കണ്ണൂര്‍: കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തെക്കുറിച്ചുള്ള ദുരൂഹത വര്‍ധിക്കുന്നു. ജയലിഴി മുറിച്ചത് മുതല്‍ എഴോ എട്ടോ മീറ്റര്‍ ഉയരമുള്ള മതില്‍ ചാടിക്കടന്നതു വരെയുള്ള കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ പരസഹായമില്ലാതെ മനുഷ്യസാധ്യമായ ഒന്നല്ല ഈ ജയില്‍ ചാട്ടമെന്നാണ് വിലയിരുത്തല്‍.
|
ഗോവിന്ദച്ചമായുടെ ജയില്‍ ചാട്ടവുമായി ബന്ധപ്പെട്ട ജയില്‍ ജീവനക്കാരുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. ജയിലില്‍ നിന്നും പുറത്ത് കടക്കാന്‍ ഗോവിന്ദച്ചാമിക്ക് ഏന്തെങ്കിലും സഹായം ലഭിച്ചോ എന്നതായിരിക്കും പ്രധാനമായും അന്വേഷിക്കുക. സഹതടവുകാരില്‍ നിന്നും സഹായം ലഭിച്ചിട്ടുണ്ടോ എന്നതും അന്വേഷണ സംഘം പരിശോധിക്കും.
സെല്‍ മുറിച്ച് പുറത്തെത്തിയ ശേഷം 3 മിനുട്ട് നേരം ജയിലിന്റെ വരാന്തയില്‍ നിന്നത് സിസിടിവിയില്‍ ദൃശ്യമായിട്ടും അറിഞ്ഞില്ലെന്ന ജയിലര്‍മാരുടെ വാദവും പൊലീസിന്റെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടും. ഇതിനിടെ ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ജയില്‍ മേധാവിയ്ക്ക് സമര്‍പ്പിക്കും.
ജയില്‍ ഡിഐജി വി. ജയകുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ടാണ് ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായക്ക് ഇന്ന് സമര്‍പ്പിക്കുക. റിപ്പോര്‍ട്ടിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകാന്‍ സാധ്യതയുണ്ട്.
അതേസമയം നേരത്തെ പൊലീസ് കോടതിയില്‍ നല്‍കിയ തടവ് ചാടല്‍ വകുപ്പ് മാത്രം ഉള്‍പ്പെടുത്തിയ എഫ്‌ഐആറില്‍ പൊതു മുതല്‍ നശിപ്പിച്ച വകുപ്പ് കൂടെ ചേര്‍ക്കാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
അന്വേഷണം ഒരു വശത്ത് പുരോഗമിക്കുമ്പോഴും മറുവശത്ത് സംശയങ്ങളും ദുരൂഹതകളും കുമിഞ്ഞ് കൂടുകയാണ്. പി വി അന്‍വര്‍ ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം പുനരാവിഷ്‌ക്കരിച്ച് ഉന്നയിച്ച ചോദ്യങ്ങളില്‍ പലതും പൊതുജനങ്ങളുടെ ആ സംശയങ്ങള്‍ വര്‍ധിപ്പിക്കുകയാണ്.

അഞ്ച് ഗോവിന്ദച്ചാമി വിചാരിച്ചാലും ഇങ്ങനെയൊരു ജയില്‍ ചാട്ടം പ്രായോഗികമല്ലെന്നാണ് പിവി അന്‍വര്‍ തെളിവുകള്‍ നിരത്ത് വാദിക്കുന്നത്.
1000 ഹേക്സോ ബ്ലേഡ് ഉണ്ടെങ്കില്‍ പോലും ഒന്നര ഇഞ്ച് കനമുള്ള ഇരുമ്പ് കമ്പി മുറിക്കാന്‍ പറ്റില്ലെന്ന് ഈ ജോലി ചെയ്യുന്നവര്‍ പറയുന്നു. ഇനി മുറിച്ചാല്‍ ഒരു വ്യക്തിക്ക് മാത്രം അത് വളക്കാന്‍ പറ്റില്ല. മൂന്ന് ഡ്രം അട്ടിക്ക് വെച്ചാലും കെട്ടിയ തുണിയിലേക്ക് പറന്നു പിടിക്കേണ്ടി വരും. അതും സാധ്യമല്ല. ഇതൊക്കെ സംഭവിച്ചെന്ന് വെച്ചാലും, ഇത്രയും റിസ്‌ക് എടുത്ത് ചാടുന്നത് രക്ഷപ്പെട്ട് നാടുവിടാനാണ്. എത്രയും പെട്ടെന്ന് പരിസരത്ത് നിന്ന് ഓടി രക്ഷപ്പെടാനാണ് ശ്രമിക്കുക. അതിന് ഗോവിന്ദച്ചാമി ശ്രമിച്ചിട്ടില്ല. അതിലേ പോയ ഒരു പാണ്ടിവണ്ടിക്കും കൈ കാണിച്ചിട്ടില്ല. സിസിടിവിയില്‍ സുഖമായി നടന്നു പോകുന്നതാണ് കാണുന്നതെന്നും പി വി അന്‍വര്‍ പറഞ്ഞു.

അരമണിക്കൂര്‍ നടന്നാല്‍ റെയില്‍വേ ട്രാക്കിലെത്തുമെന്നും ഇതെല്ലാം സുപരിചിതമായ ഗോവിന്ദച്ചാമി പത്തുമണി വരെ ജയിലിന്റെ പരിസരത്ത് ഒളിച്ചു നിന്നെന്ന് പറഞ്ഞാല്‍ എങ്ങനെ വിശ്വസിക്കുമെന്നും പി വി അന്‍വര്‍ ചോദിച്ചു. ക്രിമിനല്‍ കുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടം മുഖ്യമന്ത്രി പിണറായി വിജയന്റെ കുബുദ്ധിയാണെനെന്നും അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദനില്‍ നിന്ന് ചര്‍ച്ച മാറ്റാനാണ് ജയില്‍ച്ചാട്ടം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.
സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ഒരുപാട് കാര്യങ്ങള്‍ പുറത്തുവന്നെങ്കിലും ജയില്‍ ചാട്ടത്തിലെ ദുരൂഹത മാറിയിട്ടില്ല. പോലീസ് പറയുന്നത് പോലെയാണ് സംഭവിച്ചതെങ്കില്‍ ഒരു കൈ മാത്രം ഉപയോഗിച്ച് ഗോവിന്ദച്ചാമി നടത്തിയത് അമാനുഷിക ജയില്‍ ചാട്ടമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ജയില്‍ ചാടിയ ശേഷം മാത്രാണ് ഗോവിന്ദച്ചാമി നടത്തിയ പത്തുമാസത്തെ തയ്യാറെടുപ്പ് പുറത്ത് അറിഞ്ഞതെന്ന ജയില്‍ അധികൃതരുടെ വാദമാണ് ഏറ്റവും ദുരൂഹമാകുന്നത്. സെല്ലില്‍ നിന്നു മുറിച്ച കമ്പിക്കിടയിലൂടെ ഇഴഞ്ഞു പുറത്തു കടക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നെങ്കിലും ജയില്‍ ചാട്ടവുമായി ബന്ധപ്പെട്ട് ഉയരുന്ന സംശയങ്ങള്‍ക്ക് അത് മറുപടി ആകുന്നില്ല.
മാസങ്ങള്‍ എടുത്ത് സെല്ലിലെ കമ്പികള്‍ ഗോവിന്ദച്ചാമി അറുത്തത് ജയിലര്‍മാര്‍ ആരും അറിഞ്ഞില്ല എന്നത് തന്നെയാണ് ഏറ്റവും ദുരൂഹമാകുന്നത്. ജയില്‍ ചാടും മുമ്പ് വേണ്ട ആയുധങ്ങള്‍ സംഘടിപ്പിച്ചതും അത് സൂക്ഷിച്ചതും ആരുടെയും കണ്ണില്‍ പെട്ടില്ല. സെല്ലില്‍ നിന്നു പുറത്തു കടക്കുന്നത് മൂന്ന് മിനുട്ടോളം സിസിടിവിയില്‍ വ്യക്തമായി പതിഞ്ഞിട്ടും സിസിടിവി മോണിറ്റര്‍ ചെയ്യുന്ന ഉദ്യോഗസ്ഥന്‍ അറിഞ്ഞതേയില്ലെന്ന് പറയുന്നതിലും അവിശ്വസനീയതയുണ്ട്.
പുറത്തു കടന്ന ഗോവിന്ദച്ചാമി മണിക്കൂറുകള്‍ ജയില്‍ വളപ്പിനകത്ത് തന്നെ ചിലവഴിച്ചിട്ടും ആരും കണ്ടില്ല എന്നതും സംശയാസ്പദമാണ്. ഒറ്റക്കൈ മാത്രമുള്ള ഗോവിന്ദച്ചാമി ബാരലുകള്‍ മൂന്നെണ്ണം മതില്‍നരികില്‍ എത്തിച്ചെന്നതും മുകളില്‍ കയറി മതിലില്‍ തുണി കുടുക്കി കെട്ടുകള്‍ ഉണ്ടാക്കി ചാടാന്‍ പാകത്തില്‍ തയ്യാറാക്കി എന്നതിലും അവിശ്വസനീയതയുണ്ട്.
അങ്ങനെയാണ് സംഭവിച്ചതെന്ന് ജയില്‍ അധികൃതരുടെ വാദം ശരിവച്ചാല്‍ ഗോവിന്ദച്ചാമി അമാനുഷികനാണെന്ന് സമ്മതിക്കേണ്ടി വരും. നിലവില്‍ പുറത്ത് വന്നിരിക്കുന്ന തെളിവുകള്‍, മൊഴികള്‍, ദൃശ്യങ്ങള്‍, ചിത്രങ്ങള്‍ എന്നിവ അധികൃതരുടെ ചില വാദങ്ങളെ ശരിവെയ്ക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ പലതും ദുരൂഹത ഇരട്ടിപ്പിക്കുന്നതാണ്.
ജയില്‍മാറ്റം ആഗ്രഹിച്ചിരുന്നെന്നും പരോള്‍ കിട്ടാത്തതില്‍ വിഷമം ഉണ്ടായിരുന്നെന്നും ഗോവിന്ദച്ചാമി പൊലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നു. 2017 മുതല്‍ ജയില്‍ ചാടാന്‍ തീരുമാനിച്ചിരുന്നു. പലതവണ സെല്ലുകള്‍ മാറ്റിയതുകൊണ്ട് ഒരുക്കിയ പദ്ധതി നീണ്ടു. 10 മാസം മുന്‍പ് സെല്ലിലെ അഴി മുറിച്ചുതുടങ്ങി. ഏഴ് കമ്പികളാണ് മുറിച്ചുമാറ്റിയത്. ഓരോന്നും മുറിച്ചുമാറ്റുമ്പോള്‍ നൂല്‍ കൊണ്ട് കെട്ടിവെക്കും. രാത്രി കാലങ്ങളില്‍ കമ്പി മുറിക്കും. പകല്‍ കിടന്നുറങ്ങുമെന്നും മൊഴി നല്‍കിയിട്ടുണ്ട്.
സുരക്ഷാ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കുന്നുണ്ടോ എന്നറിയാന്‍ പാത്രം കൊണ്ട് കൊട്ടി നോക്കും. ഇല്ലെന്ന് മനസിലായാല്‍ കമ്പി മുറിക്കാന്‍ തുടങ്ങും. ജയില്‍ വളപ്പില്‍ നിന്ന് ലഭിച്ച ആക്രിയാണ് കമ്പി മുറിക്കാന്‍ ഉപയോഗിച്ചത്. കൂടുതല്‍ ശബ്ദം പുറത്തുവരാതിരിക്കാന്‍ തുണി ചേര്‍ത്തുപിടിച്ചായിരുന്നു മുറിച്ചത്. അതിനിടെ തടി കുറയ്ക്കാനായി ഭക്ഷണക്രമീകരണവും നടത്തിയെന്ന് ഗോവിന്ദച്ചാമി മൊഴി നല്‍കിയിരുന്നു.
ജയില്‍ ചാടിയ ശേഷം തമിഴ്‌നാട്ടില്‍ എത്തി മാധ്യമങ്ങളെ ഉപയോഗിച്ച് നിരപരാധിയെന്ന് വരുത്തുകയായിരുന്നു ലക്ഷ്യമെന്നും ഗോവിന്ദച്ചാമി വെളിപ്പെടുത്തിയിരുന്നു. തമിഴ്‌നാട്ടുകാരനായ തന്നെ ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ ഇട്ടിരിക്കുന്നുവെന്ന് പ്രചരിപ്പിക്കുകയായിരുന്നു ഉദ്ദേശ്യ.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂര്‍ ജയിലിലേയ്ക്ക് മാറ്റിയ ഗോവിന്ദച്ചാമിയെ ജി എഫ് വണ്‍ സെല്ലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. സുസജ്ജമായ സിസിടിവി നീരീക്ഷണത്തിലാണ് ഈ സെല്‍. ഗോവിന്ദച്ചാമിയെ നിരീക്ഷിക്കാന്‍ കൂടുതല്‍ ജീവനക്കാരെയും ജയില്‍വകുപ്പ് നിയോഗിച്ചിട്ടുണ്ട്. ഗോവിന്ദച്ചാമിയുടെ കൂടെ ഒരു തടവുകാരനെ പാര്‍പ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ജൂലൈ 25ന് പുലര്‍ച്ചെ അഞ്ചേകാലോടെയാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത്. തുടര്‍ന്ന് നടത്തിയ വ്യാപകമായ തിരച്ചിലിനൊടുവില്‍ രാവിലെ പത്തരയോടെയാണ് പൊലീസ് ഗോവിന്ദച്ചാമിയെ കണ്ടെത്തിയത്. തളാപ്പിലെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിനുള്ളില്‍ നിന്നായിരുന്നു ഇയാളെ കണ്ടെത്തിയത്. കിണറ്റില്‍ ഒളിഞ്ഞിരിക്കുകയായിരുന്നു ഗോവിന്ദച്ചാമി. ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടവുമായി ബന്ധപ്പെട്ട് ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. ഹെഡ് വാര്‍ഡനെയും മൂന്ന് വാര്‍ഡന്‍മാരെയും അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായി എന്ന് ജയില്‍ മേധാവി വ്യക്തമാക്കിയിട്ടുണ്ട്.
English News Summary
The mystery surrounding the jailbreak of notorious criminal Govindachamy is growing. When examining the details, from cutting the jailbreak to jumping over a seven- or eight-meter-high wall, it is assessed that this jailbreak was not something humanly possible without assistance.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





