പത്തനംതിട്ട: റാന്നി കീക്കൊഴൂരിൽ ഒപ്പം താമസിച്ചിരുന്ന (ലിവ് ഇൻ റിലേഷൻ) യുവതിയെ വെട്ടി കൊലപ്പെടുത്തിയ പ്രതി അതുൽ സത്യൻ പിടിയിൽ. 12 മണിക്കൂർ നീണ്ട അന്വേഷണത്തിന് ശേഷം റാന്നിയിലെ പുതുശേരി മലയിലെ ആളൊഴിഞ്ഞ വീട്ടിൽ നിന്നും ഇന്ന് രാവിലെയോടെയാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. ആക്രമണത്തിൽ പ്രതിക്കും സാരമായ പരിക്കേറ്റിരുന്നു. കസ്റ്റഡിയിൽ എടുത്ത പ്രതിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
|
ശനിയാഴ്ച രാത്രി 8.30ഓടെയാണ് റാന്നി കീക്കൊഴൂർ സ്വദേശി രജിതമോളെ(27) അതുൽ സത്യൻ വീട്ടിൽക്കയറി വെട്ടിക്കൊന്നത്. പ്രതിയുടെ ആക്രമണത്തിൽ രജിതയുടെ അച്ഛൻ വി.എ.രാജു(60) അമ്മ ഗീത(51) സഹോദരി(18) എന്നിവർക്കും വെട്ടേറ്റിരുന്നു. ഇവരെ റാന്നി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.നേരത്തെ ഒരുമിച്ച് താമസിച്ചിരുന്ന അതുലും രജിതയും ഏറെദിവസങ്ങളായി അകന്നുകഴിയുകയായിരുന്നു. ഇരുവരും നിയമപരമായി വിവാഹം കഴിച്ചിട്ടില്ലെങ്കിലും വർഷങ്ങളായി ഒരുമിച്ചായിരുന്നു താമസം. ഇവർക്ക് നാലും രണ്ടും വയസ്സുള്ള മക്കളുമുണ്ട്. ക്രിമിനൽ പശ്ചാത്തലമുള്ള അതുലിന്റെ ശാരീരികമാനസിക പീഡനം സഹിക്കവയ്യാതെയാണ് രജിത അടുത്തിടെ സ്വന്തം വീട്ടിലേക്ക് താമസം മാറിയത്. അതുലിന്റെ ഉപദ്രവം കാരണം യുവതിയുടെ മാതാപിതാക്കൾ തന്നെയാണ് ഇവരെ സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്നത്. എന്നാൽ തന്നോടൊപ്പം തിരികെവരണമെന്ന് ആവശ്യപ്പെട്ട് രജിതയെ അതുൽ ഇവിടെയെത്തിയും ഭീഷണിപ്പെടുത്തി.
കാപ്പാ കേസിൽ ഉൾപ്പെട്ട അതുൽ കൊലപാതകം, കഞ്ചാവ് കടത്ത് കേസുകളിലും പ്രതിയാണ്. ഒരാഴ്ച മുൻപ് അതുൽ രഞ്ജിതയെ പത്തനാപുരത്തുള്ള റബർ തോട്ടത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി കഴുത്തിൽ കത്തി വച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന്റെ വീഡിയോയും എടുത്തിരുന്നു. മകളെ കൊല്ലുമെന്ന് അമ്മ ഗീതയേയും ഇയാൾ ഭീഷണിപ്പെടുത്തിയതായി ബന്ധുക്കൾ ആരോപിച്ചു. ഇതിന് പിന്നാലെ ശനിയാഴ്ച അതുലിനെതിരെ രഞ്ജിത റാന്നി പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നു പൊലീസ് പറയുന്നു.





