ന്യൂഡൽഹി: ബിജെപി നേതാവും ഗുസ്തി ഫെഡറേഷൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ സിങ്ങിനെ അറസ്റ്റ്‌ചെയ്യണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി (ഐഒസി). താരങ്ങളോടുള്ള ഇന്ത്യൻ സർക്കാരിന്റെ സമീപനം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും സംഭവത്തിൽ പക്ഷപാതരഹിതമായ അന്വേഷണം വേണമെന്നും ഐഒസി ആവശ്യപ്പെട്ടു. ഗുസ്തിതാരങ്ങളുമായി അന്താരാഷ്ട്ര ഒളിംമ്പിക് കമ്മറ്റി പ്രതിനിധികൾ ഉടൻ ചർച്ച നടത്തും. കൂടാതെ അന്താരാഷ്ട്ര ഗുസ്തി സംഘടനയായ യുണൈറ്റഡ് വേൾഡ് റസലിങ്ങും പിന്തുണയുമായെത്തി.
|
ഗുസ്തി താരങ്ങളെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയെ സംഘടന ശക്തമായി വിമർശിച്ചു. അന്വേഷണത്തിൽ സംതൃപ്തിയില്ലെന്നും വ്യക്തമാക്കി. ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിംഗിനെതിരായ ലൈംഗീകാരോപണത്തിൽ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ഒരു മാസത്തിൽ അധികമായി ?ഗുസ്തി താരങ്ങൾ സമരത്തിലാണ്. മെഡലുകൾ ഗംഗയിലെറിഞ്ഞുള്ള സമരപരിപാടിയിലേക്കടക്കം ഗുസ്തി താരങ്ങൾ പോകേണ്ടി വന്ന സാഹചര്യത്തിലാണ് അന്താരാഷ്ട്ര സംഘടനകളുടെ ഇടപെടൽ.
അതേസമയം ബ്രിജ് ഭൂഷൺ സിംഗിന്റെ അറസ്റ്റ് ആവശ്യപ്പെട്ടുള്ള ഗുസ്തി താരങ്ങളുടെ സമരത്തിന്റെ ഭാവി പരിപാടികൾ തീരുമാനിക്കാൻ ഇന്ന് ഖാപ് പഞ്ചായത്ത് ചേരും. ഉത്തർപ്രദേശിലെ മുസഫർ നഗറിൽ ഖാപ് പഞ്ചായത്ത് ചേരുമെന്നാണ് വിവരം. ഇന്നലെ മെഡലുകൾ ഗംഗയിൽ എറിയാൻ തയ്യാറായ ഗുസ്തി താരങ്ങളെ കർഷക നേതാക്കൾ എത്തിയാണ് അനുനയിപ്പിച്ചത്. പ്രശ്‌നപരിഹാരത്തിന് അഞ്ച് ദിവസമാണ് കർഷക സംഘടന നേതാക്കൾ ആവശ്യപ്പെട്ടത്.





