ന്യൂഡല്‍ഹി: യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയുടെ ശിക്ഷ യമന്‍ പ്രസിഡന്റ് അംഗീകരിച്ചിട്ടില്ലെന്ന് എംബസി. (Yemen embassy says President did not approve Nimisha Priya death sentence) വധശിക്ഷക്ക് അംഗീകാരം നല്‍കിയത് ഹൂത്തി സുപ്രീം കൗണ്‍സിലാണെന്നും ഡല്‍ഹിയിലെ യമന്‍ എംബസി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
യമന്‍ പ്രസിഡന്റ് വധശിക്ഷക്ക് അംഗീകാരം നല്‍കിയെന്ന രീതിയിലാണ് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നത്.
|
നിമിഷ പ്രിയയുടെ വധശിക്ഷ പ്രസിഡന്റ് റാഷദ് അല്‍ അലീമി അംഗീകരിച്ചിട്ടില്ലെന്നാണ് യമന്‍ എംബസി വ്യക്തമാക്കിയത്. കേസ് സംബന്ധമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഹൂത്തി നിയമ സംവിധാനമാണ്.
ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള വടക്കന്‍ യമനിലാണ് നിമിഷപ്രയയുമായി ബന്ധപ്പെട്ട കുറ്റകൃത്യം നടന്നത്. നിമിഷ പ്രിയ കഴിയുന്ന ജയിലും അവരുടെ നിയന്ത്രണ മേഖലയിലാണ്.
ALSO READ: നിമിഷപ്രിയക്ക് വേണ്ടി സാധ്യമായതെല്ലാം ചെയ്യും; വധശിക്ഷയില്‍ പ്രതികരിച്ച് വിദേശകാര്യ വകുപ്പ്
ഹൂത്തി സുപ്രീം പൊളിറ്റിക്കല്‍ കൗണ്‍സില്‍ നേതാവും വിമത പ്രസിഡന്റുമായ മെഹ്ദി അല്‍ മഷാദാണ് വധശിക്ഷ അംഗീകരിച്ചതെന്നും യമന്‍ എംബസി വ്യക്തമാക്കി.
യമന്‍ പ്രസിഡന്റ് റാഷദ് അല്‍ അലിമി വധശിക്ഷക്ക് അംഗീകാരം നല്‍കിയെന്നുും ഒരു മാസത്തിനുള്ളില്‍ നടപ്പാക്കുമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. പിന്നാലെ നിമിഷ പ്രിയക്കായി സഹായം അഭ്യര്‍ത്ഥിച്ച് അമ്മ പ്രേമകുമാരി വീണ്ടും രംഗത്തെത്തിയിരുന്നു.
പിന്തുണ ഉറപ്പ് നല്കിയ വിദേശകാര്യ മന്ത്രാലയം പക്ഷേ വധശിക്ഷ ശരിവച്ചെന്ന റിപ്പോര്‍ട്ട് എവിടെയും ഉദ്ധരിച്ചിരുന്നില്ല. ഇന്ത്യയിലെത്തിയ ഇറാന് വിദേശകാര്യ സഹമന്ത്രിയുടെ സംഘത്തിലെ ഉന്നത ഉദ്യോഗസ്ഥന് വിഷയത്തില്‍ ഇടപെടാമെന്ന് പ്രതികരിച്ചിരുന്നു.
ഹൂത്തി വിഭാഗത്തിന് ഇറാന്റെ പിന്തുണയുണ്ട്. 2017 ജൂലൈയില്‍ അറസ്റ്റിലായ നിമിഷ പ്രിയക്ക് 2020ലാണ് വധശിക്ഷ വിധിച്ചത്. നിമിഷപ്രിയ നല്കിയ അപ്പീലുകളെല്ലാം തള്ളിയിരുന്നു. ബ്ലഡ് മണിയുടെ രണ്ടാം ഘട്ടം നല്‍കുന്നത് തടസപ്പെട്ടതിന് പിന്നാലെയാണ് യമന്‍ പ്രസിഡന്റ് വധശിക്ഷ ശരിവച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. നിലവില്‍ കൊല്ലപ്പെട്ടയാളുടെ കുടുംബം ദയ കാണിച്ചാല്‍ മാത്രമേ നിമിഷപ്രിയയ്ക്ക് ജീവിത്തിലേക്ക് മടങ്ങി വരാനാവൂ.
പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനിയാണ് നിമിഷപ്രിയ. തൊടുപുഴ സ്വദേശി ടോമിയെ വിവാഹം കഴിച്ച ശേഷം 2012ലാണ് ഭര്‍ത്താവിനൊപ്പം യമനില്‍ നഴ്സായി ജോലിക്ക് പോയത്.
2017 ജൂലൈ 25ന് യമന്‍ സ്വദേശി തലാല്‍ അബ്ദുല്‍ മഹ്ദിയുടെ കൊലപാതകമാണ് യുവതിയുടെ ജീവിതം മാറ്റിമറിച്ചത്. യമന്‍ പൗരനെ കൊലപ്പെടുത്തി മൃതദേഹം വീടിനുള്ളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചെന്നായിരുന്നു കേസ്. സാഹചര്യ തെളിവുകളെല്ലാം പ്രതികൂലമായതിനെ തുടര്‍ന്ന് നിമിഷയ്ക്ക് യമന്‍ കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു.
യമനിലെത്തിയ ശേഷം തലാല്‍ അബ്ദുല്‍ മഹ്ദിയുമായി പരിചയത്തിലായ നിമിഷപ്രിയ അദ്ദേഹവുമായി ചേര്‍ന്ന് കച്ചവടപങ്കാളിത്തത്തോടെ ക്ലിനിക്ക് തുടങ്ങുകയുമായിരുന്നു. രാജ്യത്ത് യമന്‍ പൗരന്മാരുടെ ഉത്തരവാദിത്തത്തിലല്ലാതെ സ്ഥാപനങ്ങള്‍ തുടങ്ങാനാകില്ല. ഇതിനാലാണ് മഹ്ദിയുടെ സഹായം തേടിയത്.
ക്ലിനിക്കിനായി കൂടുതല്‍ പണം ആവശ്യം വന്നതോടെ നിമിഷയും ഭര്‍ത്താവും നാട്ടിലേക്കു മടങ്ങി. പിന്നീട് നിമിഷ മാത്രമായിരുന്നു യമനിലേക്കു തിരിച്ചുപോയത്.
മഹ്ദിയുമായി ചേര്‍ന്ന് ക്ലിനിക്ക് തുടങ്ങിയശേഷം ഭാര്യയാണെന്നു വിശ്വസിപ്പിച്ച് വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി. ഇതിനിടെ, ഇരുവരും ചേര്‍ന്ന് ആരംഭിച്ച ക്ലിനിക്കിലെ വരുമാനം മുഴുവന്‍ തലാല്‍ സ്വന്തമാക്കുകയും പാസ്പോര്‍ട്ട് തട്ടിയെടുക്കുകയും ചെയ്തതായി നിമിഷപ്രിയയുടെ കുടുംബം ആരോപിക്കുന്നു.
അധികൃതര്‍ക്ക് പരാതി നല്കിയ യുവതിയെ മഹ്ദി മര്‍ദിക്കുകയും ചെയ്തു. ജീവന് അപകടത്തിലാകുമെന്ന ഘട്ടത്തിലാണ് താന്‍ മഹ്ദിയെ അപായപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് നിമിഷപ്രിയ അവകാശപ്പെടുന്നത്.


