Israeli Soldiers Jailed ഗസയില്‍ ചെറുത്ത് നില്‍പ്പ് ശക്തമായതോടെ ഇസ്രായേലി സൈനികര്‍ ഭയംമൂലം പല ദൗത്യങ്ങളും നിര്‍വഹിക്കാന്‍ മടിക്കുന്നു. ഗസയിലെ അപകടം നിറഞ്ഞ ദൗത്യം നിര്‍വഹിക്കാനാവില്ലെന്ന് പ്രഖ്യാപിച്ച നാല് സൈനികര്‍ക്ക് സൈനിക കോടതി 10 ദിവസത്തെ തടവ് വിധിച്ചു. നഹല്‍ ബ്രിഗേഡിലെ സൈനികര്‍ക്കെതിരേയാണ് നടപടിയെന്ന് ഇസ്രായേല്‍ ചാനല്‍-10 റിപോര്‍ട്ട് ചെയ്തു.
|
ഉപേക്ഷിക്കപ്പെട്ടതോ തകര്‍ന്നതോ ആയ സൈനിക, എഞ്ചിനീയറിംഗ് ഉപകരണങ്ങള്‍ നീക്കം ചെയ്യാന്‍ ചുമതലപ്പെടുത്തിയ സാധാരണ തൊഴിലാളികള്‍ക്ക് അകമ്പടി പോവുക എന്നതായിരുന്നു സൈനികരുടെ ചുമതല. കവചിതമല്ലാത്ത വാഹനത്തില്‍ പകല്‍ സമയത്ത് ഇത് ചെയ്യാനാണ് നിര്‍ദേശിച്ചിരുന്നു. മുന്‍ ഓപ്പറേഷനുകളില്‍ ചെയ്തിരുന്നതുപോലെ രാത്രിയില്‍ ഈ ദൗദ്യം നടത്താന്‍ സൈനികര്‍ അഭ്യര്‍ത്ഥിച്ചെങ്കിലും അധികൃതര്‍ ഈ ആവശ്യം നിരസിച്ചു.
കെട്ടിടങ്ങളാല്‍ ചുറ്റപ്പെട്ട അപകടകരമായ ഒരു റോഡിലൂടെ കടന്നുപോകാനാണ് ഞങ്ങളോട് ആവശ്യപ്പെട്ടത്. ഇത്തരം ദൗത്യങ്ങള്‍ സാധാരണയായി ടാങ്കിലോ കവചിത വാഹനത്തിലോ രാത്രിയിലോ ആണ് നടത്തുന്നത്. പകല്‍ സമയത്ത്, പതിയിരുന്നാക്രമണത്തിനും റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡ് ആക്രമണത്തിനോ എളുപ്പത്തില്‍ ഇരയാകാനുള്ള സാധ്യതയുണ്ടെന്ന് സൈനികര്‍ ചൂണ്ടിക്കാട്ടി.
അടിയന്തര സാഹചര്യത്തിലുള്ള പോരാട്ട ദൗത്യമോ രക്ഷാദൗത്യമോ ആണെങ്കില്‍ സ്വീകരിക്കുമായിരുന്നുവെന്നും, എന്നാല്‍ ഏല്‍പിച്ച ഈ ദൗത്യം തങ്ങളുടെ ജീവനോടുള്ള അവഗണന കാണിക്കുന്നതായി തോന്നിയെന്നും അദ്ദേഹം പറഞ്ഞു.
ശിക്ഷയില്‍ തങ്ങളുടെ ആശങ്ക പ്രകടിപ്പിച്ച് സൈനികരുടെ കുടുംബാംഗങ്ങള്‍ രംഗത്തെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
”ഞങ്ങളുടെ മക്കള്‍ ഗാസയില്‍ പോരാടുകയും സ്‌നൈപ്പര്‍ വെടിവയ്പ്പില്‍ സഹപ്രവര്‍ത്തകരെ നഷ്ടപ്പെടുകയും ചെയ്തവരാണ്. ഉത്തരവ് നിരസിച്ചവര്‍ എന്ന് മുദ്രകുത്തി ജയിലിലേക്ക് അയച്ചത് അവരെ മാനസികമായി തകര്‍ത്തു’- ശിക്ഷിക്കപ്പെട്ട സൈനികരില്‍ ഒരാളുടെ മാതാവ് പ്രതികരിച്ചു.
എന്നാല്‍, ഉത്തരവുകള്‍ പാലിക്കാന്‍ വിസമ്മതിക്കുന്നത് യൂണിറ്റിന്റെ ഐക്യത്തെയും അച്ചടക്കത്തെയും ബാധിക്കുമെന്ന് സൈനിക വക്താവ് ന്യായീകരിച്ചു.





