16
Sep 2025
Sat
16 Sep 2025 Sat
israel settlement

വെസ്റ്റ് ബാങ്കിലെ ഇസ്രായേലിന്റെ അനധികൃത കുടിയേറ്റവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 158 കമ്പനികളുടെ പട്ടിക പുറത്തുവിട്ട് യുഎന്‍. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഓഫീസ് (UN Human Rights Office) വെള്ളിയാഴ്ച പുറത്തുവിട്ട പട്ടികയില്‍ 11 രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികള്‍ ഉള്‍പ്പെടുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2020-ല്‍ ആണ് ഇത്തരത്തിലൊരു പട്ടിക ആദ്യമായി പുറത്തിറക്കിയത്. 2023-ല്‍ പുതുക്കിയിരുന്നു. പുതിയ പട്ടികയില്‍ നിരവധി കമ്പനികളെ കൂട്ടിചേര്‍ക്കുകയും ചില കമ്പനികളെ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.

കൗണ്‍സില്‍ പ്രമേയത്തില്‍ പറഞ്ഞിട്ടുള്ള നിശ്ചിത പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിട്ടുള്ള കമ്പനികളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിയമവിരുദ്ധമായ സെറ്റില്‍മെന്റുകളുടെ നിര്‍മ്മാണത്തിനും പരിപാലനത്തിനും സൗകര്യമൊരുക്കുന്ന ഉപകരണങ്ങളും സാമഗ്രികളും വിതരണം ചെയ്യുക, ഫലസ്തീനികളുടെ വീടുകളും സ്വത്തുക്കളും നശിപ്പിക്കുക, നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍, ബിസിനസ്സ് ആവശ്യങ്ങള്‍ക്കായി പ്രകൃതി വിഭവങ്ങള്‍ ഉപയോഗിക്കുക, ഫലസ്തീന്‍ ഗ്രാമങ്ങളില്‍ മാലിന്യം തള്ളുകയും മലിനപ്പെടുത്തുകയും ചെയ്യുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് കണക്കാക്കുന്നത്.

പട്ടികയില്‍ ഉള്‍പ്പെട്ട കമ്പനികളില്‍ യുഎസ് സ്ഥാപനങ്ങളായ എയര്‍ബിഎന്‍ബി (Airbnb), ട്രിപ്പ്അഡ്‌വൈസര്‍ (TripAdvisor), നെതര്‍ലാന്‍ഡ്സ് ആസ്ഥാനമായുള്ള ബുക്കിംഗ്.കോം (Booking.com), എക്‌സ്പീഡിയ, മോട്ടോറോള സൊലൂഷന്‍സ് തുടങ്ങിയ പ്രമുഖ കമ്പനികളുണ്ട്.

ALSO READ: മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങിയ രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; മരിച്ചെന്ന് കരുതി ഉപേക്ഷിച്ചു; ഹസന്‍ കുട്ടി കുറ്റക്കാരന്‍

2023-ല്‍ പ്രസിദ്ധീകരിച്ച പട്ടികയിലേക്ക് ആകെ 68 പുതിയ കമ്പനികളെ ചേര്‍ത്തപ്പോള്‍, 2023-ല്‍ ലിസ്റ്റ് ചെയ്തിരുന്ന ഏഴ് കമ്പനികള്‍ ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒഴിവായതിനാല്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തു. ഇതോടെ നിലവിലെ അപ്‌ഡേറ്റില്‍ ആകെ കമ്പനികളുടെ എണ്ണം 158 ആയി മാറിയെന്ന് പ്രസ്താവനയില്‍ പറയുന്നു.

2025-ലെ അപ്ഡേറ്റില്‍ ഉള്‍പ്പെടുന്ന കമ്പനികള്‍ പ്രധാനമായും നിര്‍മ്മാണം, റിയല്‍ എസ്റ്റേറ്റ്, ഖനനം, പാറ പൊട്ടിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട ബിസിനസ്സ് പ്രവര്‍ത്തനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്തു.

‘സംഘര്‍ഷ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബിസിനസ്സുകള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് കാരണമാകുന്നില്ലെന്ന് ഉറപ്പാക്കാന്‍ ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണെന്ന് ഈ റിപ്പോര്‍ട്ട് അടിവരയിടുന്നു,’ യുഎന്‍ മനുഷ്യാവകാശ മേധാവി വോള്‍ക്കര്‍ ടര്‍ക്ക് പറഞ്ഞു. ‘ഈ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഞങ്ങള്‍ ഉപയോഗിച്ച രീതിശാസ്ത്രം, ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലെ ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ മനുഷ്യാവകാശങ്ങളില്‍ ഉണ്ടാക്കുന്ന ദോഷകരമായ സ്വാധീനം വിലയിരുത്തുന്നതിനും ഒരു പ്രധാന ഉപകരണമാണ്.’

തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ ‘ദോഷകരമായ മനുഷ്യാവകാശ പ്രത്യാഘാതങ്ങള്‍ പരിഹരിക്കുന്നതിന് ഉചിതമായ നടപടി സ്വീകരിക്കാന്‍’ റിപ്പോര്‍ട്ട് കമ്പനികളോട് ആഹ്വാനം ചെയ്യുന്നു.

രാഷ്ട്രങ്ങളുടെ ഉത്തരവാദിത്തം

ഏറ്റവും പുതിയ അപ്‌ഡേറ്റില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളില്‍ ഭൂരിഭാഗവും ഇസ്രായേല്‍ ആസ്ഥാനമാക്കിയുള്ളവയാണ്, മറ്റുള്ളവ കാനഡ, ചൈന, ഫ്രാന്‍സ്, ജര്‍മ്മനി, ലക്‌സംബര്‍ഗ്, നെതര്‍ലാന്‍ഡ്സ്, പോര്‍ച്ചുഗല്‍, സ്‌പെയിന്‍, യുണൈറ്റഡ് കിംഗ്ഡം, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ളവയാണ്.

‘തങ്ങളുടെ പ്രദേശത്തോ അധികാരപരിധിയിലോ ബിസിനസുമായി ബന്ധപ്പെട്ട മനുഷ്യാവകാശ ലംഘനങ്ങള്‍ സംഭവിക്കുമ്പോള്‍, അന്താരാഷ്ട്ര നിയമത്തിന് അനുസൃതമായി രാഷ്ട്രങ്ങള്‍ ഉചിതമായ നടപടികള്‍ കൈക്കൊള്ളണം,’ റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

പരിശോധിച്ച എല്ലാ ബിസിനസ്സുകള്‍ക്കും അവരുടെ സാധ്യതയുള്ള പങ്കാളിത്തത്തെക്കുറിച്ച് വിശദീകരണം നല്‍കാന്‍ അവസരമൊരുക്കിയിരുന്നു. ലഭിച്ച പ്രതികരണങ്ങളും വിവരങ്ങളും വിലയിരുത്തുന്നതിനായി വ്യക്തമായ അന്താരാഷ്ട്ര മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം വിലിയിരുത്തി. ഇതിനെ അടിസ്ഥാനമാക്കി, അവലോകനം ചെയ്ത 215 കമ്പനികളില്‍ 158 എണ്ണം ലിസ്റ്റ് ചെയ്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് നിഗമനത്തിലെത്തുകയായിരുന്നു.

സെറ്റില്‍മെന്റ് വിപുലീകരണം

കഴിഞ്ഞ ജൂലൈയില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ (International Court of Justice – ICJ) വിധി ഉണ്ടായിട്ടും, അധിനിവേശ ഫലസ്തീന്‍ പ്രദേശത്ത് ഇസ്രായേല്‍ കുടിയേറ്റം വര്‍ധിച്ച് വരികയാണ്.
ഫലസ്തീന്‍ കോളനിവല്‍ക്കരണ, മതില്‍ പ്രതിരോധ കമ്മീഷന്റെ കണക്കനുസരിച്ച്, 1967 മുതല്‍ അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ കുറഞ്ഞത് 710 സെറ്റില്‍മെന്റുകളും സൈനിക ഔട്ട്‌പോസ്റ്റുകളും നിര്‍മ്മിച്ചിട്ടുണ്ട്, ഇത് ഓരോ 8 ചതുരശ്ര കിലോമീറ്ററിലും (3 ചതുരശ്ര മൈല്‍) ഒരു സെറ്റില്‍മെന്റ് എന്ന കണക്കിലാണ്.