കിയത്..’; പിടിയിലായ ആര്‍ രാഖിക്ക് പറയാനുള്ളത്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊല്ലം: വ്യാജ നിയമന ഉത്തരവുമായി കരുനാഗപ്പള്ളി താലൂക്ക് ഓഫിസില്‍ ജോലിക്ക് ചേരാന്‍ എത്തിയതിന് പിന്നാലെ അറസ്റ്റിലായ ആര്‍.രാഖിയുടെ മൊഴി പുറത്ത്. ജോലി കിട്ടാത്തതില്‍ മാനസിക സമ്മര്‍ദമുണ്ടായെന്നും ഇതേതുടര്‍ന്ന് വീട്ടുകാരെ ബോധിപ്പിക്കാനാണ് വ്യാജ രേഖകള്‍ നിര്‍മിച്ചതെന്നുമാണ് യുവതിയുടെ മൊഴി. ഇതുവരെ ജോലി ലഭിക്കാത്തതില്‍ വീട്ടുകാരില്‍നിന്ന് വലിയ സമ്മര്‍ദ്ദം ഉണ്ടായിരുന്നു. അതിനാലാണ് രേഖകള്‍ വ്യാജമായി നിര്‍മിച്ചത്. ഇക്കാര്യം ഭര്‍ത്താവിനും കുടുംബത്തിനും അറിവില്ലായിരുന്നുവെന്നും അവര്‍ പറഞ്ഞു. രാഖിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.

എഴുകോണ്‍ ബദാം ജങ്ഷന്‍ രാഖി നിവാസില്‍ ആര്‍.രാഖിയെ (25) ഇന്നലെയാണ് ഈസ്റ്റ് പൊലീസ് പിടികൂടിയത്. രാവിലെ കരുനാഗപ്പള്ളി താലൂക്ക് ഓഫിസില്‍ ഭര്‍ത്താവിന്റെ കുടുംബത്തോടൊപ്പം എത്തിയ രാഖി റവന്യു വകുപ്പില്‍ ജോലി ലഭിച്ചതായുള്ള പി.എസ്.സിയുടെ അഡ്വൈസ് മെമ്മോ, കരുനാഗപ്പള്ളി താലൂക്ക് ഓഫിസില്‍ എല്‍.ഡി ക്ലാര്‍ക്കായി ജോലിയില്‍ പ്രവേശിക്കാനുള്ള അപ്പോയ്ന്റ്‌മെന്റ് ലെറ്റര്‍ എന്നിവ സഹിതമാണ് എത്തിയത്. രേഖകള്‍ പരിശോധിച്ച താലൂക്ക് ഓഫിസ് അധികൃതര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് രേഖകള്‍ സ്വീകരിക്കാതെ പറഞ്ഞയയ്ക്കുകയായിരുന്നു. കരുനാഗപ്പള്ളി തഹസില്‍ദാര്‍ കലക്ടര്‍ക്കും കരുനാഗപ്പള്ളി പൊലീസിലും പരാതി നല്‍കി. പിന്നീട് രാഖിയും കുടുംബവും കൊല്ലത്തെ പി.എസ്.സി റീജനല്‍ ഓഫിസിലെത്തി റാങ്ക് ലിസ്റ്റില്‍ ആദ്യം പേരുണ്ടായിരുന്നെന്നും അഡ്വൈസ് മെമ്മോ തപാലില്‍ ലഭിച്ചെന്നും അവകാശവാദം ഉന്നയിച്ചു. പി.എസ്.സി ഉദ്യോഗസ്ഥര്‍ റാങ്ക് ലിസ്റ്റ് തിരുത്തിയ വിവരം മാധ്യമങ്ങളെ അറിയിക്കുമെന്നും പറഞ്ഞു ബഹളമുണ്ടാക്കി. പി.എസ്.സി റീജനല്‍ ഓഫിസര്‍ ആര്‍.ബാബുരാജ്, ജില്ലാ ഓഫിസര്‍ ടി.എ.തങ്കം എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍, ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്നു തെളിഞ്ഞു. രാഖി കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു.

2021 നവംബറില്‍ നടന്ന എല്‍ഡി ക്ലര്‍ക്ക് പരീക്ഷയുടെ റാങ്ക് ലിസ്റ്റിലാണ് രാഖി കൃത്രിമം കാണിച്ചത്. ഇന്നലെ പിഎസ് സി ഓഫീസില്‍ ഒരു ഉദ്യോഗാര്‍ത്ഥിയെ പൂട്ടിയിട്ടുവെന്ന വാര്‍ത്തയാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ആദ്യം ലഭിച്ചത്.