ഇസ്താംബൂൾ: തെക്കൻ തുർക്കിയിൽ ഭൂകമ്പത്തിൽ തകർന്നുവീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 104 മണിക്കൂറിന് ശേഷം പുറത്തെടുത്ത സ്ത്രീ പിറ്റേദിവസം ആശുപത്രിയിൽ മരിച്ചു. വെള്ളിയാഴ്ച തെക്കൻ തുർക്കിയിലെ കിരിഖാൻ പട്ടണത്തിലെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്ത 40കാരിയായ സെയ്‌നബ് കഹ്‌റാമൻ ആണ് മരണപ്പെട്ടത്.
|
ജർമൻ രക്ഷാപ്രവർത്തകരാണ് യുവതിയെ പുറത്തെടുത്തത്. പതിറ്റാണ്ടുകൾക്ക് ശേഷം മേഖലയിലെ ഏറ്റവും വലിയ ഭൂകമ്പത്തെത്തുടർന്ന് പതിനായിരങ്ങൾക്ക് ജീവൻ നഷ്ടമാവുകയും ഓരോ ദിവസവും കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തുന്നതിനാലും അവർ സെയ്നബിന്റെ അതിജീവനത്തെ അത്ഭുതം എന്ന് വിശേഷിപ്പിച്ചു.
സെയ്‌നബ് അടുത്ത ദിവസം ആശുപത്രിയിൽ വച്ച് മരിച്ചുവെന്ന് അവരുടെ സഹോദരനിൽ നിന്നും സഹോദരിയിൽ നിന്നും ഞങ്ങൾ മനസിലാക്കി- ജർമൻ ഇന്റർനാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യൂ ടീമിന്റെ തലവൻ സ്റ്റീവൻ ബയേർ പറഞ്ഞു. അതേസമയം, ഇത്തരം സങ്കീർണമായ രക്ഷാപ്രവർത്തനത്തിന് ശേഷമുള്ള ആദ്യ 48 മണിക്കൂറിനുള്ളിൽ അപകടസാധ്യതകൾ കൂടുതലാണെന്ന് ഡോക്ടർമാർ പറഞ്ഞു.
എല്ലാത്തിനുമുപരി, അവർ ശരിക്കും 100 മണിക്കൂറിലധികം കെട്ടിടാവശിഷ്ടങ്ങൾക്കടിയിലായിരുന്നെന്നും ഡോക്ടർമാർ വ്യക്തമാക്കി. മരിക്കുംമുമ്പ് തങ്ങളോടും കുടുംബത്തോടും സംസാരിക്കാൻ അവർക്ക് കഴിഞ്ഞതായും ഡോക്ടർമാർ പറയുന്നു. അതേസമയം, തിങ്കളാഴ്ചത്തെ ഭൂകമ്പത്തിന് രണ്ട് ദിവസത്തിന് ശേഷമാണ് രക്ഷാപ്രവർത്തകർ എത്തിയതെന്ന് യുവതിയുടെ കുടുംബം റോയിട്ടേഴ്‌സിനോട് പറഞ്ഞു.
അവശിഷ്ടങ്ങൾക്കടിയിൽ ആയിരിക്കുമ്പോൾ തന്നെ ജർമൻ രക്ഷാപ്രവർത്തകർ യുവതിയുമായി സമ്പർക്കം പുലർത്തുകയും ഒരു ഹോസ് വഴി വെള്ളം നൽകുകയും ചെയ്തിരുന്നു. ഒരു ഗോവണിയിലൂടെ ഇറങ്ങി യുവതിയോട് സംസാരിക്കാൻ ഒരു ഘട്ടത്തിൽ അവരുടെ സഹോദരിക്ക് അവസരം നൽകുകയും ചെയ്തിരുന്നു. അതേസമയം, തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 24,000 കവിഞ്ഞു.



