Strait of Hormuz reopening ലോക സമ്പദ് വ്യവസ്ഥയെ മുള്‍മുനയില്‍ നിര്‍ത്തിയ ഹോര്‍മുസ് കടലിടുക്ക് വാണിജ്യ കപ്പലുകള്‍ക്കായി തുറന്നു നല്‍കിയതായി ഇറാനും അമേരിക്കയും പ്രഖ്യാപിച്ചു. ഇസ്രായേല്‍-ലെബനന്‍ വെടിനിര്‍ത്തലിന്റെ പശ്ചാത്തലത്തില്‍ തന്ത്രപ്രധാനമായ ഈ ജലപാത ‘പൂര്‍ണ്ണമായും തുറന്നതായി’ ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു.
|
കടലിടുക്ക് ഇനി ഒരിക്കലും അടയ്ക്കില്ലെന്ന് ഇറാന്‍ സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടു. എങ്കിലും, ഇറാന്‍ തുറമുഖങ്ങള്‍ക്കും കപ്പലുകള്‍ക്കും മേലുള്ള അമേരിക്കന്‍ നാവിക ഉപരോധം (Naval Blockade) തുടരുമെന്നും ട്രംപ് വ്യക്തമാക്കി.
ലോകരാജ്യങ്ങളുടെ പ്രതികരണം
അമേരിക്ക: ‘ഹോര്‍മുസ് കടലിടുക്ക് ബിസിനസ്സിനായി തയ്യാറാണ്. എന്നാല്‍ ഇറാനുമായുള്ള ഇടപാടുകള്‍ നൂറ് ശതമാനം പൂര്‍ത്തിയാകുന്നത് വരെ അവര്‍ക്കെതിരെയുള്ള നാവിക ഉപരോധം തുടരും,’ ട്രംപ് ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ കുറിച്ചു. ഇറാനുമായുള്ള യുദ്ധം അവസാനിക്കാറായെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഇറാന്‍: 10 ദിവസത്തെ ലെബനന്‍ വെടിനിര്‍ത്തല്‍ കാലയളവില്‍ കടലിടുക്ക് പൂര്‍ണ്ണമായും തുറന്നിടുമെന്ന് അരാഗ്ചി പറഞ്ഞു. എന്നാല്‍ സൈനിക കപ്പലുകള്‍ക്ക് അനുമതി നല്‍കുന്ന കാര്യത്തില്‍ ഇറാന്റെ സൈനിക നേതൃത്വത്തിന് ഇടയില്‍ ഭിന്നതയുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്.
യുകെയും ഫ്രാന്‍സും: കടലിടുക്കിലെ ഗതാഗത സ്വാതന്ത്ര്യം പുനഃസ്ഥാപിക്കുന്നതിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാമറും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും പാരീസില്‍ ഉച്ചകോടി നടത്തി. കടലിടുക്കില്‍ മൈനുകള്‍ നീക്കം ചെയ്യാനും സുരക്ഷ ഉറപ്പാക്കാനും അന്താരാഷ്ട്ര സഖ്യം രൂപീകരിക്കാന്‍ 40 രാജ്യങ്ങള്‍ പങ്കെടുത്ത യോഗത്തില്‍ തീരുമാനമായി.
ജര്‍മ്മനി: കടലിടുക്കിലെ സുരക്ഷാ ദൗത്യത്തില്‍ സഹകരിക്കാന്‍ തയ്യാറാണെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ് അറിയിച്ചു. ഇതിനായി ഐക്യരാഷ്ട്രസഭയുടെ പ്രമേയം വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഷിപ്പിംഗ് കമ്പനികള്‍ ജാഗ്രതയില്‍
കടലിടുക്ക് തുറന്ന വാര്‍ത്തയെ ലോക നേതാക്കളും ഐക്യരാഷ്ട്രസഭയും സ്വാഗതം ചെയ്‌തെങ്കിലും പ്രമുഖ ഷിപ്പിംഗ് കമ്പനികള്‍ കരുതലോടെയാണ് നീങ്ങുന്നത്. കടലിടുക്കില്‍ മൈനുകള്‍ ഉണ്ടോ എന്ന കാര്യത്തിലും സുരക്ഷാ ഭീഷണികളിലും വ്യക്തത വന്നതിന് ശേഷം മാത്രമേ കപ്പലുകള്‍ അയക്കൂ എന്ന് മെര്‍സ്‌ക് (Maersk), ഹപാഗ്-ലോയ്ഡ് (Hapag-Lloyd) തുടങ്ങിയ കമ്പനികള്‍ അറിയിച്ചു.
എണ്ണവിലയില്‍ വന്‍ ഇടിവ്
ഹോര്‍മുസ് കടലിടുക്ക് തുറന്നതോടെ ആഗോള വിപണിയില്‍ എണ്ണവിലയില്‍ വലിയ ഇടിവുണ്ടായി. ലോകത്തെ ക്രൂഡ് ഓയില്‍ വിതരണത്തിന്റെ 20 ശതമാനത്തോളം കടന്നുപോകുന്ന പാത തുറന്നത് വിതരണ ശൃംഖലയെ സാധാരണ നിലയിലാക്കുമെന്ന പ്രതീക്ഷയിലാണ് വിപണി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





