ഷാര്‍ജ: ഡിജിറ്റല്‍ ലോകത്തെ സാങ്കേതിക വിദ്യാ വളര്‍ച്ചയെ അടയാളപ്പെടുത്തുന്ന എ ഐ പോലെയുള്ള സംവിധാനങ്ങളെ ഭയത്തോടെയും ആശങ്കയോടെയും കാണുന്നതിന് പകരം അവയെ വരുതിയിലാക്കി ഗുണപരമായി ഉപയോഗിക്കാന്‍ ശ്രമിക്കണമെന്ന് എഴുത്തുകാരിയും ഡിജിറ്റല്‍ വിദഗ്ധയുമായ പായല്‍ അറോറ. എ ഐ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നിഷേധാത്മകമായ ചിന്തകളാണ് പലരുടെയും മനസ്സില്‍ ഉണ്ടാകുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഷാര്‍ജ അന്തര്‍ദേശിയ പുസ്തകോത്സവത്തില്‍ ‘പായല്‍ അറോറ: ഡിജിറ്റല്‍ ലൈവ്‌സ് ആന്‍ഡ് ഇന്‍ക്ലൂസിവ് ഫ്യൂച്ചേഴ്സ്’ എന്ന പേറി നടത്തിയ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു പായല്‍ അറോറ.
|
തൊഴില്‍ നഷ്ടമാവുന്നതും മനുഷ്യന് പകരം നില്‍ക്കാന്‍ ശേഷിയുള്ള ഒരു സംവിധാനമായി ഇത് വളരുമോയെന്ന ആശങ്കയുമാണ് എ ഐ യെ ഭയത്തോടെ കാണാന്‍ മനുഷ്യരെ പ്രേരിപ്പിക്കുന്നത്. ഇത് സമൂഹത്തെ അഗാധമായ അസ്തിത്വ പ്രതിസന്ധിയില്‍ കൊണ്ടെത്തിച്ചിരിക്കുകയാണ്.ഇത് മൂലം വിഷാദ രോഗവും മാനസികാരോഗ്യ തകര്‍ച്ചയും നേരിടുന്നവരുടെ എണ്ണവും കുറവല്ല.ഇത്തരം ആപത്കരമായ അവസ്ഥയില്‍ നിന്ന് നാം മോചിതരാകണമെന്നും എ ഐ യെ ക്രിയാത്മകമായി ഉപയോഗിക്കാന്‍ നാം പഠിക്കണമെന്നുമുള്ള സന്ദേശമാണ് തന്റെ പുസ്തകങ്ങളിലൂടെ പങ്കുവയ്ക്കാന്‍ ശ്രമിക്കുന്നതെന്ന് പായല്‍ പറയുന്നു.
ഹോളണ്ടില്‍ പത്തില്‍ ഒന്‍പത് കുട്ടികളും ഡിജിറ്റല്‍ മേഖലയുടെ സ്വാധീനത്തില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ അവസരം കിട്ടിയാല്‍ അത് ഉപയോഗിക്കുമെന്ന് പറയുന്നവരാണ്. സാങ്കേതിക വിദ്യയുടെ അതിപ്രസരമുള്ള ഇടങ്ങളില്‍ നിന്ന് അകന്നുനില്‍ക്കാന്‍ താല്‍പര്യപ്പെടുന്ന ഒരു പുതു തലമുറ വളര്‍ന്നുവരുന്നു എന്നതിന്റെ സൂചനയാണിത്.
അമേരിക്കയില്‍ വിഷാദ രോഗം ബാധിക്കുന്നവരുടെ എണ്ണം സമീപകാലത്ത് വര്‍ദ്ധിച്ചിട്ടുണ്ടെന്നും പായല്‍ പറയുന്നു.
ഈ സാഹചര്യത്തില്‍ എ ഐ യോടുള്ള സമീപനത്തില്‍ കാതലായ മാറ്റം ഉണ്ടാകണമെന്നും സന്തുലിതമായി അവയെ ഉപയോഗിക്കണമെന്നും പായല്‍ അറോറ ആവശ്യപ്പെട്ടു. സംവാദത്തിന് ശേഷം വായനക്കാര്‍ക്ക് പായല്‍ പുസ്തകം ഒപ്പുവച്ച് നല്‍കി. ഡിജിറ്റല്‍ വിദഗ്ദ്ധന്‍ ഡോ. ശ്രീജിത്ത് ചക്രബര്‍ത്തി മോഡറേറ്ററായിരുന്നു
ALSO READ: വിവാഹത്തിനു മുന്നോടിയായി ഭാരം കുറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവ് മരിച്ചു





