പത്തനംതിട്ട: വിദ്യാര്‍ത്ഥികളെ കയറ്റാതിരുന്ന സ്വകാര്യ ബസ് ജീവനക്കാരെ 100 വട്ടം ഇംപോസിഷന്‍ എഴുതിപ്പിച്ച് ട്രാഫിക്ക് പൊലീസ്. വിദ്യാര്‍ഥികളോട് അപമര്യാദയായി പെരുമാറിയ പത്തനംതിട്ട ചവറ റൂട്ടിലോടുന്ന സ്വാകാര്യ ബസിലെ കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കുമാണ് പോലീസ് എട്ടിന്റെ പണികൊടുത്തത്.
|
‘സ്കൂള്‍- കോളജ് കുട്ടികളെ ബസില്‍ കയാറ്റാതിരിക്കുകയോ, കുട്ടികളോട് അപമര്യാദയായി പെരുമാറുകയോ ചെയ്യില്ല’ എന്ന് ബസ് ഡ്രൈവറും കണ്ടക്ടറും പോലീസ് സാന്നിധ്യത്തില്‍ 100 വട്ടം എഴുതി. രണ്ടര മണിക്കൂറെടുത്താണ് ഇവര്‍ ഇംപോസിഷന്‍ എഴുതി തീര്‍ത്തത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലും പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം പാര്‍ത്ഥസാരഥി ജംഗ്ഷനിലെ ബസ് സ്റ്റോപ്പിലാണ് സംഭവം. നിര്‍ത്തിയിട്ട ബസില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ കയറാന്‍ തുടങ്ങിയപ്പോള്‍ അടുത്ത ബസില്‍ വരാന്‍ പറഞ്ഞ് കണ്ടക്ടറും ഡ്രൈവറും തടയുകയായിരുന്നു. പിന്നീട് വിദ്യാര്‍ത്ഥികള്‍ കയറാന്‍ ശ്രമിച്ചപ്പോള്‍ ഇരുവരും വിലക്കുകയും കയര്‍ത്ത് സംസാരിക്കുകയും ചെയ്തു.
ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ അടൂര്‍ ട്രാഫിക്ക് എസ്.ഐ ജി. സുരേഷ് കുമാറാണ് അന്വേഷിച്ച് ബസ് കണ്ടെത്തി ജീവനക്കാരെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി പെറ്റിക്കേസ് എടുക്കുന്നതിനു പകരം ഇംപോസിഷന്‍ എഴുതിപ്പിച്ചത്.
പെറ്റിക്കേസ് എടുത്താല്‍ ഇതു വീണ്ടും ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നും അതിനാലാണ് ഇംപോസിഷന്‍ എഴുതിപ്പിച്ചതെന്നും ഇനിയും ആവര്‍ത്തിച്ചാല്‍ കടുത്ത നടപടികളിലേക്കു നീങ്ങുമെന്നും എസ്ഐ അറിയിച്ചു.
100 times imposition for bad behaviour towards students to bus driver and conductor





