വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ജീവനെടുത്ത സമയം കാറോടിച്ചിരുന്ന അര്‍ജുന്‍ പെരിന്തല്‍മണ്ണയില്‍ ജ്വല്ലറി ഉടമകളെ ആക്രമിച്ച് മൂന്നരക്കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ അറസ്റ്റില്‍. ഇതോടെ ബാലഭാസ്‌കറിന്റെ മരണത്തിനു പിന്നില്‍ സ്വര്‍ണക്കടത്ത് ലോബിയുണ്ടെന്ന പഴയ ആരോപണം വീണ്ടും ഉയരുന്നു. ഞായറാഴ്ച പെരിന്തല്‍മണ്ണയില്‍ സ്വര്‍ണാഭരണങ്ങളുമായി വീട്ടിലേക്കുപോവുകയായിരുന്ന ജ്വല്ലറി ഉടമകളെ ആക്രമിച്ച് മൂന്നരക്കിലോ സ്വര്‍ണംകവര്‍ന്ന കേസില്‍ പിടിയിലായ ഒമ്പതുപ്രതികളില്‍ ഒരാളാണ് ബാലഭാസ്‌കറിന്റെ ഡ്രൈവറായിരുന്ന തൃശൂര്‍ പാട്ടുരായ്ക്കല്‍ പറക്കോട്ടില്‍ ലൈനില്‍ കുറിയേടത്തുമന അര്‍ജുന്‍(28).
|
തിരുവനന്തപുരം പള്ളിപ്പുറത്തുവച്ച് 2018 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെ ബാലഭാസ്‌കര്‍ അപകടത്തില്‍ മരിച്ചതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ അച്ഛന്‍ ഉണ്ണി സംഭവത്തില്‍ സ്വര്‍ണക്കടത്ത് ലോബിയുടെ പങ്കിനെക്കുറിച്ച് സംശയം പ്രകടിപ്പിച്ചത്. എന്നാല്‍ ക്രൈംബ്രാഞ്ചിനു പിന്നാലെ സിബിഐയും അപകടമരണത്തിലെ അട്ടിമറിയെക്കുറിച്ച് അന്വേഷിച്ചെങ്കിലും സ്വര്‍ണക്കടത്ത് ബന്ധം കണ്ടെത്തിയിരുന്നില്ല. അതേസമയം അന്ന് ആരോപണ വിധേയനായ അര്‍ജുന്‍ ഇപ്പോള്‍ സ്വര്‍ണക്കവര്‍ച്ചാ കേസില്‍ അറസ്റ്റിലായതാണ് ആരോപണം വീണ്ടും സജീവമായത്.
അപകടം നടക്കുമ്പോള്‍ കാറോടിച്ചത് ബാലഭാസ്‌കറാണെന്ന് വരുത്താനുള്ള ശ്രമവും അന്ന് അര്‍ജുന്‍ നടത്തിയിരുന്നു. അപകടത്തില്‍ പരിക്കേറ്റ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയും മരിക്കുമെന്ന് വിലയിരുത്തലിലായിരുന്നു അര്‍ജുന്‍ ഇത്തരമൊരു മൊഴി നല്‍കിയത്. എന്നാല്‍ ലക്ഷ്മി അര്‍ജുനെതിരേ പോലീസിന് മൊഴി നല്‍കുകയായിരുന്നു. ശാസ്ത്രീയ പരിശോധനകളിലൂടെ പോലീസും ഇക്കാര്യം സ്ഥിരീകരിച്ചു.
ബാലുവിന്റെ മാനേജര്‍ അടക്കം സ്വര്‍ണക്കടത്തില്‍ നേരത്തെ പിടിയിലായിട്ടുണ്ട്. ഇവരുടെ സ്വാധീനത്തിലാണ് അര്‍ജുന്‍ മൊഴി നല്‍കിയതെന്ന സംശയം അന്ന് ഉയര്‍ന്നിരുന്നു. അപകടത്തിന് ശേഷം ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളായ പ്രകാശ് തമ്പി, വിഷ്ണു സോമസുന്ദരം എന്നിവര്‍ സ്വര്‍ണക്കടത്തു കേസില്‍ പ്രതികളായിരുന്നു. ഇതോടെയാണ് ബാലഭാസ്‌കറിന്റേത് അപകട മരണമല്ല, ആസൂത്രിത കൊലപാതകമാണെന്ന് രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ അട്ടിമറിയില്ലെന്നും ഡ്രൈവര്‍ അര്‍ജുന്‍ അശ്രദ്ധയോടെയും അമിത വേഗത്തിലും വാഹനമോടിച്ചതാണ് അപകട കാരണമെന്നായിരുന്നു ക്രൈം ബ്രാഞ്ച് റിപോര്‍ട്ട്. ഈ റിപോര്‍ട്ടിനെതിരെ ബാലഭാസ്‌കറിന്റെ അച്ഛന്‍ മുഖ്യമന്ത്രിയെ സമീപിച്ചതോടെയാണ് കേസ് സിബിഐക്ക് വിട്ടത്. ക്രൈം ബ്രാഞ്ച് കണ്ടത്തലുകളെ ശരിവയ്ക്കുന്നതായിരുന്നു സിബിഐയുടെ അന്തിമ റിപോര്‍ട്ടും. എന്നാല്‍ പിതാവിന്റെ ഹരജിയില്‍ ഹൈക്കോടതി വീണ്ടും തുടരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
ബാലഭാസ്‌കറും മകളും മരിക്കുന്നതിനും ഭാര്യ ലക്ഷ്മിക്ക് ഗുരുതര പരിക്കേല്‍ക്കുന്നതിനും ഇടയാക്കിയ അപകടത്തില്‍ വാഹനം ഓടിച്ചിരുന്ന അര്‍ജുന്റെ ഗുരുതരമല്ലാത്ത പരിക്ക് അടക്കമുള്ള സംശയങ്ങള്‍ ബോധ്യപ്പെട്ടതാണ് പുനരന്വേഷണത്തിന് ഉത്തരവിടാന്‍ ഹൈക്കോടതിയെ പ്രേരിപ്പിച്ചത്. 94 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ചിരുന്ന അര്‍ജുന്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതിരുന്നിട്ടും താരതമ്യേന കുറഞ്ഞ പരിക്കുകളാണ് ഉണ്ടായതെന്നും കാറിന്റെ മുന്‍സീറ്റില്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്ന ലക്ഷ്മിക്ക് ഗുരുതരമായി പരിക്കേറ്റ വിഷയവും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





