ഡെറാഡൂണ്‍: ഡെറാഡൂണിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയക്ക് വിധേയയായ യുവതി അണുബാധയേറ്റ് മരിച്ചു. 26കാരിയുടെ വയറ്റില്‍ ബാന്‍ഡേജ് തുന്നിക്കെട്ടിയതിനെ തുടര്‍ന്ന് അണുബാധയേറ്റതായാണ് പരാതി. ആശുപത്രിയുടെ അനാസ്ഥക്കെതിരെ യുവതിയുടെ ഭര്‍ത്താവ് ആരോഗ്യവകുപ്പിന് പരാതി നല്‍കി.
|
ജ്യോതിപാല്‍ എന്ന യുവതിയാണ് കഴിഞ്ഞ ഞായറാഴ്ച മരിച്ചത്. ജനുവരിയിലാണ് യുവതിയുടെ പ്രസവ ശസ്ത്രക്രിയ നടന്നത്. എന്നാല്‍ ആശുപത്രി അധികൃതര്‍ യുവതിയുടെ ശരീരത്തില്‍ ബാന്‍ഡേജ് മറന്നുവെക്കുകയും അതുമൂലം അണുബാധയുണ്ടാകുകയും ചെയ്തുവെന്നും പരാതിയില്‍ ആരോപിക്കുന്നു.
അരഘറിലെ സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. വിട്ടുമാറാത്ത വേദനയെത്തുടര്‍ന്ന് മറ്റൊരു ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. തുടര്‍ന്ന് സ്‌കാനിങ്ങടക്കമുള്ള പരിശോധനയില്‍ വയറ്റില്‍ ബാന്‍ഡേജ് ഉണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇത് നീക്കം ചെയ്യാനായി വീണ്ടും ശസ്ത്രക്രിയ നടത്തി. എന്നാല്‍ ഞായറാഴ്ച യുവതി മരിക്കുകയായിരുന്നു.
സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് ജില്ലാ ചീഫ് മെഡിക്കല്‍ ഓഫീസര്‍ മനോജ് ശര്‍മ്മ പറഞ്ഞു. ഏത് ശസ്ത്രക്രിയക്ക് ശേഷവും ഉപകരണങ്ങളുടെയും ഗോസിന്റെയും കണക്ക് ഡോക്ടര്‍മാരും നഴ്സുമാരും ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്ന് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
സംഭവം വേദനാജനകമാണെന്നും അപൂര്‍വമായേ ഇത്തരം കാരണങ്ങള്‍ കൊണ്ട് മരണങ്ങള്‍ സംഭവിക്കൂയെന്നും അദ്ദേഹം പറഞ്ഞു.എന്നാല്‍ ജനുവരിയില്‍ നടന്ന ശസ്ത്രക്രിയക്ക് ശേഷം ഇത്രയും വൈകി അണുബാധ ഉണ്ടായത് എന്തുകൊണ്ടാണെന്നതും അന്വേഷിച്ചുവരികയാണ്.
യുവതിയുടെ പ്രസവ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍ക്കും ആശുപത്രിക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ആശുപത്രിജീവനക്കാര്‍ മറുപടി അയച്ചില്ലെന്നും അന്വേഷണത്തിന് പിന്നാലെ ആശുപത്രി അടച്ചുപൂട്ടിയതായും ജില്ലാ ചീഫ് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. യുവതിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലേ സംഭവത്തില്‍ വ്യക്തത വരൂ എന്നും മനോജ് ശര്‍മ്മ പറഞ്ഞു.





