കോവളത്ത് ജ്യൂസില്‍ മദ്യം ചേര്‍ത്ത് മയക്കിയശേഷം ബലാത്സംഗംചെയ്തു, ദൃശ്യം പകര്‍ത്തി; യുവതിയുടെ കൂട്ടുകാരിയും കാമുകനും അറസ്റ്റില്‍
|
തിരുവനന്തപുരം: കോവളത്ത് ജ്യൂസില്‍ മദ്യം ചേര്‍ത്ത് യുവതിയെ മയക്കിയശേഷം ബലാംത്സംഗംചെയ്ത കേസില്‍ അവരുടെ കൂട്ടുകാരിയും കൂട്ടുകാരിയുടെ കാമുകനും അറസ്റ്റില്‍. കോവളത്തെ സ്വകാര്യ ആയുര്‍വേദ ആശുപത്രിയില്‍ തെറാപ്പിസ്റ്റായി ജോലിചെയ്യുന്ന മലപ്പുറം ഈശ്വരമംഗലം സ്വദേശി ശരത്(28), ഇയാളുടെ കാമുകിയും മണ്ണാര്‍ക്കാട് എടത്തനാട്ടുകാര സ്വദേശിനിയുമായ വെള്ളാംപാടത്തില്‍ സൂര്യ(33) എന്നിവരെ കോവളം പോലീസ് ആണ് അറസ്റ്റുചെയ്തത്.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന യുവതിയാണ് പരാതിക്കാരി. ഈ മാസം 17 നാണ് കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താമെന്ന് പറഞ്ഞായിരുന്നു യുവതിയെ സൂര്യ കോവളത്തേക്ക് കൊണ്ടുവന്നത്. തുടര്‍ന്ന് സൂര്യയുടെ കാമുകന്‍ ശരത് ഇവര്‍ക്ക് കോവളത്തെ ഹോട്ടലില്‍ മുറിയിയെടുത്തു നല്‍കി. പിന്നീട് ശരത് ജ്യൂസ് കൊണ്ടുവിരകയും അതില്‍ മദ്യം ചേര്‍ത്ത് നിര്‍ബന്ധിപ്പിച്ച് യുവതിയെ കുടിപ്പിക്കുകയുമായിരുന്നു. അര്‍ധബോധാവസ്ഥയിലായ യുവതിയെ ശരത് പീഡിപ്പിക്കുകയും ചെയ്തു. പീഡനദൃശ്യങ്ങള്‍ സൂര്യ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്‌തെന്നുമാണ് പരാതി.
എറണാകുളത്ത് തിരിച്ചെത്തിയ യുവതി ഇടതല പോലീസില്‍ പരാതി നല്‍കി. ഈ കേസ് ഇടതല പോലീസ് കോവളം പോലീസിന് കൈമാറുകയായിരുന്നു.





