08
Mar 2023
Thu
08 Mar 2023 Thu

ചങ്ങനാശേരി: ട്രസ്റ്റിന് കീഴിലുള്ള കോളജുകൾക്ക് വിചിത്ര നിർദേശവുമായി എൻ.എസ്.എസ് സ്ഥാപനങ്ങളുടെ കൂട്ടായ്മ. എടുത്ത അവധിക്ക് പകരം ജോലി ചെയ്യണമെന്നും പ്രമോഷന് പരിഗണിക്കുമ്പോൾ ഈ രേഖകൾ ഹാജരാക്കണമെന്നുമാണ് നിർദേശം. പ്രസവാവധി ഉൾപ്പടെയുള്ളവയ്ക്ക് നിർദേശം ബാധകമാണെന്നും എൻഎസ്എസ് കോളജുകളുടെ എജ്യൂക്കേഷനൽ സെക്രട്ടറി എം.ആർ ഉണ്ണി ഇറക്കിയ സർക്കുലറിൽ പറയുന്നു.

പ്രൊമോഷനുകൾക്ക് അപേക്ഷിക്കുന്ന അധ്യാപകരുടെ അവധി സംബന്ധിച്ച കാര്യങ്ങൾ പ്രിൻസിപ്പൽ പ്രത്യേക ഷീറ്റിൽ രേഖപ്പെടുത്തണം. എടുത്ത അവധിക്ക് പകരം എത്ര ക്ലാസുകളെടുത്തു എന്നതുൾപ്പടെയുള്ള കാര്യങ്ങൾ ഷീറ്റിലില്ലെങ്കിൽ സ്ഥാനക്കയറ്റം പരിഗണിക്കില്ല. പ്രസവാവധി, ഡ്യൂട്ടി ലീവ്, ക്യാഷ്വൽ ലീവ്, എന്നിങ്ങനെ ഭൂരിഭാഗം അവധികൾക്കും ക്ലാസ്സെടുക്കണമെന്നാണ് സർക്കുലർ. മെഡിക്കൽ അവധികൾ ഉൾപ്പടെയുള്ള, അവകാശപ്പെട്ട അവധികൾ ഒഴിവാക്കി അധ്യാപരെ വിലയിരുത്തി പ്രൊമോഷൻ നൽകണമെന്നാണ് ചട്ടത്തിൽ പറയുന്നത്.

സർക്കുലർ യു.ജി.സി ചട്ടങ്ങൾക്ക് വിരുദ്ധമെന്ന് കാട്ടി ജനറൽ സെക്രട്ടറിക്കും യുജിസിക്കും പരാതി നൽകാനൊരുങ്ങുകയാണ് അധ്യാപകർ.