28
Jul 2024
Sun
28 Jul 2024 Sun
bomb threat ajesh appu

കാസര്‍കോട്: സോഷ്യല്‍ മീഡിയ വഴി വിദ്വേഷ കമന്റുകളിട്ട കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കേളുഗുഡ്ഡെ അയ്യപ്പനഗര്‍ ഭജനമന്ദിരത്തിന് സമീപത്തെ അജേഷ് എന്ന അപ്പു അറസ്റ്റില്‍. (Hate message in social media: Riaz Maulvi murder case accused arrested ) ചൂരി മദ്രസയിലെ അധ്യാപകനായിരുന്ന റിയാസ് മൗലവിയെ വെട്ടിക്കൊന്ന കേസില്‍ കോടതി വെറുതെ വിട്ടയാളാണ് ഇപ്പോള്‍ അറസ്റ്റിലായ അജേഷ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പള്ളികള്‍ ബോംബിട്ട് തകര്‍ക്കുമെന്ന ഭീഷണിയാണ് അറസ്റ്റിന് വഴിവച്ചത്. ഒരു ഇന്‍സ്റ്റഗ്രാം ഗ്രൂപില്‍ വന്ന മീഡിയ വണ്‍ വാര്‍ത്ത ചാനലിന്റെ വാര്‍ത്തയുടെ അടിയില്‍ ‘കാസര്‍കോട് ജില്ലയിലെ ഒരു പള്ളി പോലും ഉണ്ടാവില്ല, ഒരു വെള്ളിയാഴ്ച ബോംബിട്ട് തകര്‍ക്കും, കമിങ്’, എന്ന് കമന്റ് ചെയ്തുവെന്നാണ് അജേഷിനെതിരെയുള്ള കേസ്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍, പോലീസ് ആദ്യം കേസെടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് ഐപിസി 153 എ വകുപ്പ് പ്രകാരം കേസെടുക്കാന്‍ പോലീസ് നിര്‍ബന്ധിതമായത്.

സംഭവം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതിനു പിന്നാലെ യുവാവിനെ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയും ഇയാളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു. എന്നാല്‍, വിദ്വേഷ കമന്റിട്ട ഇന്‍സ്റ്റഗ്രാം ഐഡി കണ്ടെത്താനായില്ലെന്ന് പറഞ്ഞ് ചോദ്യം ചെയ്ത ശേഷം യുവാവിനെ പിന്നീട് വിട്ടയച്ചിരുന്നു. തുടര്‍ന്ന് പ്രതിഷേധം ശക്തമായതോടെ നടത്തിയ വിശദമായ അന്വേഷണത്തിലാണ് അജേഷ് ഇപ്പോള്‍ അറസ്റ്റിലായത്.
സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് എസ്ഡിപിഐ കാസര്‍കോഡ് ജില്ലാ കമ്മിറ്റിയും മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയും പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു.

സമാനമായ മറ്റൊരു കേസില്‍ കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അബൂബകര്‍ സിദ്ദീഖ് എന്നയാളും അറസ്റ്റിലായിട്ടുണ്ട്. റിയാസ് മൗലവി കേസില്‍ മൂന്ന് പേരെ വെറുതെ വിട്ട വിധിയെ സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസിന്റെ യൂട്യൂബ് ചാനലില്‍ വന്ന വാര്‍ത്തയ്ക്ക് താഴെ ‘ചൂരിയില്‍ ഒരാഴ്ചക്കുള്ളില്‍ മൂന്ന് തല എടുത്തിരിക്കും’ എന്ന് കമന്റ് ചെയ്തുവെന്നാണ് അബൂബകര്‍ സിദ്ദീഖിനെതിരെയുള്ള കേസ്. ഇതിലും ഐപിസി 153 എ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരുന്നത്.