കൊച്ചി: സ്വകാര്യ പ്രസിലെ പേപ്പര്‍ പഞ്ചിങ് മെഷീനിനുള്ളില്‍ കുടുങ്ങി കൊച്ചിയില്‍ യുവാവിന് ദാരുണാന്ത്യം. വടുതല പൂതാംമ്പിള്ളി വീട്ടില്‍ പരേതനായ പി.ജെ അലക്‌സാണ്ടറിന്റെയും കൊച്ചുത്രേസ്യയുടെയും മകന്‍ അലന്‍ അലക്‌സാണ്ടര്‍ (27) ആണ് മരിച്ചത്.
|
വടുതല ജോണ്‍സണ്‍ ബൈന്‍ഡേഴ്‌സ് എന്ന സ്ഥാപനത്തില്‍ ശനിയാഴ്ച വൈകീട്ടാണ് അപകടം. ക്രിസ്മസ് നക്ഷത്രങ്ങളുടെ നിര്‍മാണത്തിനിടെ പഞ്ചിങ് മെഷീനില്‍ കുടുങ്ങിയ കടലാസ് എടുക്കാന്‍ ശ്രമിക്കവേ അലന്റെ കൈ മെഷിനില്‍ കുടുങ്ങി. ഇതോടെ അലന്‍ മെഷീനുള്ളിലേക്കു വലിച്ചെടുക്കപ്പെട്ടു. യന്ത്രഭാഗങ്ങള്‍ക്കുള്ളില്‍ ശരീരത്തിന്റെ മുകള്‍ഭാഗം പൂര്‍ണമായും ഞെരിഞ്ഞമര്‍ന്നു. ഹൃദയമടക്കമുള്ള ആന്തരികാവയവങ്ങള്‍ ചതഞ്ഞും വാരിയെല്ലുകള്‍ നുറുങ്ങിയുമായിരുന്നു മരണം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
40 തൊഴിലാളികളാണു ജോണ്‍സണ്‍ ബൈന്‍ഡേഴ്‌സിലുള്ളത്. ജീവനക്കാരുടെ സുരക്ഷയ്ക്കായുള്ള മുന്‍കരുതലുകളൊന്നും സ്ഥാപനം എടുത്തിരുന്നില്ലെന്നും അപകടശേഷം ഉടമ വീട് സന്ദര്‍ശിച്ചില്ലെന്നും അലന്റെ ബന്ധുക്കള്‍ ആരോപിച്ചു. കടുത്ത സാമ്പത്തിക പ്രയാസം നേരിടുന്ന കുടുംബമാണ് അലന്റേത്. വീടു ജപ്തിഭീഷണിയിലാണെന്ന് കുടുംബം പറഞ്ഞു.





