മൂന്നാറില്‍ യുവതി വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; ഭര്‍ത്താവ് മരിച്ച യുവതിയുടെ താമസം സുഹൃത്തിനൊപ്പം
|
ഇടുക്കി: മൂന്നാറില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. നല്ലതണ്ണി എസ്റ്റേറ്റില്‍ അന്തോണി മുത്തുവിന്റ മകള്‍ ലക്ഷ്മിയെ (25) ആണ് കട്ടിലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് യുവതിയുടെ രണ്ട് സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. സുഹൃത്തുക്കളായ കാളീശ്വരന്‍, മുനിയാണ്ടി എന്നിവരെയാണ് മൂന്നാര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്.
ഭാര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് ലക്ഷ്മി, കാളീശ്വരന്‍ എന്ന സുഹൃത്തിനൊപ്പം തമിഴ്‌നാട്ടിലാണ് താമസിച്ചിരുന്നത്. 10 ദിവസം മുന്‍പ് മൂന്നാര്‍ കോളനിയിലെത്തിയ ഇരുവരും ബുധനാഴ്ച കണ്ണന്‍ ദേവന്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള മാട്ടുപ്പെട്ടി ടോപ്പ് ഡിവിഷനിലെ എസ്റ്റേറ്റിലെത്തി ലയത്തില്‍ താമസം ആരംഭിച്ചു.
ഹാര്‍ട്ടിന് അസുഖം ബാധിച്ചിരുന്ന യുവതിയെ 24ന് രാവിലെ സുഹൃത്തായ മുനിയാണ്ടിയുടെ വീട്ടില്‍ കൊണ്ട് വിട്ടശേഷം മരുന്ന് നല്‍കി കാളീശ്വരന്‍ കന്നിമല എസ്റ്റേറ്റില്‍ ജോലി ആവശ്യത്തിനായി പോയി. ഈ സമയം മുനിയാണ്ടിയുടെ അമ്മ പിച്ചമ്മയും വീട്ടിലുണ്ടായിരുന്നു. രാത്രിയില്‍ മരുന്ന് കഴിച്ച് ഉറങ്ങാന്‍ കിടന്ന ലക്ഷ്മി പിന്നെ എഴുന്നേറ്റില്ല.
രാവിലെ സമീപവാസികള്‍ വീട്ടിലെത്തിയപ്പോഴാണ് മരണവിവരം അറിയുന്നത്. ഹാര്‍ട്ടിന് അസുഖമുണ്ടായിരുന്നെങ്കിലും മരുന്നുകള്‍ കഴിക്കുന്നത് കണ്ടിരുന്നില്ലെന്ന് അയല്‍വാസികള്‍ പറയുന്നു. രാത്രിയോടെ മരണം സംഭവിച്ചിരിക്കാമെന്നാണ് പോലീസിന്റ നിഗമനം.
ഫോറന്‍സിക് സംഘം ഉള്‍പ്പെടെ സ്ഥലത്തെത്തി പരിശോധനകള്‍ പൂര്‍ത്തിയാക്കി. എസ്എച്ച്ഒ രാജന്‍ കെ.അരമനയുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.





